Quantcast

'വിദേശപഠനത്തിനായി എടുത്തത് 40 ലക്ഷത്തിന്റെ ലോൺ, പണം പ്രധാനമാണ്, പക്ഷേ...ഞാൻ നൽകുന്ന മറുപടി ഇതാണ്': വൈറലായി 22കാരിയുടെ വെളിപ്പെടുത്തൽ

20 വയസുള്ളപ്പോൾ വിദേശത്ത് മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനായി 40 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടുത്ത ഒരു 22കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഓൺലൈനിൽ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്

MediaOne Logo
വിദേശപഠനത്തിനായി എടുത്തത് 40 ലക്ഷത്തിന്റെ ലോൺ, പണം പ്രധാനമാണ്, പക്ഷേ...ഞാൻ നൽകുന്ന മറുപടി ഇതാണ്: വൈറലായി 22കാരിയുടെ വെളിപ്പെടുത്തൽ
X

വിദേശപഠനം പലപ്പോഴും ഒരു വലിയ സ്വപ്നമായിട്ടാണ് യുവാക്കൾ കാണപ്പെടാറുള്ളത്. എന്നാൽ അതോടൊപ്പം തന്നെ പല വിദ്യാർഥികളും ഉത്തരം കിട്ടാതെ ബുദ്ധിമുട്ടുന്ന ഒരു വലിയ ചോദ്യവും ഉയർന്നു വരാറുണ്ട്. അത് വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നത് ശരിക്കും ലാഭകരമാണോ, അതോ ആ കടം തിരിച്ചടയ്ക്കാനുള്ള മാനസിക സമ്മർദ്ദം അതിന്റെ ദീർഘകാല നേട്ടങ്ങളേക്കാൾ വലുതാണോ എന്നുള്ളതാണ്. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ, സമ്പാദിക്കുന്ന ശമ്പളമാണോ അതോ പടുത്തുയർത്തിയ ജീവിതമാണോ കൂടുതൽ പ്രാധാന്യമുള്ളതായി മാറുക?

വെറും 20 വയസുള്ളപ്പോൾ വിദേശത്ത് മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനായി 40 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടുത്ത ഒരു 22കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ഓൺലൈനിൽ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.

ഏക്ത അഗർവാൾ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണിത്. സ്വയം പരിചയപ്പെടുത്തിയ ശേഷം ലോകത്തിലെ തന്നെ പ്രമുഖ ബിസിനസ് സ്കൂളുകളിലൊന്നായ ഇൻസീഡിലെ (INSEAD) തന്റെ പഠനത്തെക്കുറിച്ച് സംസാരിക്കുകയാണ് അവർ. വീഡിയോയിൽ വിദ്യാഭ്യാസത്തിൽ നിന്നുള്ള നിക്ഷേപ ലാഭം (Return on Investment - ROI) കേവലം പണം കൊണ്ട് മാത്രം അളക്കേണ്ട ഒന്നല്ലെന്ന് അവർ വിശദീകരിച്ചു.

”സാമ്പത്തിക ബാധ്യത മുൻനിർത്തി പലരും ചോദ്യം ചെയ്ത 40 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയിലൂടെയാണ് താൻ പഠനത്തിനുള്ള പണം കണ്ടെത്തിയത്. എല്ലാവരും എന്നോട് ഇതിന്റെ ആർഒഐയെ കുറിച്ച് ചോദിക്കാറുണ്ട്, അവർക്ക് ഞാൻ നൽകുന്ന മറുപടി ഇതാണ്. പണം പ്രധാനപ്പെട്ടത് തന്നെയാണ്, എന്നാൽ നിങ്ങൾ ഒരു നല്ല യൂണിവേഴ്സിറ്റിയിൽ നിന്നാണ് പഠിച്ചിറങ്ങുന്നതെങ്കിൽ, അവിടെ നിന്നും ലഭിക്കുന്ന മികച്ച അവസരങ്ങൾ കൊണ്ട് ആ കടം വീട്ടാൻ സാധിക്കും.”

ബിരുദം നേടിയ ശേഷം ലഭിക്കുന്ന ശമ്പളത്തിലോ ജോലി വാഗ്ദാനങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല തനിക്ക് ആർഒഐ എന്ന് ഏക്ത വ്യക്തമാക്കി. അതിനുപകരം ആഗോളതലത്തിലുള്ള സമ്പർക്കം, പഠനാനുഭവങ്ങൾ, വിദേശത്തുണ്ടായിരുന്ന സമയത്ത് ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ മൂല്യം നൽകിയത്. “എനിക്കിപ്പോൾ 33 വ്യത്യസ്ത രാജ്യങ്ങളിൽ സുഹൃത്തുക്കളുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുന്ന 20,000-ത്തിലധികം ആളുകളുള്ള ഒരു പൂർവ വിദ്യാർത്ഥി ശൃംഖലയിലേക്കുള്ള (alumni network) പ്രവേശനവും എനിക്കിന്നുണ്ട്.”

ഇത്തരം ബന്ധങ്ങളും അനുഭവങ്ങളും സാമ്പത്തിക ലാഭത്തോളം തന്നെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. “മിക്ക ആളുകൾക്കും 40-ാം വയസ്സിൽ പോലും ലഭിക്കാത്ത അനുഭവങ്ങളാണ് 22-ാം വയസിൽ എനിക്ക് ലഭിച്ചത്. ഏറ്റവും പ്രധാനമായി, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന സുഹൃത്തുക്കളെ എനിക്ക് കിട്ടി. ഇതാണ് എന്റെ നിക്ഷേപത്തിൽ നിന്നുള്ള ലാഭം. നിങ്ങളുടെ നെറ്റ്‌വർക്ക് തന്നെയാണ് യഥാർത്ഥത്തിൽ നിങ്ങളുടെ നെറ്റ് വർത്ത്” അവർ പറഞ്ഞു.

അവരുടെ ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ഉപയോക്താക്കൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾക്ക് കാരണമാവുകയും ചെയ്തു. വിദ്യാഭ്യാസം എന്നത് പണത്തിനും ശമ്പളത്തിനുമപ്പുറം അളക്കേണ്ട ഒന്നാണെന്ന അവരുടെ നിലപാടിനോട് ചിലർ യോജിച്ചപ്പോൾ, ഇത്രയും വലിയൊരു വായ്പ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്രായോഗികവും താങ്ങാൻ കഴിയുന്നതുമാണോ എന്ന് മറ്റുചിലർ ചോദ്യം ചെയ്തു.

TAGS :

Next Story