Quantcast

ഓസ്‍കറില്‍ ഇന്ത്യന്‍ പ്രതീക്ഷയാകാന്‍ 'വിസാരണൈ'

MediaOne Logo

Alwyn

  • Published:

    26 May 2017 7:34 AM IST

ഓസ്‍കറില്‍ ഇന്ത്യന്‍ പ്രതീക്ഷയാകാന്‍ വിസാരണൈ
X

ഓസ്‍കറില്‍ ഇന്ത്യന്‍ പ്രതീക്ഷയാകാന്‍ 'വിസാരണൈ'

2017 ഓസ്കര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം വിസാരണൈ തെരഞ്ഞെടുത്തു.

2017 ഓസ്കര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം വിസാരണൈ തെരഞ്ഞെടുത്തു. മികച്ച വിദേശഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് വിസാരണൈ മത്സരിക്കുന്നത്.

മൂന്ന് ദേശീയ പുരസ്കാരങ്ങള്‍, വെനീസ് ചലച്ചിത്രമേളയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇറ്റാലിയ അവാര്‍ഡ് എന്നീ ബഹുമതികള്‍ക്ക് പിന്നാലെയാണ് വിസാരണൈക്ക് ഓസ്കറില്‍ മത്സരിക്കാനും അവസരം ലഭിച്ചത്. ഓസ്കര്‍ നോമിനേഷനുള്ള ഇന്ത്യയുടെ എന്‍ട്രിയാകാന്‍ 29 ചിത്രങ്ങളാണ് പരിഗണിച്ചത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ സംവിധായകന്‍ കേഥന്‍ മേത്ത അധ്യക്ഷനായ ജൂറി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി വിസാരണൈ തെരഞ്ഞെടുക്കുകയായിരുന്നു. മലയാളത്തില്‍ നിന്ന് സംവിധായകന്‍ ഹരികുമാറും ജൂറിയില്‍ ഉണ്ടായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം പൊലീസിന്റെ ക്രൂരതയെക്കുറിച്ചാണ് പറഞ്ഞത്. വെട്രിമാരനും, നടന്‍ ധനുഷും ആയിരുന്നു സിനിമയുടെ നിര്‍മാതാക്കള്‍.

കന്നഡ ചിത്രം തിത്തി, സോനം കപൂറിന്റെ നീര്‍ജ, അശ്വിന്‍ അയ്യര്‍ തിവാരിയുടെ നീല്‍ ഭട്ടേ സനാട്ട, ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങളെ തള്ളിയാണ് വിസാരണൈ തെരഞ്ഞെടുത്തത്. കോയമ്പത്തൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എം. ചന്ദ്രകുമാര്‍ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ലോക്കപ് എന്ന നോവലാണ് സിനിമയ്ക്ക് പ്രേരണ. വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക തമിഴ്‍ ചിത്രമെന്ന ബഹുമതിയും വിസാരണൈക്ക് സ്വന്തമാണ്. ഗുണ്ടൂരില്‍ നടക്കുന്ന വന്‍കൊള്ളയുടെ ഉത്തരവാദിത്വം നിരപരാധികളായ നാല് ചെറുപ്പക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ഇതിനായി പ്രയോഗിക്കുന്ന പൊലീസ് മുറയുമായിരുന്നു വിസാരണൈ പങ്കുവെച്ചത്. ആട്ടക്കത്തി ഫെയിം ദിനേഷ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, തുടങ്ങിയവരായിരുന്നു സിനിമയിലെ അഭിനേതാക്കള്‍. അടുത്ത വര്‍ഷം ഫെബ്രുവരി 27ന് ലോസ് ആഞ്ചല്‍സില്‍ വെച്ചാണ് 89ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.

TAGS :

Next Story