കുമളി ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട
ഒന്നര കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഇടുക്കി കുമളിയിൽ വൻ മയക്കുമരുന്ന് വേട്ട. ഒന്നര കോടിയിലേറെ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് പിടികൂടി. അറസ്റ്റിലായവർക്ക് വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഒരു കിലോ ഹാഷിഷ് ഓയിലും 21 കിലോ കഞ്ചാവുമാണ് കുമളി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വകാഡ് പിടികൂടിയത്.
കട്ടപ്പന സ്വദേശികളായ പ്രദീപ്, മഹേഷ്, റെനി എന്നിവരാണ് അറസ്റ്റിലായ മൂന്നുപേർ. ആന്ധ്രയിൽ നിന്നും വാങ്ങിയ മയക്കുമരുന്ന് കട്ടപ്പന സ്വദേശിയായ ടോമിക്കു എത്തിച്ച് നൽകാനായിരുന്നു പിടിയിലായവരുടെ ശ്രമം.
ടോമി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നയാളാണ് എന്ന് എക്സൈസ് പറഞ്ഞു. ഇതുസംബന്ധിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വകാഡിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ നിരീക്ഷണത്തിലായിരുന്നു.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസും പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Adjust Story Font
16

