Quantcast

സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകം

MediaOne Logo

Subin

  • Published:

    27 Jan 2018 9:28 AM IST

സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകം
X

സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകം

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം...

സിനിമാ ചിത്രീകരണത്തിനിടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. രജ്പുത് കര്‍ണി സേനയുടെ പ്രവര്‍ത്തകരാണ് ബന്‍സാലിയെ മര്‍ദിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശ്യാം ബെനഗല്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി.

പുതിയ ചിത്രമായ പത്മാവതിയുടെ ലൊക്കേഷനില്‍ വച്ചാണ് ബന്‍സാലിക്ക് മര്‍ദനമേറ്റത്. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. ജയ്പൂര്‍ കോട്ടയിലെ ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്തിയ രജ്പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധവുമായി ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തി. റിലീസ് ചെയ്യാത്ത സിനിമയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപടണമെന്ന് സംവിധായകന്‍ ശ്യാം ബെനഗലും ആവശ്യപ്പെട്ടു.

രജ്പുത്രന്മാരുടെ നാട്ടില്‍ അശ്ലീലത കാണിക്കാനും പൂര്‍വികരെ അപമാനിക്കാനും അനുവദിക്കില്ലെന്ന് രജ്പുത് കര്‍ണി സേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി വ്യക്തമാക്കി. സംഭവത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് സിങ് കട്ടാരിയ അപലപിച്ചു. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2017 നവംബര്‍ 17 ന് ചിത്രം പുറത്തിറങ്ങും.

Next Story