അഞ്ച് ദിവസം വരെ നീട്ടുന്നതാണോ ജയിക്കുന്നതാണോ പ്രധാനം..? പിച്ച് വിവാദത്തില്‍ കോഹ്‍ലി
അഹമ്മദാബാദില്‍ വെച്ച് നടന്ന ടെസ്റ്റില്‍ പിച്ചിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ അനുകൂലിച്ചു പ്രതികൂലിച്ചും പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന പിച്ച് വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. അഹമ്മദാബാദില്‍ വെച്ച് നടന്ന ടെസ്റ്റില്‍ പിച്ചിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ അനുകൂലിച്ചു പ്രതികൂലിച്ചും പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ബാറ്റ്സ്മാന്‍മാരുടെ ശവപ്പറമ്പെന്നായിരുന്നു നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ പലരും വിശേഷിപ്പിച്ചത്.
രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ചു എന്ന തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലി പ്രതികരണവുമായി രംഗത്ത് എത്തിയത്. ഒരു ടെസ്റ്റ് മത്സരം അഞ്ച് ദിവസവും വരെ കൊണ്ടുപോകണം എന്നതാണോ കളി ജയിക്കുക എന്നതിനേക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ രണ്ട് ദിവസം കൊണ്ട് കളി അവസാനിച്ചു എന്ന് പറയുന്നവര്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്ന് ദിവസം കൊണ്ട് തോറ്റ പിച്ചിനെക്കുറിച്ച് സംസാരിക്കാത്തതെന്താണ്..? കോഹ്‍ലി ചോദിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രണ്ട് ദിവസത്തിനിടെ മുപ്പത് വിക്കറ്റുകളാണ് വീണത്. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 112 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്. സ്പിന്‍ പിച്ചൊരുക്കി ഇംഗ്ലണ്ട് ബാറ്റ്സമാന്‍മാര്‍ക്ക് കളിക്കാന്‍ കഴിയാത്ത രീതിയില്‍ എത്തിച്ച് മത്സരം വരുതിയിലാക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്നായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും.
എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ പര്യടനത്തിന് പോകുമ്പോള്‍ പുല്ല് കൂടുതലുള്ള പിച്ചൊരുക്കി പേസര്‍മാരെ കൈ അയച്ച് സഹായിക്കുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് മറ്റൊരു കൂട്ടരുടെ വാദം. പന്ത് സ്പിന്‍ ചെയ്യുന്ന പിച്ച് ഒരുങ്ങുമ്പോള്‍ വിമര്‍ശനവും പന്ത് പേസ് കൈവരിക്കുന്ന പിച്ച് ഒരുക്കുമ്പോള്‍ മൌനം പാലിക്കുകയുമാണ് പലരും എന്നായിരുന്നു ഓസ്‌ട്രേലിയൻ സ്പിന്നർ നഥാന്‍ ലിയോണിന്‍റെ പ്രതികരണം.
Adjust Story Font
16

