Quantcast

ടെന്‍ഷന്‍ വേണ്ട ഇനി കൂളായി ഇരുന്ന് പരീക്ഷ എഴുതാം

MediaOne Logo

Web Desk

  • Updated:

    2024-03-01 07:28:20.0

Published:

1 March 2024 7:17 AM GMT

students preparing for exam
X

പരീക്ഷ കാലം ഇങ്ങെത്തി. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ആകുലതകളും ആശങ്കകളുമാണ്. പഠിച്ചത് മറന്ന് പോകന്നു, എഴുതാന്‍ സമയം തികയുന്നില്ല. ഈ പരാതികളൊക്കെ ഈ സമയത്ത് സ്വാഭാവികം. എന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട കൂളായി ഇരുന്ന് പരീക്ഷ എഴുതാം. ഇനി പരീക്ഷയെ എങ്ങനെ സമീപിക്കണമെന്ന് നോക്കാം.

വായിച്ച് കാണാപാഠം പഠിച്ച് പോയാല്‍ പരീക്ഷ എളുപ്പമാകുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതില്‍ ഒരു പ്രശ്‌നമുണ്ട്. ചോദ്യത്തിന് ഉത്തരം എഴുതുമ്പോള്‍ കാണാപാഠം പഠിച്ചതില്‍ നിന്ന് ഏതെങ്കിലുമൊരു വാക്കോ ഭാഗമോ മറന്ന് പോയാല്‍ അതിന്റെ പുറകെ പോയി സമയം മുഴുവന്‍ തീര്‍ന്ന് പോകും. ബാക്കി ഉത്തരങ്ങള്‍ എഴുതാന്‍ സമയം കിട്ടാതെ വരും. ആ സമയം, നമ്മള്‍ അതിന്റെ ആശയം മനസ്സിലാക്കി പഠിക്കുകയാണെങ്കില്‍ പരീക്ഷ കുറച്ച് കൂടി എളുപ്പമാകും. ഉത്തരം കിട്ടാതെ വരുമ്പോള്‍ പഠിച്ച ആശയങ്ങള്‍ കണക്ട് ചെയ്ത് എഴുതാവുന്നതാണ്.

വായിച്ച് പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല. എഴുതിയും പഠിക്കണം. കാരണം എഴുത്തും വായനയും രണ്ട് രീതിയിലാണ് തലച്ചോറില്‍ പതിയുന്നത്. വായനയുടെ തുടര്‍ച്ചയാണ് എഴുത്ത്. വായിച്ച് മനസ്സിലാക്കിയ ആശയങ്ങളെല്ലാം എഴുതി പഠിക്കണം. വായിച്ച് പഠിച്ചു എന്ന് വിചാരിച്ച് എഴുതി ഫലിപ്പിക്കാന്‍ കഴിയണമെന്നില്ല. അതിന് എഴുതി ശീലിക്കുക തന്നെ വേണം.

അതുപോലെ മുന്‍കാല പരീക്ഷ പേപ്പറുകള്‍ പരീക്ഷ എഴുതും പോലെ സമയബന്ധിതമായി എഴുതി നോക്കണം. സമയം ക്രമീകരിച്ച് പരീക്ഷ എഴുതാനും എഴുതി ശീലിച്ച പാഠങ്ങള്‍ പേപ്പറിലേക്ക് എളുപ്പത്തില്‍ കൊണ്ടു വരാനും ഇതിലൂടെ സാധിക്കും. സമയം തികഞ്ഞില്ലായെന്ന പരാതി ഇതിലൂടെ തീര്‍ക്കാം.

ഇനിയുള്ള പ്രശ്‌നം, പഠിച്ചതൊന്നും പരീക്ഷക്ക് വരുന്നില്ല എന്നതാണ്. എന്നാല്‍ അത് പേപ്പറിട്ടവരുടെ പ്രശ്‌നമല്ല. നമ്മുടേതാണ്. ചോദ്യങ്ങളൊന്നും നേരിട്ടുള്ള ചോദ്യങ്ങളാവണമെന്നില്ല. നമ്മുടെ വിശകലനശേഷിയെയും പ്രായോഗികക്ഷമതയെയും അളക്കാനുള്ള പരോക്ഷ ചോദ്യങ്ങളാവാം. നമ്മളത് പ്രതീക്ഷിക്കാതെയും തയാറാവാതെയും പരീക്ഷക്ക് പോയാല്‍ പണി കിട്ടും. പരീക്ഷക്ക് പോകുന്നതിന് മുമ്പ് അത്തരം ചോദ്യങ്ങള്‍ വിശകലനം ചെയ്തും അവയോട് ഒരു കൂട്ട്‌ക്കെട്ടൊക്കെ ഉണ്ടാക്കിയും പോകകാൻ ശ്രദ്ധിക്കുക.

TAGS :

Next Story