Quantcast

"പിളർപ്പു ഞങ്ങളെ പിരിക്കുവോളവും"

ഗൗരിയമ്മ - ടി.വി തോമസ് ബന്ധവും പ്രണയവും ദാമ്പത്യവും വഴിപിരിയലും, അന്തരിച്ച മാധ്യമപ്രവർത്തകൻ കെ.സി ജോണിന്റെ വാക്കുകളിലൂടെ

MediaOne Logo

Web Desk

  • Updated:

    2021-05-11 08:54:06.0

Published:

11 May 2021 8:44 AM GMT

പിളർപ്പു ഞങ്ങളെ പിരിക്കുവോളവും
X

"കേരള ക്രുഷ്ചേവായ" എം.എന്‍. ഗോവിന്ദന്‍നായര്‍ രാജാവിനെ വാഴിക്കുന്നവന്‍' മാത്രമല്ല ദമ്പതികളെ വാഴിക്കുന്നവന്‍' കൂടിയാണ്‌ താനെന്ന് തെളിയിച്ചു. പാര്‍ട്ടി സ്രെകട്ടറിയായിരുന്ന കാലത്ത്‌ തന്റെ പാര്‍ട്ടിയിലെ മൂന്നു മന്ത്രിമാരുടെ വിവാഹം അദ്ദേഹമാണ്‌ നടത്തിക്കൊടുത്തത്‌.

കമ്യൂണിസ്റ്റ്‌ മ്രന്തിസഭ അധികാരമേറ്റ ഉടന്‍തന്നെ റവന്യൂ മന്ത്രി കെ.ആര്‍ ഗൗരിയും ഗതാഗത, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായ ടി.വി. തോമസും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം അതിന്റെ വൈവാഹിക പരിസമാപ്തിയിലെത്തിക്കണമെന്ന് ഒരു സ്റ്റേറ്റുകമ്മിറ്റി യോഗത്തില്‍ ഗോവിന്ദന്‍നായര്‍ നിര്‍ദ്ദേശിച്ചു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം അദ്ദേഹം കമ്മിറ്റിയില്‍ നിന്ന്‌ കരസ്ഥമാക്കുകയും ചെയ്തു.

ഒരു വെള്ളിയാഴ്ച(ഏപ്രില്‍ അഞ്ചി)യാണ്‌ കമ്യൂണിസ്റ്റു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്‌. ഒരു വ്യാഴാഴ്ച, മെയ്‌ 30, രാവിലെ തോമസ്‌ തന്റെ പതിവുവേഷമായ തനി വെള്ള ജൂബയും ഗൗരി അതിനു ചേര്‍ന്ന വെള്ളസാരിയും ബ്ലൌസുമണിഞ്ഞ്‌ ഒരു മന്ത്രിമന്ദിരമായ 'ബാര്‍ട്ടന്‍ ഹില്ലി'ല്‍ ക്ഷണിക്കപ്പെട്ട ഒരു സദസ്സിന്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും മോതിരങ്ങളും പൂമാലകളും കൈമാറി.

തോമസ്‌ 1910 ജനുവരി 2-ന്‌ ആലപ്പുഴയിലെ ഒരു ഇടത്തരം കത്തോലിക്ക കുടുംബത്തില്‍ ജനിച്ചു. ഒന്‍പതുവര്‍ഷം കഴിഞ്ഞ്‌ 1919 ജൂലൈയില്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തില്‍ ഗൗരിയും ജനിച്ചു. നിയമബിരുദം നേടിക്കഴിഞ്ഞ ഉടന്‍തന്നെ രണ്ടുപേരും രാഷ്ടീയ പ്രര്‍ത്തനം തുടങ്ങുകയും ചെയ്തു.

ഗൗരി രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കമ്മ്യൂണിസ്റ്റു പാർട്ടിയിലൂടെയാണ്. തോമസ് കോൺഗ്രസ് വഴി അതിലെത്തുകയായിരുന്നു. 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ രണ്ടുപേരും ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷമാക്കുന്ന യത്‌നത്തിൽ അദ്ദേഹത്തിന്റെ കഴിവുള്ള സഹായിയായി. അവരുടെ വ്യക്തിബന്ധങ്ങൾ കമ്മ്യൂണിസത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് കടക്കുന്നുണ്ടെന്ന് അന്നേ കേട്ടുതുടങ്ങിയിരുന്നു.


1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 1957-ലെ പൊതുതെരഞ്ഞെടുപ്പിലും രണ്ടുപേരും ജയിച്ചിരുന്നു. പക്ഷേ, അവർ വിവാഹിതരാകണമെന്ന് 1957 മേയിൽ സി.പി.ഐ സ്റ്റേറ്റു കമ്മിറ്റി തീരുമാനിക്കുന്നതുവരെയും വിവാഹത്തെക്കുറിച്ച് അവർ ചിന്തിച്ചിരുന്നില്ല. ക്ഷണക്കത്തുകൾ നൽകിയത് കമ്മ്യൂണിസ്റ്റു പാർട്ടിയാണ്.

കമ്യൂണിസ്റ്റു വിരുദ്ധതരംഗവുമായി വന്ന 1960-ലെ ഇടക്കാല തെരഞ്ഞെടുപ്പ്‌ തോമസിനെ നിയമസഭയില്‍നിന്ന്‌ തൂത്തെറിഞ്ഞുകളഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പത്നി സുരക്ഷിതമായി സഭയില്‍ തിരിച്ചെത്തി.

തോമസിന്‌ പിന്നെ 1967-ലെ തെരഞ്ഞെടുപ്പു വരെ സഭയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ല. പക്ഷേ, അപ്പോഴേക്കും ഗാര്‍ഹികവും രാഷ്ട്രീയവുമായ ഭിന്നതകള്‍ അവരെ തമ്മില്‍ തെറ്റിച്ചുകഴിഞ്ഞിരുന്നു. 1964-ല്‍ സി.പി.ഐ. പിളര്‍ന്നു. (തോമസ്‌ സി.പി.ഐ.യുടെ കൂടെ നിന്നപ്പോള്‍ അദദൃഹത്തിന്റെ പത്നി സി.പി.എമ്മില്‍ ചേരുകയും അതിന്റെ സമുന്നത നേതാക്കളിലൊരാളായി മാറുകയും ചെയ്തു.

ഐക്യമുന്നണി 1967-ല്‍ ഭര്‍ത്താവിനെയും സഭയില്‍ തിരിച്ചുകൊണ്ടുവന്നു. തോമസും ഗൗരിയും അവരവരുടെ പാര്‍ട്ടിയുടെ പ്രതിനിധികളായി കൂട്ടുമന്ത്രിസഭയില്‍ ചേര്‍ന്നു. തൊട്ടുതൊട്ടുള്ളതും എന്നാല്‍ ഒരു മതിലിനാല്‍ വേര്‍തിരിക്കപ്പെട്ടവയുമായ ഓദ്യോഗിക വസതികളിലാണ്‌ അവര്‍ താമസിച്ചത്‌.

1969-ല്‍ രണ്ടാം നമ്പൂതിരിപ്പാടു മന്ത്രിസഭയുടെ രാജിയോടെ ഗൌരി നിയമസഭയിലെ സി.പി.എമ്മിന്റെ ഉപനേതാവായി. 1972-ല്‍ തോമസ്‌ സി.പി.ഐ. നേതാവായ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയില്‍ തിരികെച്ചേര്‍ന്നു.

കമ്യൂണിസ്റ്റുകാര്‍ വിവാഹത്തിന്‌ പുരോഹിതന്റെ അടുത്തുപോവാറില്ല. എല്ലായ്പ്പോഴും പുരോഹിതന്റെ പങ്ക്‌, വഹിച്ചിരുന്നത്‌ ഒരു പാര്‍ട്ടിനേതാവായ കെ.സി. ജോര്‍ജ്ജാണ്‌. തോമസിന്റെയും ഗൗരിയുടെയും വിവാഹത്തിനും കാര്‍മ്മികത്വം വഹിച്ചത്‌ അദ്ദേഹമായിരുന്നു. അന്ന്‌ അദ്ദേഹം ഭക്ഷ്യമന്ത്രിയുമായിരുന്നു. പ്രായം

അറുപതിനോടടുക്കുകയും ചെയ്തിരുന്നു. പക്ഷേ, വളരെ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന്‌ അത്‌ അദ്ദേഹത്തിന്‌ തടസ്സമായില്ല. കമ്യൂണിസ്റ്റ്‌ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിനു ശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന്‌ വിരമിച്ചു. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്ത്‌. അദ്ദേഭാര്യയും കുട്ടികളുടെ കാര്യവും നോക്കിക്കൊണ്ട്‌ കഴിഞ്ഞുകൂടുന്നു (കെ.സി ജോര്‍ജ് 1985-ല്‍ മരിച്ചു).

സി.പി.ഐ.യും മറ്റു സഖ്യകക്ഷികളുമായി കൂട്ടുപിരിയുന്നതിനു മുമ്പ്‌ സി.പി.എം ഉന്നയിച്ചിരുന്ന അഴിമതിയാരോപണങ്ങളില്‍നിന്ന്‌ സ്വയം വിമുക്തനായ തോമസ് സി.പി.ഐ നേതൃത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി ചേര്‍ന്നു.

ഒന്നിച്ചുകഴിഞ്ഞ ഒരു ഭൂതകാലമല്ലാതെ മറ്റൊന്നും ഇപ്പോള്‍ തോമസും ഗൗരിയും തമ്മിലുണ്ടായിരുന്നില്ല. അവരെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള കാര്യമായ യാതൊരു ശ്രമവും ആരും നടത്തിയതുമില്ല.

1976-ല്‍ വ്യവസായമന്ത്രി എന്ന നിലയില്‍ തോമസ്‌ വിദേശപര്യടനം നടത്തി. പര്യടനത്തിനിടയില്‍ അദ്ദേഹത്തിന്‌ കാലിന്റെ മൂട്ടിലൊരു വേദന പിടിപെട്ടു. ഒരു ഇന്‍ജക്ഷന്‍ കൊണ്ട്‌ അത്‌ ഭേദപ്പെട്ടെങ്കിലും അര്‍ബുദത്തിന്റെ തുടക്കമാണെന്ന് പിന്നീട്‌ വൈദ്യപരിശോധനയില്‍ തെളിഞ്ഞു. അത്‌ അദ്ദേഹത്തിന്റെ മരണത്തിന് കാരണമാവുകയും ചെയ്തു.

പുറമെ ഒരു യുക്തിവാദിയാണെങ്കിലും തോമസ് അത്ഭുത ചികിത്സാവിധികളിൽ വിശ്വസിച്ചിരുന്നു. അതിവേഗം തന്നെ അദ്ദേഹത്തിന്റെ മുറിയിലെ തട്ടുകളും അലമാരകളും മരുന്നുകൾ കൊണ്ട് നിറഞ്ഞു. അലോപ്പതി, ആയുർവേദം എന്നുവേണ്ട സകല ചികിത്സാ സമ്പ്രദായങ്ങളും പ്രയോഗിച്ചു. അസുഖമായി കിടന്ന സമയത്ത് അദ്ദേഹം വായിച്ച ഒരേയൊരു പുസ്തകം 'നിഗൂഢക്കുമിൾ' ആണ്. തന്റെ വിശ്വസ്തനായ പ്രൈവറ്റ് സെക്രട്ടറി ദൊരൈരാജ് പബ്ലിക് ലൈബ്രറിയിൽ നിന്നാണ് അതെടുത്തു കൊടുത്തത്. ബൊളീവിയയിൽ വളരുന്നതും ഔഷധഗുണങ്ങളുള്ളതുമായ ഒരുതരം കുമിളിനെക്കുറിച്ചു പ്രതിപാദിക്കുന്ന ആ പുസ്തകം വായിച്ചുതീർക്കാൻ സ്വതേ മന്ദവായനക്കാരനായ തോമസ് മൂന്നാഴ്ചയിലേറെ എടുത്തു.

രോഗം പടരുകയായിരുന്നു. പാവങ്ങൾക്കും പതിതർക്കും വേണ്ടി ആയിരമായിരം പോരാട്ടങ്ങൾ നടത്തിയ ആ മനുഷ്യൻ ഒരു മാരകരോഗത്തിന്റെ നിസ്സഹായനായ ഇരയായി. അദ്ദേഹത്തിന്റെ മൃദുവും പ്രിയങ്കരവുമായ ശബ്ദം അടച്ചു. ഉരിയാടാൻ കഴിയാത്തതു കാരണം സുഹൃത്തുക്കൾ കാണാനെത്തുമ്പോഴൊക്കെ അദ്ദേഹം കണ്ണുനീർ പൊഴിച്ചു. തിരുവനന്തപുരത്തും ബോംബെയിലും കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ അദ്ദേഹത്തിന് നൽകപ്പെട്ടു.

അതിവേഗം തന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ കിടക്കയ്ക്കു ചുറ്റും തടിച്ചുകൂടാൻ തുടങ്ങി. സജീവ രാഷ്ട്രീയക്കാരനായിരുന്ന കാലത്ത് താനുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആളുകൾക്ക് അദ്ദേഹം രോഗഗ്രസ്തമായ ശരീരം വിട്ടുകൊടുത്തു. അദ്ദേഹത്തിന്റെ ആത്മാവിനെ രക്ഷിക്കാനായിരുന്നു അവർക്ക് വ്യഗ്രത.

കത്തോലിക്കാ ആചാരപ്രകാരമുള്ള അന്ത്യകൂദാശ കൊടുക്കാൻ അവർ രണ്ടുതവണ ശ്രമിച്ചു. രണ്ടുതവണയും അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന് ബോധം നശിച്ചു എന്നു തോന്നിയപ്പോഴാണ് രണ്ടാമത്തെ ശ്രമം നടത്തിയത്. പുരോഹിതൻ ആശുപത്രിയിലെത്തിയപ്പോഴേക്കും 'വേണ്ടാ' എന്നു പറയാൻ വേണ്ട ബോധം അദ്ദേഹത്തിന് തിരിച്ചുകിട്ടിയിരുന്നു.

എന്നുവെച്ച് പ്രയോഗ നിരതനായ ഈ കമ്മ്യൂണിസ്റ്റുകാരൻ നിർമതനായിരുന്നില്ല. അനുഷ്ഠാനങ്ങളെ മാത്രമാണ് അദ്ദേഹം വെറുത്തത്. അദ്ദേഹം എപ്പോഴും ഒരു ബൈബിൾ കൂടെ കൊണ്ടുനടന്നിരുന്നു. ഒരു 'അമ്മ' (വിശുദ്ധമറിയവുമായി താദാത്മ്യപ്പെടുത്തുവാൻ എളുപ്പമല്ലാത്ത)യുടെ ചിത്രവും കൈവശമുണ്ടായിരുന്നു. അദ്ദേഹം ക്ഷേത്രങ്ങളും മോസ്‌കുകളും പള്ളികളും സന്ദർശിച്ച് നിശ്ശബ്ദമായി പ്രാർത്ഥിച്ചിരുന്നു. ഈ സ്വകാര്യ സന്ദർശനങ്ങളിലൊക്കെയും ദൊരൈരാജ് മാത്രമാണ് സന്തതസഹചാരിയായി ഉണ്ടായിരുന്നത്. രാജ് ഒരു പ്രൈവറ്റ് സെക്രട്ടറി എന്നതിലുപരി അദ്ദേഹത്തിന് സുഹൃത്തും വഴികാട്ടിയും ദാർശനികനുമായിരുന്നു.

1976 ഡിസംബർ 9-നാണ് തോമസിനെ അവസാനമായി ഒരു സ്‌ട്രെച്ചറിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുവാനായി കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാവും അന്നത്തെ ഗതാഗതമ്രന്തിയുമായ കെ.എം. ജോര്‍ജ്ജ്‌ ഗേറ്റില്‍ നില്ക്കുന്നുണ്ടായിരുന്നു. രോഗം ഭേദമാകുമെന്ന്‌ പ്രതീക്ഷിക്കാന്‍ വലിയ വകയുമില്ലെന്ന്‌ അദ്ദേഹത്തെ അറിയിച്ചു." അപ്പോള്‍ എല്ലാം കഴിഞ്ഞു അല്ലേ" ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ട്‌ അദ്ദേഹം മടങ്ങിപ്പോയി. രണ്ടുദിവസം കഴിഞ്ഞ്‌, ജോര്‍ജ് കസേരയില്‍ കുഴഞ്ഞുവീഴുകയും ഒരു ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. ജോര്‍ജ്ജിന്റെ മരണവാര്‍ത്ത കേള്‍ക്കുവാന്‍ തോമസ്‌ ജീവിച്ചിരുന്നു.

തോമസിന്റെ ജീവിതവേദന 1977 മാര്‍ച്ച്‌ 26 വരെ തുടര്‍ന്നു, അതായത്‌ കോണ്‍ഗ്രസ് നേതാവായ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള പൂതിയ കൂട്ടുകക്ഷി മന്ത്രിസഭ വന്‍ ഭൂരിപക്ഷത്തോടുകൂടി അധികാരമേറ്റതിനുശേഷം ഒരു ദിവസം കൂടി. തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ മുഖ്യമന്തി അച്യുതമേനോന്‍ തന്റെ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചതോടെ തോമസിന്റെ മന്ത്രിസ്ഥാനം പോയി. രണ്ടുദിവത്തിനുശേഷം അദ്ദേഹം മരിച്ചു.

ക്രൈസ്തവാചാരപ്രകാരമുള്ള ഒരു ശവമടക്ക്‌ ആലപ്പുഴയില്‍ നടത്താന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വൃഥാശ്രമം നടത്തിയെങ്കിലും ശവപ്പെട്ടി വാങ്ങിയത് സി.പി.ഐ. ആണ്‌. കൊണ്ടുപിടിച്ചുള്ള ശ്രമത്തിനിടയില്‍ ശവപ്പെട്ടിയുടെ കാര്യം കുടുംബാംഗങ്ങള്‍ മറന്നുപോയി എന്നു വ്യക്തമായിരുന്നു.

ഗൗരി 1977 മാര്‍ച്ചിലെ തെരഞ്ഞെടുപ്പോടെ അവസാനിച്ച നിയമസഭയുടെ അവസാനത്തെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. തോമസ്‌ മരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അവരറിഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതിയും മോശമാണെങ്കിലും അദ്ദേഹത്തെ കാണുവാനും കഴിയുമെങ്കില്‍ ശുശ്രൂഷിക്കുവാനും അവര്‍ ആഗ്രഹിച്ചു. ദൊരൈരാജ്‌ ഒരിക്കല്‍കൂടി ഒരു നല്ല സുഹൃത്തിന്റെ പങ്കുവഹിച്ചുകൊണ്ട്‌ ഗൗരിയെ തോമസിന്റെ അടുത്തെത്തിച്ചു. അവരുടെ വരവ്‌ തോമസിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല. രണ്ടുപേരുടെയും ഈറനണിഞ്ഞ കണ്ണുകള്‍ സന്ധിച്ചു. കുറെ സമയത്തേക്ക്‌ രണ്ടാള്‍ക്കും മിണ്ടാന്‍ കഴിഞ്ഞില്ല. അസഹനീയമായ അവസ്ഥയായിരുന്നു. കണ്ണീരൊഴുക്കുകയല്ലാതെ എന്തു ചെയ്യണമെന്ന്‌ ഗൗരിക്കറിയില്ലായിരുന്നു. രോഗവും ആസന്നമായ മരണത്തെക്കുറിച്ചുള്ള ഭയവുമാണ്‌ അവരെ ഒന്നിപ്പിച്ചത്‌. താന്‍ സ്നേഹിച്ച പുരുഷന്റെ ശരീരം ആലപ്പുഴയിലെ ഒരു മുനിസിപ്പല്‍ ശ്മശാനത്തിലെ ശവക്കുഴിയിലേക്കിറക്കുന്നതും നോക്കിനിന്ന ഗൗരി കരഞ്ഞു.

മൂന്നു വര്‍ഷത്തിനുശേഷം 1980-ലെ റിപ്പബ്ലിക്‌ ദിനത്തിന്‍ നാള്‍ ഉച്ചതിരിഞ്ഞ് ഗവര്‍ണര്‍ ശ്രീമതി ജ്യോതി വെങ്കിടാചലം ഒരു പുതിയ മന്ത്രിസഭയ്ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ പ്രകടമായും ചൈതന്യം ചോര്‍ന്നുപോയ ഒരു ശബ്ദം കേള്‍ക്കായി. ഗൗരി തന്റെ ജീവിതത്തില്‍ മൂന്നാമത്തെ തവണയും മന്ത്രിയായിസത്യപ്രതിജ്ഞ എടുത്തതിന്റെ ശബ്ദമായിരുന്നു അത്‌.

വര്‍ഷത്തിലേറെക്കാലത്തെ രൂക്ഷമായ കലഹത്തിനുശേഷം തന്റെ പാര്‍ട്ടിയുമായി സമരസപ്പെട്ട സി.പി.ഐ.ക്കാരും അവരുടെ സത്യപ്രതിജ്ഞ കാണാനെത്തിയിരുന്നു. പക്ഷേ, ഹാ കഷ്ടം, സമരസപ്പെടാനോ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ അധികാരമേറ്റ 1957-ലെപ്പോലെയോ സി.പി.എം. നേതൃത്വത്തിലുള്ള ഐക്യമുന്നണി അധികാരത്തില്‍ വന്ന 1967-ലെപ്പോലെയോ തന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ പോലുമോ തോമസ്‌ ഉണ്ടായിരുന്നില്ല.

ഗൗരിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന ഒരു ധാരണ പരക്കെയുണ്ടായിരുന്നു. പക്ഷേ, ഇടതു ജനാധിപത്യമുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായ ഇ.കെ. നായനാരായിരിക്കണം മുഖ്യമന്ത്രിയെന്ന്‌ സി.പി.എം. നേരത്തേ തീരുമാനിച്ചിരുന്നു. ഗരിക്ക്‌ അതറിയാമായിരുന്നു. പ്രതിഷേധമൊന്നും കൂടാതെ അവര്‍ മന്ത്രിസ്ഥാനം സ്വീകരിച്ചു. അച്ചടക്കബോധവും പാര്‍ട്ടിയോടുള്ള കുറും അവരെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്‌.

"റോസ്‌ ഹാസി'ന്‌ തൊട്ടുള്ള "സനഡു'വില്‍ അവര്‍ തിരിച്ചുവന്നു. 1967-ല്‍ സി.പി.എം. നേതൃത്വത്തിലുള്ള ഐക്യമുന്നണിയിലെ മന്ത്രിമാരായതുമുതല്‍ രണ്ടുവര്‍ഷക്കാലം തോമസിന്റെയും ഗരരിയുടെയും ഔദ്യോഗികവസതികളായിരുന്നു ഇവ. രണ്ടു കെട്ടിടങ്ങളെയും വേര്‍തിരിക്കുന്ന മതിലില്‍, സ്വകാര്യ കുടുംബജീവിതത്തിലേക്കുള്ള കവാടമെന്നവണ്ണം, ഒരു തടിഗേറ്റ്‌ 1967-ല്‍ നിര്‍മ്മിച്ചിരുന്നു. ആ ഗേറ്റ്‌ ഇപ്പോള്‍ സ്ഥിരമായി അടച്ചിരിക്കുകയാണ്‌.

(ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.സി ജോൺ (1924-2005) 1975-ൽ എഴുതിയ 'കേരള രാഷ്ട്രീയം ഒരു അസംബന്ധ നാടകം 1953-1995' എന്ന കൃതിയിലെ അധ്യായം. 1975-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തന്നെ Kerala, the melting pot എന്ന ഇംഗ്ലീഷ് കൃതിയിൽ നിന്നുള്ള ഭാഗമാണ് ഈ ലേഖനം)

Also Read:ഗൗരിയമ്മ - ടി.വി തോമസ് പ്രണയത്തിന്റെ സാക്ഷ്യമായി ആ കിളിവാതിൽ ഇപ്പോഴുമുണ്ട്‌


Next Story