ഓസ്കറിലെ മലയാളി തിളക്കമായി സാജന്‍ സ്കറിയ

ഓസ്കറിലെ മലയാളി തിളക്കമായി സാജന്‍ സ്കറിയ
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്‍സൈഡ് ഔട്ട് എന്ന ചിത്രത്തിന്റെ പിന്നണിക്കാരില്‍ ഒരാളാണ് സാജന്‍ സ്കറിയ

ഇത്തവണത്തെ ഓസ്കര്‍ പുരസ്കാരത്തില്‍ മലയാളിക്കും അഭിമാനിക്കാം. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്‍സൈഡ് ഔട്ട് എന്ന ചിത്രത്തിന്റെ പിന്നണിക്കാരില്‍ മലയാളിയായ സാജന്‍ സ്കറിയയും ഉണ്ട്. ഇന്‍സൈഡ് ഔട്ടിന്റെ കഥാപാത്രസൃഷ്ടിയുടെ ചുമതലയായിരുന്നു സാജന്‍ സ്കറിയക്ക്.
30ാം വയസ്സില്‍ ഓസ്കര്‍ നേടണമെന്ന ആഗ്രഹം 42ാം വയസ്സിലെങ്കിലും സാജന്‍ എത്തിപ്പിടിച്ചു. തിരുവനന്തപുരം നാലാഞ്ചിറയില്‍ താമസക്കാരായ കണ്ടത്തില്‍ സ്കറിയയുടെയും തങ്കമ്മ ചാക്കോയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് സാജന്‍. ബിടെക് കഴിഞ്ഞ് ബംഗളൂരുവില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും തന്റെ വഴി ഇതല്ലെന്ന് സാജന്‍ തിരിച്ചറിഞ്ഞു. പിന്നെ ജോലി ഉപേക്ഷിച്ച് ടെക്സാസിലെ എ ആന്‍റ് എം യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ആനിമേഷന്‍ പഠനം. പഠനം കഴിഞ്ഞ് ആനിമേഷന്‍ സിനിമകളുടെ തലതൊട്ടപ്പന്മാരായ പിക്സാറില്‍ ജോലി. എന്നാല്‍ എല്ലാത്തിനും വഴിതെളിച്ചത് സ്കൂള്‍ കാലത്തെ ഒരു അപകടമാണെന്നതാണ് ഏറെ കൌതുകം. ചെറുപ്പത്തിലേ കാര്‍ട്ടൂണിനും ചിത്രരചനക്കും നിരവധി സമ്മാനങ്ങള്‍ നേടിയെങ്കിലും മകന്‍ ഒരിക്കല്‍ ഓസ്കര്‍ വരെയെത്തുമെന്ന് ഈ മാതാപിതാക്കള്‍ കരുതിയില്ല.
കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ സിനിമകളായ ഡിസ്നിയുടെ കാര്‍സ്, ടോയ് സ്റ്റോറി, ഓസ്കര്‍ നേടിയ ഫൈന്‍ഡിങ് നെമോ എന്നീ ചിത്രങ്ങളിലും സാജന്റെ പങ്കാളിത്തമുണ്ട്. സാജന്റെ രൂപകല്‍പനയില്‍ സ്ക്രീനില്‍ തിളങ്ങിയ കാര്‍സിലെ കഥാപാത്രം പിന്നീട് കളിപ്പാട്ടമായപ്പോള്‍ ഡിസ്നി പേരിട്ടത് സാജന്‍ സ്കറിയ എന്നാണ്.
Adjust Story Font
16

