സർക്കാർ ചെലവിൽ ലോകം ചുറ്റണോ? ; ലോകത്തുടനീളം യാത്രചെയ്യാൻ അവസരം നൽകുന്ന സർക്കാർ ജോലികൾ ഇവയാണ്
ഇന്ത്യയിലെ ചുരുക്കം ചില സർക്കാർ ജോലികലിൽ മാത്രമാണ് വിദേശയാത്രകൾക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്

FREEPICK
ലോകം ചുറ്റികറങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. പക്ഷേ എല്ലാവർക്കും അതിന് പറ്റണം എന്നില്ല. പണമില്ലാത്തതും ലീവുകൾ കിട്ടാത്തതും ഇതിന് കാരണം. എന്നാൽ ജോലിക്കിടയിൽ തന്നെ ലോകം ചുറ്റികറങ്ങാൻ പറ്റിയാലോ? അതും സർക്കാർ ജോലി. അതേ പല ജോലികളും സർക്കാർ ചെലവിൽ ലോകം ചുറ്റി കറങ്ങാൻ അവസരം നൽകുന്നുണ്ട്. ഇത് ഒരു ആനുകൂല്യമല്ല, മറിച്ച് പ്രൊഫൈലിന്റെ കൂടി ഭാഗമാണ്. ഇന്ത്യയിലെ ചുരുക്കം ചില സർക്കാർ ജോലികളുടെ മാത്രം ഭാഗമായാണ് ഇത്തരം വിദേശയാത്രകൾക്കുള്ള അവസരം ലഭിക്കുന്നത്.
1.ഇന്ത്യൻ വിദേശകാര്യ സർവീസ് (IFS) ഓഫീസർ
വിദേശത്ത് എക്സ്പ്ലോർ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഒരു ജോലിയാണിത്. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഇത് വരുന്നത്. ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അവർക്കാണ്. അന്താരാഷ്ട്ര സംഘടനകളിൽ ഇന്ത്യയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ തൊഴിൽ. കുറച്ചു വർഷത്തേക്ക് വിദേശ രാജ്യങ്ങളിൽ താമസിക്കാൻ തൊഴിൽ അവസരം നൽകുന്നു. നയതന്ത്ര അവകാശങ്ങൾ ആസ്വദിച്ച് ആഗോളതലത്തിൽ യാത്ര ചെയ്യാനാവും. ലോക നേതാക്കളുമായി സംവദിക്കുകയും രാഷ്ട്രത്തെ പ്രതിനിധീകരിക്കുകയും ചെയ്യാം.
2. ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ
കടലിനെയും സാഹസികതയെയും സ്നേഹിക്കുന്നവർക്ക് പറ്റിയ ജോലിയാണിത്. വിദേശയാത്രയ്ക്ക് അനുയോജ്യമായ ഉയർന്ന ശമ്പളമുള്ള ജോലി എന്ന പ്രത്യേകതയുമുണ്ട്. നാവികസേനയുടെ കപ്പലുകൾ പരിശീലനത്തിനും സംയുക്ത അഭ്യാസങ്ങൾക്കുമായി വിദേശ തുറമുഖങ്ങളും സന്ദർശിക്കാറുണ്ട്. അന്താരാഷ്ട്ര നാവിക പരിപാടികളിൽ ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്താൻസാധിക്കും.
3. ഇന്ത്യൻ വ്യോമസേന (അന്താരാഷ്ട്ര ദൗത്യങ്ങൾ)
വിപുലമായ പരിശീലന സെഷനുകളിലൂടെയും സംയുക്ത അഭ്യാസങ്ങളിലൂടെയും ഇന്ത്യൻ വ്യോമസേന ആഗോളതലത്തിൽ പരിചയങ്ങൾ സൃഷ്ടിക്കുന്നു. ഇതിനായി, ഉദ്യോഗസ്ഥർ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരും. ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങളിലും അവർക്ക് പങ്കെടുക്കേണ്ടി വന്നേക്കാം.
4. ഇന്ത്യൻ ആർമി (ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങൾ)
ഇന്ത്യൻ കരസേനയിലെ ഓഫീസർമാരും സൈനികരും പലപ്പോഴും വിവിധ രാജ്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിൽ സേവനമനുഷ്ഠിക്കേണ്ടിവരുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഗണ്യമായ സംഭാവന നൽകേണ്ടതുണ്ട്. സൗജന്യ വിദേശ യാത്ര ലഭിക്കുന്ന ഉയർന്ന ശമ്പളമുള്ള ജോലികളിൽ ഒന്നാണിത്.
5. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ഉദ്യോഗസ്ഥർ
ഐസിസിആർ ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. വിദേശ രാജ്യങ്ങളിൽ നിയമിതരായ ഉദ്യോഗസ്ഥർ സാംസ്കാരിക പരിപാടികൾ നടത്തുകയും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യണം. ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശയാത്ര നടത്തുന്നതാണ് തൊഴിൽ. ലോകമെമ്പാടുമുള്ള സാംസ്കാരിക നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കും.
6. ടൂറിസം മന്ത്രാലയം
ടൂറിസത്തിൽ ഒരു കരിയർ നൽകുന്ന തൊഴിലാണിത്. യാത്രയും കഥപറച്ചിലും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ജോലി. "ഇൻക്രെഡിബിൾ ഇന്ത്യ" എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ടൂറിസം മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനുമായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. 2002 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച അന്താരാഷ്ട്ര ടൂറിസം കാമ്പയിനാണ് ഇൻക്രെഡിബിൾ ഇന്ത്യ.
7. ഇസ്രോയിലോ ഡിആർഡിഒയിലോ ഉള്ള ശാസ്ത്രജ്ഞരും ഗവേഷകരും
ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. വിദേശ ബഹിരാകാശ ഏജൻസികളും ഗവേഷണ കേന്ദ്രങ്ങളും സന്ദർശിക്കേണ്ടതുണ്ട്. പരിശീലനവും സമ്മേളനങ്ങളുമാണ് പ്രധാന ലക്ഷ്യം. രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും ആഗോള വിദഗ്ധരുമായി പ്രവർത്തിക്കേണ്ടി വരുകയും ചെയ്യും.
8. ഇന്ത്യൻ ട്രേഡ് സർവീസ് (ഐടിഎസ്) ഓഫീസർമാർ
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഐ.ടി.എസ് ഓഫീസർമാർ സേവനമനുഷ്ഠിക്കുന്നത്. അവർ അന്താരാഷ്ട്ര വ്യാപാര ചർച്ചകളിലും വാണിജ്യ നയതന്ത്രത്തിലും പങ്കെടുക്കുന്നു. അന്താരാഷ്ട്ര വ്യാപാര മേഖലയിലെ നയരൂപീകരണവും വ്യാപാര നയം നടപ്പിലാക്കലും ഇവരുടെ ഉത്തരവാദിത്തമാണ്.
9. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (IIS) ഓഫീസർമാർ
ഇന്ത്യാ ഗവൺമെന്റിന്റെ മീഡിയ മാനേജർമാരായി പ്രവർത്തിക്കുന്ന ഐഐഎസ് ഓഫീസർമാരാണിവർ. ഇന്ത്യയിലുടനീളമുള്ള പോസ്റ്റിംഗുകൾക്കൊപ്പം, പ്രസാർ ഭാരതിയുടെ കീഴിലുള്ള ചില വിദേശ അസൈൻമെന്റുകളിലേക്കും നിയമനം ലഭിച്ചേക്കാം.
Adjust Story Font
16

