മലപ്പുറം ലോക്സഭാ സീറ്റില്‍ ദേശീയ നേതാവിനെ ഇറക്കി എസ്.ഡി.പി.ഐ
ഫാഷിസം രാഷ്ട്രത്തെ വിഴുങ്ങുമ്പോള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച് സുരക്ഷിത താവളം തേടി മടങ്ങിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൾ മജീദ് ഫൈസി ആരോപിച്ചു

മലപ്പുറം ലോക്സഭാ സീറ്റില്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ദേശീയ സെക്രട്ടറി ഡോ.തസ്‌ലീം റഹ്‌മാനി മത്സരിക്കും. എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ വാര്‍ത്താസമ്മേളനത്തില്‍ ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് തസ്‌ലീം റഹ്‌മാനി. കൂടാതെ ദേശീയ ഹിന്ദി, ഇംഗ്ലീഷ് ചാനലുകളില്‍ മുസ്‍ലിം പ്രശ്നങ്ങളില്‍ ഇടപെട്ട് നിരന്തരം സംസാരിക്കുന്ന നേതാവാണ്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ലോക്സഭാ സീറ്റ് രാജിവെച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലേക്ക് സി.എ.എ വിരുദ്ധ പ്രക്ഷോഭ നേതാവിനെ കൊണ്ടുവരുന്നത് 'ഫാഷിസ വിരുദ്ധ രാഷ്ട്രീയം' തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താനാണ് എസ്.ഡി.പി.ഐ ഉദ്ദേശ്യം. ഫാഷിസം രാഷ്ട്രത്തെ വിഴുങ്ങുമ്പോള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച് സുരക്ഷിത താവളം തേടി മടങ്ങിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൾ മജീദ് ഫൈസി വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞതും ഇത് മുന്നില്‍ വെച്ചാണ്. ഉത്തരേന്ത്യയിലെ മുസ്‍ലിം രാഷ്ട്രീയ വൃത്തങ്ങളിൽ സുപരിചതനായ തസ്‌ലിം റഹ്മാനിയെ രംഗത്തിറക്കുന്നതിലൂടെ മലപ്പുറത്തെ തങ്ങളുടെ തെരഞ്ഞെടുപ്പ് ഇടപെടലിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും എസ്.ഡി.പി.ഐ കണക്കുകൂട്ടുന്നു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് പി അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സി.പി.എ ലത്തീഫ് സംബന്ധിച്ചു.
Adjust Story Font
16

