175 ദിവസം തമിഴ്നാട്ടിൽ തകര്‍ത്തോടിയ ചിത്രം; ജീവയെ മാസ് ഹീറോ ആക്കിയ 'കോ'
നോർവേയിൽ ചിത്രീകരിച്ച ആദ്യ തമിഴ് ചിത്രവും കോ ആയിരുന്നു

- Updated:
2026-04-24 06:58:00.0

ജീവയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു 2011ൽ പുറത്തിറങ്ങിയ 'കോ'. സംവിധായകനായ കെ.വി ആനന്ദും ശുഭയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലര്‍ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അശ്വിൻ കുമാർ എന്ന ചീഫ് ഫോട്ടോ ജേണലിസ്റ്റിനെയാണ് ജീവ അവതരിപ്പിച്ചിരിക്കുന്നത്. 14 കോടി ബജറ്റിലൊരുക്കിയ ചിത്രം 175 ദിവസം തമിഴ്നാട്ടിലെ തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചു. തെലുഗ് പതിപ്പ് ആന്ധ്രാപ്രദേശിൽ 100 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.
2011 ഏപ്രിൽ 22നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. അജിത് കുമാറിനെയോ അല്ലെങ്കിൽ കാര്‍ത്തിയേയൊ നായകനാക്കാനായിരുന്നു ആനന്ദിന്‍റെ തീരുമാനം. പിന്നീട് അത് നടക്കാതായപ്പോൾ തിരക്കഥ ഇഷ്ടപ്പെട്ട സിലംബരസൻ ചിത്രത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. ഫോട്ടോഷൂട്ട് നടത്തി, പ്രധാന ഷൂട്ടിങ് ഷെഡ്യൂളിനായി ടീം ഒരുങ്ങുന്നതിനിടെ താരം പിൻവാങ്ങുകയായിരുന്നു. അങ്ങനെയാണ് കോയിലെ അശ്വിൻ എന്ന കഥാപാത്രം ജീവയിലേക്ക് എത്തുന്നത്. വളരെ മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം ജീവ കാഴ്ചവച്ചത്. ജീവയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു കോ. ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ ജീവിതവും സാഹസികതകളും ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച മറ്റൊരു തമിഴ് ചിത്രം അക്കാലത്ത് ഉണ്ടായിരുന്നില്ല.ഫ്രീലാൻസ് ഫോട്ടോഗ്രാഫറായതുകൊണ്ട് തന്നെ വാർത്തകൾക്കായി ഫോട്ടോഗ്രാഫർമാർ നേരിടുന്ന വെല്ലുവിളികളും അപകടങ്ങളും കെ.വി. ആനന്ദ് ചിത്രത്തിൽ വളരെ കൃത്യമായി അവതരിപ്പിച്ചു.
ഹാരിസ് ജയരാജ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. നോർവേയിൽ ചിത്രീകരിച്ച ആദ്യ തമിഴ് ചിത്രവും കോ ആയിരുന്നു.തമിഴ്‌നാട്ടിൽ ഏകദേശം 230 തിയറ്ററുകളിലാണ് റിലീസ് ചെയ്തത് , കൂടാതെ ഡൽഹി , മുംബൈ , പൂനെ , ചണ്ഡീഗഡ് , ലഖ്‌നൗ എന്നിവിടങ്ങളിലെ മൾട്ടിപ്ലക്‌സുകളിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ റിലീസ് ചെയ്തു. മലേഷ്യയിൽ ആദ്യ വാരാന്ത്യത്തിൽ തന്നെ ഏകദേശം 3.5 കോടിയലധികം രൂപയാണ് കോ വാരിക്കൂട്ടിയത്. അക്കാലത്ത് അത് വലിയ റെക്കോഡായിരുന്നു. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷൻ ആവറേജുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.യുകെയിലും മികച്ച കലക്ഷൻ ലഭിച്ചു. ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രം ഓക്ടോബര്‍ വരെ 25 കോടി രൂപയോളം നേടിയിരുന്നു.
കോ റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾക്കുശേഷം, തെലുഗിൽ ഡബ്ബ് ചെയ്ത് 'രംഗം' എന്ന പേരിൽ 2011 മെയ് 13 ന് ആന്ധ്രാപ്രദേശിൽ എത്തി. രംഗം ബോക്സ് ഓഫീസിൽ 20.95 കോടി രൂപ കലക്ട് ചെയ്യുകയും ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. പ്രദർശനത്തിന്റെ 100-ാം ദിവസം തിരുപ്പതിയിൽ വിതരണക്കാർ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16
