Quantcast

കൂളായി വന്നങ്ങ് താരങ്ങളായി മാറിയ സ്ഥാനാര്‍ഥികള്‍

വടകരയില്‍ കെ.കെ രമയും തൃത്താലയില്‍ എം.ബി രാജേഷും നേടിയത് ത്രസിപ്പിക്കുന്ന വിജയം

MediaOne Logo

Web Desk

  • Published:

    3 May 2021 1:29 AM GMT

കൂളായി വന്നങ്ങ് താരങ്ങളായി മാറിയ സ്ഥാനാര്‍ഥികള്‍
X

രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ പോരാട്ടങ്ങളില്‍ മിന്നും വിജയം പിടിച്ചെടുത്ത താരങ്ങളുണ്ട് ഇക്കുറി. വടകരയില്‍ കെ.കെ രമയും തൃത്താലയില്‍ എം.ബി രാജേഷും നേടിയത് ത്രസിപ്പിക്കുന്ന വിജയം. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയെ തകര്‍ത്ത് മാണി സി കാപ്പനും മന്ത്രി മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച് പി.സി വിഷ്ണുനാഥും സഭയിലേക്കെത്തുമ്പോള്‍ അത് ചരിത്രത്തിന്‍റെ ഭാഗമാകും.

ഇടത്പക്ഷത്തിന്‍റെ കുത്തക മണ്ഡലം .സിപിഎം കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച വടകര. പക്ഷേ സോഷ്യലിസ്റ്റ് പ്രയാണത്തിന് അന്ത്യം കുറിച്ച് കെ. കെ രമ നേടിയത് ഏഴായിരത്തില്‍ പരം വോട്ടിന്‍റെ ഉജ്ജ്വല വിജയം.പറഞ്ഞു തീരാതെ പോയ ടി.പി ചന്ദ്രശേഖരന്‍റെ രാഷ്ട്രീയമുയര്‍ത്തി അവര്‍ ഇനി സഭയിലേക്കെത്തും.

രണ്ടു തവണ നഷ്ടമായ തൃത്താലയെന്ന പഴയ ചെങ്കോട്ട പിടിക്കാന്‍ പാര്‍ട്ടി എം.ബി രാജേഷിനെ ദൌത്യമേല്‍പ്പിച്ചപ്പോള്‍ കേരള രാഷ്ട്രീയത്തിന്‍റെ ശ്രദ്ധയത്രയും ഈ പോരാട്ടത്തിലായിരുന്നു. വി.ടി ബല്‍റാമുമായുള്ള ബലാബലം ഫോട്ടോ ഫിനിഷിലേക്കെത്തുമ്പോഴേക്ക് മണ്ഡലം ഇടതു പക്ഷത്തേക്ക് ചാഞ്ഞിരുന്നു മൂവായിരത്തിഒരുനൂറിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് രാജേഷ് തൃത്താലയെ സ്വന്തമാക്കിയത്.

മുന്നണി മാറി എം.പി സ്ഥാനം രാജി വെച്ചെത്തിയ ജോസ് കെ. മാണിയെ നിലംപരിശാക്കിയാണ് മാണി സി കാപ്പന്‍ സഭയിലേക്ക് യാത്രയാകുന്നത്. പാലാ നല്‍കാത്തതിനാല്‍ ഇടതു മുന്നണിയോട് യാത്ര പറഞ്ഞ മാണി സി.കാപ്പന് പതിനാലായിരത്തിലധികം ഭൂരിപക്ഷത്തിന്‍റെ വിജയം നേടുമ്പോള്‍ അത് മധുര പ്രതികാരം.

ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും മന്ത്രി സഭയിലെ പ്രധാനിയായിരുന്ന മേഴ്സിക്കുട്ടിയമ്മയെ തറ പറ്റിച്ചത് പി.സി വിഷ്ണുനാഥിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ സുവര്‍ണ ലിപികളില്‍ തന്നെ രേഖപ്പെടുത്തും. കുണ്ടറയെന്ന ഇടതു മണ്ഡലത്തില്‍ ഇങ്ങനെയൊരും പോരാട്ടം കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല.

TAGS :

Next Story