Quantcast

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി - കെഎസ്ഐഎൻസി ധാരണാപത്രം റദ്ദാക്കി, അന്വേഷണം

സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രം ഒപ്പു വെച്ചത് ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും.

MediaOne Logo

  • Updated:

    2021-02-22 10:24:09.0

Published:

22 Feb 2021 4:05 PM IST

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി - കെഎസ്ഐഎൻസി ധാരണാപത്രം റദ്ദാക്കി, അന്വേഷണം
X

ട്രോളറുകളും മദര്‍ വെസ്സലുകളും നിര്‍മിക്കാന്‍ ഇഎംസിസിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ധാരണാപത്രം റദ്ദാക്കിയത്. സര്‍ക്കാരിനെ അറിയിക്കാതെ ധാരണാപത്രം ഒപ്പിടാനിടയായ സാഹചര്യം അടക്കം എല്ലാം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തി. കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചാരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്ന് ഉച്ചയോടെയാണ് എംഒയു റദ്ദാക്കിയത്.

സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് വിരുദ്ധമായ കാര്യം ഉള്‍പ്പെടുത്തി എങ്ങനെ ധാരണാപത്രം ഒപ്പിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വ്യവസായ മന്ത്രിക്ക് ഇഎംസിസി നല്‍കിയ നിവേദനം പ്രതിപക്ഷ നേതാവിന്‍റെ കയ്യില്‍ എങ്ങനെ കിട്ടി എന്നതും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ ടി കെ ജോസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചിലര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മത്സ്യസംസ്കരണ യൂണിറ്റ് പണിയാന്‍ ആലപ്പുഴ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം ഇഎംസിസിക്ക് നല്‍കാന്‍ കെഎസ്ഡിസി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയിട്ടില്ല. സർക്കാർ ധാരണാപത്രം റദ്ദാക്കിയത് തങ്ങളുടെ വിജയമായി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സർക്കാരിന്‍റെ കൊള്ള പുറത്തുകൊണ്ടുവന്നപ്പോള്‍ ധാരണാപത്രം റദ്ദാക്കി തടിയൂരാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് നീക്കം.

TAGS :

Next Story