Quantcast

എ പ്ലസിൽ തിളങ്ങുന്നുണ്ടോ മലപ്പുറം? എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിലെ സൂചനകളെന്ത്?

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ടുതന്നെ എ പ്ലസ് എണ്ണത്തിൽ ജില്ല മുന്നിലെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, വിജയശതമാനക്കണക്ക് പരിശോധിക്കുമ്പോൾ ഇതല്ല സ്ഥിതിയെന്നാണ് ഉന്നയിക്കപ്പെടുന്ന വിമര്‍ശനം

MediaOne Logo

Web Desk

  • Updated:

    2022-06-16 14:03:41.0

Published:

16 Jun 2022 1:45 PM GMT

എ പ്ലസിൽ തിളങ്ങുന്നുണ്ടോ മലപ്പുറം? എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിലെ സൂചനകളെന്ത്?
X

മലപ്പുറം: ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഒരിക്കൽകൂടി മലപ്പുറം 'എ പ്ലസ്' നേട്ടത്തിൽ ആഘോഷിക്കപ്പെടുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയ ജില്ലയാണ് മലപ്പുറം. കഴിഞ്ഞ വർഷവും മലപ്പുറം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ, എ പ്ലസ് കണക്കുകൾക്കപ്പുറം വിജയശതമാനത്തിൽ മലപ്പുറം എത്ര മുന്നിലാണെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്.

ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോഴും കണക്കിൽ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. 7,230 വിദ്യാർത്ഥികൾക്കാണ് ഇത്തവണ ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 18,970 ആയിരുന്നു.

കൂടുതൽ എ പ്ലസുള്ള വിദ്യാഭ്യാസ ജില്ലകളുടെ കൂട്ടത്തിലും മലപ്പുറം മുന്നിലാണ്. 3,024 എ പ്ലസുകാരുമായാണ് മലപ്പുറം വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനത്തായത്. കഴിഞ്ഞ തവണ 7,838 പേരായിരുന്നു വിദ്യാഭ്യാസ ജില്ലയിൽ ഫുൾ എ പ്ലസ് നേടിയത്.

അതേസമയം, എണ്ണത്തിൽ മുന്നിലാണെങ്കിലും ശതമാനക്കണക്കിൽ അത്ര മുന്നിലല്ല ജില്ലയെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ടുതന്നെ എ പ്ലസ് എണ്ണത്തിൽ ജില്ല മുന്നിലെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, വിജയശതമാനക്കണക്ക് പരിശോധിക്കുമ്പോൾ ഇതല്ല സ്ഥിതിയെന്നാണ് ഉന്നയിക്കപ്പെടുന്നത്.

ഫുൾ എ പ്ലസിൽ ശരിക്കും മുന്നിലാര്?

വിദ്യാഭ്യാസ പുരോഗതിയുടെ മാനദണ്ഡമായി ഫുൾ എ പ്ലസിനെ എടുക്കുകയാണെങ്കിൽ ജില്ല തിരിച്ചുള്ള ശതമാനക്കണക്ക് പരിശോധിക്കാം. 78,224 പേരാണ് ഇത്തവണ മലപ്പുറത്ത് പരീക്ഷയ്ക്കിരുന്നത്. വിദ്യാർത്ഥികളുടെ കണക്കിൽ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട്ട് ഇത്തവണ പരീക്ഷയെഴുതിയത് 43,714 പേരാണ്. അതായത് ആദ്യത്തെ രണ്ട് ജില്ലകൾ തമ്മിൽ തന്നെ 34,510 പേരുടെ അന്തരമുണ്ട്. ബാക്കി ജില്ലകളിലെല്ലാം മലപ്പുറത്തേതിന്റെ പകുതിയോ അതിൽ കുറവോ പേർ മാത്രമാണ് പരീക്ഷയെഴുതിയത്.

ആകെ വിജയശതമാനത്തിൽ മലപ്പുറത്തേതിലും പകുതിപേർ പരീക്ഷയെഴുതിയ കണ്ണൂരാണ് ഒന്നാം സ്ഥാനത്തുള്ളത്. 99.77 ശതമാനമാണ് കണ്ണൂരിലെ വിജയശതമാനം. ഈ പട്ടികയിൽ 99.32 ശതമാനവുമായി എട്ടാം സ്ഥാനത്താണ് മലപ്പുറമുള്ളത്. ജില്ലയുടെ കാൽശതമാനത്തിലും താഴെ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കോട്ടയവും ആലപ്പുഴയും മുന്നിലുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർകോട്, തൃശൂർ എന്നിവയാണ് യഥാക്രമം രണ്ടു മുതൽ ഏഴുവരെയുള്ളത്.

ഇനി ഫുൾ എ പ്ലസ് ശതമാനക്കണക്ക് പരിശോധിക്കാം. ഈ പട്ടികയിലും വളരെ പിറകിലാണ് മലപ്പുറം. ഒൻപതാം സ്ഥാനത്താണ് ഈ കൂട്ടത്തിൽ ജില്ലയുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് 30,906 പേർ പരീക്ഷയെഴുതിയ കൊല്ലം. 13.2 ശതമാനമാണ് കൊല്ലത്തെ എ പ്ലസ് നേട്ടക്കാരുടെ ശതമാനം. മലപ്പുറത്ത് 9.2 ശതമാനവും.

കൊല്ലം(13.2), എറണാകുളം(12.57), കോഴിക്കോട്(12.5), തൃശൂർ(12), തിരുവനന്തപുരം(11.8), കണ്ണൂർ(11.7), ആലപ്പുഴ(9.48), കോട്ടയം(9.47), മലപ്പുറം(9.2), പത്തനംതിട്ട(8.6), കാസർകോട്(8.2), പാലക്കാട്(7.1), വയനാട്(6.8), ഇടുക്കി(6.6) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള എ പ്ലസ് ജേതാക്കളുടെ ശതമാനക്കണക്ക്.

Summary: SSLC results 2022 and educational standards of Malappuram district

TAGS :

Next Story