Quantcast

പ്രചരണത്തിലേക്ക് കടന്നെങ്കിലും റാന്നിയില്‍ എല്‍.ഡി.എഫിന് വെല്ലുവിളികളേറെ

സീറ്റ് കൈവിട്ടതിനെതിരെ സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്ന പ്രതിഷേധവും അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കെതിരെ കേരള കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പുമാണ് മുന്നണി നേതാക്കളെ കുഴക്കുന്നത്

MediaOne Logo

  • Published:

    13 March 2021 7:08 AM IST

പ്രചരണത്തിലേക്ക് കടന്നെങ്കിലും റാന്നിയില്‍ എല്‍.ഡി.എഫിന് വെല്ലുവിളികളേറെ
X

സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചരണത്തിലേക്ക് കടന്നെങ്കിലും റാന്നിയില്‍ എല്‍.ഡി.എഫിന് വെല്ലുവിളികളേറെ. സീറ്റ് കൈവിട്ടതിനെതിരെ സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്ന പ്രതിഷേധവും അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കെതിരെ കേരള കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പുമാണ് മുന്നണി നേതാക്കളെ കുഴക്കുന്നത്.

അതേസമയം സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുകളില്ലെന്നും റാന്നിയില്‍ ആറാം തവണയും വിജയിക്കുമെന്നും എല്‍.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി വിജയിച്ച സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതിനെതിരെ സി.പി.എമ്മ.ലുണ്ടായ പ്രതിഷേധം അവസാനിക്കും മുന്‍പാണ് റാന്നിയെ സംബന്ധിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ക്ക് പുതിയ വെല്ലുവിളി. ആദ്യ പരിഗണനയിലുണ്ടായിരുന്നവരെ ഒഴിവാക്കി പ്രമോദ് നാരായണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിലും എതിര്‍പ്പുകള്‍ ശക്തമാണ്. കോട്ടാങ്ങല്‍, എഴുമറ്റൂര്‍, അയിരൂര്‍ , കൊറ്റനാട് മേഖലകളിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇന്നലെ യോഗം ചേരുകയും ജില്ലക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാവില്ലെന്ന് നിലപാട് എടുക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ലെന്നും റാന്നിയില്‍ ആറാം തവണയും വിജയിക്കുമെന്നുമാണ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്.

റാന്നിയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി യു.ഡി.എഫിനുള്ളില്‍ തര്‍ക്കങ്ങള്‍ തുടരുന്നത് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പ്രാദേശിക എതിര്‍പ്പുകളും പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്നങ്ങളും പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി വേഗത്തില്‍ മുന്നോട്ട് പോവുകയെന്നുള്ളതാണ് മുന്നണി നേരിടുന്ന പ്രതിസന്ധി .

TAGS :

Next Story