Quantcast

'ഒരു ദിവസം സമ്പാദിച്ചത് 1612 കോടി; ഒരു വർഷം കൊണ്ട് അദാനി രണ്ടാം ലോകസമ്പന്നനായതിങ്ങനെ...

ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് ഇദ്ദേഹം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിഴ്‌സിനെ മറികടന്നത്

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-21 14:46:51.0

Published:

21 Sep 2022 1:43 PM GMT

ഒരു ദിവസം സമ്പാദിച്ചത് 1612 കോടി; ഒരു വർഷം കൊണ്ട് അദാനി രണ്ടാം ലോകസമ്പന്നനായതിങ്ങനെ...
X

മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ കുതിച്ച് രണ്ടാം സ്ഥാനത്തെത്തിയ വ്യവസായി ഗൗതം അദാനി കഴിഞ്ഞ വർഷത്തിൽ ഒരു ദിവസം സമ്പാദിച്ചത് 1612 കോടി രൂപ. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് ഇദ്ദേഹം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിഴ്‌സിനെ മറികടന്നത്. ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 116 ശതമാനം വളർച്ചയാണ് നേടിയത്. ഇതിലൂടെ 5,88,500 കോടി രൂപയാണ് സാമ്പദ്യത്തിൽ കൂട്ടിച്ചേർത്തത്. 60കാരനായ അദാനിയുടെ ആകെ സമ്പാദ്യം 10,94,400 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അദാനി ഗ്രൂപ്പിന്റെ ഏഴു കമ്പനികൾ കഴിഞ്ഞ കുറച്ചു വർഷമായി വൻ വരുമാനമാണ് നേടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1440 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

'ഇന്ത്യൻ സമ്പദ് രംഗം നിരീക്ഷിക്കുമ്പോൾ, 2022 അദാനിയുടെ കുതിച്ചുചാട്ടത്തിന്റെ വർഷമാണ്. തന്റെ ഉൽപ്പന്ന വിപണന കമ്പനിയെ ഖനി-തുറമുഖ- ഊർജ രംഗത്തേക്ക് കൂടി അതിവേഗം വികസിപ്പിച്ച് ഒരു ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഏഴു കമ്പനികൾ പടുത്തുയർത്തിയ ഏക ഇന്ത്യക്കാനാണ് അദ്ദേഹം' ഹുറൂൻ ഇന്ത്യയുടെ മുഖ്യഗവേഷകനും എംഡിയുമായ അനസ് റഹ്‌മാൻ ജുനൈദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ രണ്ടാമത്തെ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയേക്കാൾ മൂന്നു ലക്ഷം കോടി അധിക സമ്പാദ്യം അദാനിക്കുണ്ട്. 2012ൽ അംബാനിയുടെ സ്വത്തിന്റെ ആറിലൊന്ന് മാത്രമായിരുന്നു അദാനിയുടെ മൊത്തം സ്വത്ത്. ഹുറൂൺ ഇന്ത്യയുടെ പട്ടിക പ്രകാരം അദാനിയല്ലാത്തവരുടെ സാമ്പത്തിക വളർച്ച 2.67 ശതമാനം മാത്രമാണ്. മൊത്തത്തിലുള്ള ഒമ്പത് ശതമാനത്തോട് താരതമ്യപ്പെടുത്തുമ്പോഴാണിത്.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് 65കാരനായ അംബാനിക്ക് സമ്പന്നരുടെ പട്ടികയിൽ ആദ്യയിടം നഷ്ടമാകുന്നത്. കഴിഞ്ഞ വർഷം 11 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ച ശേഷമാണ് ഈ സ്ഥാന നഷ്ടം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 115 ശതമാനം സാമ്പത്തിക വളർച്ച നേടിയ ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത് 7,94,700 കോടിയാണ്.

വർഷം തോറും 25 ശതമാനം സാമ്പത്തിക വളർച്ച നേടിയ വാക്‌സിൻ നിർമാതാവ് സൈറസ് എസ്. പൂനാവാല സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 2,05,400 കോടി സമ്പാദ്യം ഇദ്ദേഹത്തിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എച്ച്.സി.എൽ സ്ഥാപകൻ ശിവ് നടാർ കുടുംബം(1,85,800 കോടി), ഡി മാർട്ട് സ്ഥാപകൻ രാധാകൃഷ്ണൻ ധമാനി(175,100 കോടി), വിനോദ് ശാന്തിലാൽ അദാനി(169,000 കോടി), എസ്.പി ഹിന്ദുജ (165,000 കോടി), എൽ.എൻ. മിത്തൽ(151,800 കോടി), ദിലീപ് സാങ്‌വി (133,500 കോടി), ഉദയ് കൊടക്(119,400 കോടി) എന്നിവരാണ് ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലുള്ളവർ.

അദാനിക്കു ഇനി ജയിച്ചടക്കാനുള്ളത് മസ്‌കിനെ മാത്രം

യു.എസ് ഓഹരി വിപണിയിലുണ്ടായ ഇടിവിനു പിന്നാലെ ടെസ്ല തലവൻ ഇലോൺ മസ്‌കും ആമസോൺ മേധാവി ജെഫ് ബെസോസും തിരിച്ചടി നേരിട്ടപ്പോഴും അദാനി മുന്നോട്ടു കുതിക്കുകയായിരുന്നു. അമേരിക്കയിലെ പണപ്പെരുപ്പത്തെ തുടർന്ന് ലോകത്തെ അതിസമ്പന്നർക്ക് കാലിടറിയപ്പോഴും അദാനി ഒരു പരിക്കും നേരിട്ടില്ല. ഇതിനു പിന്നാലെയാണ് ജെഫ് ബെസോസിനെയും ലൂയി വിറ്റോണിന്റെ ബെർനാഡ് ആർനോൾട്ടിനെയും പിന്നിലാക്കി ലോക അതിസമ്പന്നരുടെ പട്ടികയിൽ അദാനി രണ്ടാമനായിരിക്കുന്നത്. മസ്‌കിനെ മാത്രമാണ് ഇനി അദാനിക്കു ജയിച്ചടക്കാനുള്ളത്.

ഫോബ്‌സ് പുറത്തുവിട്ട പട്ടികയിലാണ് അദാനി ലോക അതിസമ്പന്നരിൽ രണ്ടാമനായത്. കഴിഞ്ഞ മാസം ബ്ലൂംബർഗ് പുറത്തുവിട്ട ലോക സമ്പന്ന പട്ടികയിൽ ലൂയി വിറ്റോണിന്റെ ബെർനാഡ് ആർനോൾട്ടിനെ മറികടന്ന് അദാനി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പുതിയ പട്ടികയിലും ആർനോൾട്ട് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പട്ടികയിൽ 92 ബില്യൻ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി എട്ടാം സ്ഥാനത്തുണ്ട്.

154.7 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. 273.5 ബില്യൻ ഡോളറുമായി മസ്‌ക് ബഹുദൂരം മുന്നിലാണ്. ആർനോൾട്ട് 153.5 ബില്യൻ ഡോളറുമായി അദാനിക്കു തൊട്ടുപിന്നിൽ തന്നെയുണ്ട്. 149.7 ബില്യൻ ഡോളറാണ് ബെസോസിന്റെ ആസ്തി. കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത തിരിരിച്ചടിയാണ് ജെഫ് ബെസോസിനെയും ആർനോൾട്ടിനെയും ബാധിച്ചത്.

വെറും ഒരു വർഷത്തിനിടെയാണ് ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ അദാനി വൻ കുതിപ്പുണ്ടാക്കുന്നത്. രണ്ടു മാസം മുൻപായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി പട്ടികയിൽ നാലാമതെത്തിയത്. 2022ൽ മാത്രം അദാനിയുടെ സമ്പത്തിൽ 60.9 ബില്യൺ ഡോളറിന്റെ വർധനയാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ അദാനി മറികടക്കുന്നത് ഫെബ്രുവരിയിലായിരുന്നു. ജൂലൈയിൽ മാസം ബിൽഗേറ്റ്സിനെയും. ഇപ്പോൾ അദാനിയും അംബാനിയും തമ്മിൽ 62 ബില്യൻ ഡോളറിൻറെ വ്യത്യാസമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ബിൽഗേറ്റ്സ് ഉൾപ്പടെയുള്ളവർ നീക്കിവച്ചതാണ് ഇവരെ മറികടക്കാൻ അദാനിക്ക് സഹായകമായത്.കൽക്കരി-തുറമുഖ ബിസിനസുകളിൽ നിന്ന് ഡാറ്റ സെന്റർ, സിമന്റ്, മീഡിയ, ഹരിത ഊർജം എന്നീ മേഖലകളിലേയ്ക്കു കൂടി അദാനി ഈയിടെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ മേഖലകളിലേക്കുകൂടി ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കം പുറത്തായത്.

Businessman Gautam Adani, who jumped to the second position in the list of world's billionaires, earned Rs 1612 crore in a day.

TAGS :

Next Story