ഉന്നത വിജയം നേടിയിട്ടും മുഖത്തെ രോമ വളർച്ചയുടെ പേരിൽ ട്രോളുകൾക്ക് ഇരയായി; പക്ഷെ തളർന്നില്ല, വീണ്ടും താരമായി ആ പെൺകുട്ടി, നേടിയത് അതിലും മികച്ച വിജയം
ഒന്നാം റാങ്ക് കരസ്ഥമാക്കിയതിലുള്ള അഭിന്ദനങ്ങൾ പ്രതീക്ഷിച്ച് നിന്ന പെൺകുട്ടിയെ തേടിയെത്തിയത് നിരന്തരമായ കളിയാക്കലുകളായിരുന്നു

- Published:
28 April 2026 5:38 PM IST

1912-ൽ ‘ബ്രേക്കിംങ് ഇൻടു ദ ഹ്യൂമൻ റേസ്’ (Breaking into the Human Race) എന്ന ലഘുലേഖയിൽ, പത്തൊമ്പതാം നൂറ്റാണ്ടിലെ പോളണ്ടിലെ ഒരു യുവതിയെക്കുറിച്ച് റീത്ത ചൈൽഡ് ഡോർ എഴുതുകയുണ്ടായി. ആ യുവതിക്ക് വിജയമെന്നത് അത്ര പെട്ടെന്നോ എളുപ്പത്തിലോ ലഭിക്കുന്ന ഒന്നായിരുന്നില്ല. ഡോർ അതിനം ഇപ്രകാരമാണ് കുറിച്ചത്: "സ്ത്രീകൾ ഒരു പ്രത്യേക വർഗമായതിനാൽ, അവർ ഒരു നിശ്ചിത മാതൃകയ്ക്ക് അനുസൃതമായി ജീവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആ മാതൃക പിന്തുടരാനുള്ള അവരുടെ കഴിവിന് ആനുപാതികമായാണ് അവർ ആദരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും."
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടാൻ ശ്രമിച്ചപ്പോൾ നേരിടേണ്ടി വന്ന നിരന്തരമായ വിവേചനങ്ങളെ അതിജീവിച്ച്, ക്യാൻസർ ചികിത്സാരംഗത്തും റേഡിയേഷൻ സയൻസിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ആ യുവതി നൊബേൽ സമ്മാന ജേതാവായ മേരി ക്യൂറിയായിരുന്നു.
ഇനി നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വരാം. ഇന്ന് ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നിലനിന്നിരുന്ന തടസങ്ങളെ നാം പലവിധത്തിൽ മറികടന്നു കഴിഞ്ഞുവെന്നാണ് ധാരണ. ഒരു സ്ത്രീ എന്ന നിലയിൽ, വിദ്യാഭ്യാസം നേടാനും അന്തസ്സുള്ള ജീവിതം നയിക്കാനും ഒരു പ്രയാസവും ഇല്ലയെന്നാണ് കരുതപ്പെടുന്നത്. പക്ഷെ അനുഭവങ്ങൾ അങ്ങനെയല്ല പറയുന്നത്.
പ്രാചി നിഗം എന്ന പെൺകുട്ടിയെ ഓര്‍മ്മയുണ്ടോ? 2024-ൽ ഉത്തർപ്രദേശിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 98.5 ശതമാനം (600-ൽ 591) മാർക്ക് നേടി ഒന്നാം സ്ഥാനം നേടിയ പെൺകുട്ടി. ഒരു എഞ്ചിനീയറായി രാജ്യത്തെ സേവിക്കണമെന്ന പ്രാചിയുടെ ലക്ഷ്യമോ അവളുടെ കഠിനാധ്വാനമോ അല്ല അന്ന് ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെട്ടത് മറിച്ച് അവളുടെ രൂപമായിരുന്നു. പ്രാചിയുടെ മുഖത്തെ രോമവളർച്ചയുടെ പേരിൽ കടുത്ത കളിയാക്കലുകളാണ് ആ പെൺകുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നാം റാങ്ക് കരസ്ഥമാക്കിയതിലുള്ള അഭിന്ദനങ്ങൾ പ്രതീക്ഷിച്ച് നിന്ന പെൺകുട്ടി ഒരു നിമിഷം ഒന്നു തളർന്നു. പക്ഷെ തോൽക്കാൻ തയാറായിരുന്നില്ല.
‘ഫലം പ്രഖ്യാപിച്ചപ്പോൾ എന്റെ ചിത്രം വൈറലായി. പലരും ട്രോളി. എന്നാൽ പിന്തുണച്ചവരും ഉണ്ടായിരുന്നു,. എല്ലാവർക്കും നന്ദി. എങ്ങനെയായാലും ദൈവം എന്നെ സൃഷ്ടിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നില്‍ മറ്റുള്ളവരില്‍ നിന്നും വിത്യാസം കാണുന്നവരുണ്ടാകും. എനിക്കും അത് പ്രശ്നമല്ല, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്കിഷ്ടം’ പ്രാചി അന്ന് പറഞ്ഞു.
‘എനിക്ക് കുറച്ച് മാർക്ക് കുറഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്നാമത് എത്തുകയോ ഇത്ര പ്രശസ്തയാവുകയോ ഇല്ലായിരുന്നു. ഒരുപക്ഷേ അതായിരുന്നിരിക്കാം കൂടുതൽ നല്ലത്‘ പ്രാചി ബിബിസിയോട് പറഞ്ഞ ഈ വാക്കുകളും പലരും ഏറ്റെടുത്തു.
രണ്ടു വർഷങ്ങൾക്ക് ഇപ്പുറം, ഇന്ന് വീണ്ടുമൊരു മിന്നും വിജയവുമായി പ്രാചി പൊതുശ്രദ്ധ നേടിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 91.20% മാർക്ക് നേടിയാണ് പ്രാചി മികച്ച വിജയം കൈവരിച്ചത്. പ്രധാന വിഷയങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്: ഗണിതശാസ്ത്രത്തിൽ 99 ശതമാനം, ഹിന്ദിയിൽ 96 ശതമാനം, കെമിസ്ട്രിയിൽ 95 ശതമാനം, ഫിസിക്സിൽ 93 ശതമാനം എന്നിങ്ങനെയാണ് മാർക്കുകൾ. അന്നത്തെ പോലെ ഇന്നും ഇംഗ്ലീഷ് ഒരു വെല്ലുവിളിയായി തുടരുന്നു. 73 മാർക്കാണ് ഇംഗ്ലീഷിൽ പ്രാചി നേടിയത്.
ജീവിതത്തിൽ തോറ്റോടുന്നവർക്ക് മുന്നിൽ പ്രാചി ഒരു പ്രതീക്ഷയാണ്. ഇന്ന് അവൾക്ക് അഭിനന്ദനങ്ങളുമായി കൂടുതൽപേരാണ് രംഗത്തെത്തിയത്. പലരും അവളുടെ പോരാട്ടത്തെ പിന്തുണച്ചു. മാതൃകയാക്കാൻ സമൂഹത്തോട് ആവശ്യപ്പെടുന്നു.
Adjust Story Font
16
