Quantcast

വന്‍വിജയം നേടിയ 10 മലയാള ചിത്രങ്ങള്‍

MediaOne Logo

Sithara

  • Published:

    13 April 2018 8:31 PM IST

വന്‍വിജയം നേടിയ 10 മലയാള ചിത്രങ്ങള്‍
X

വന്‍വിജയം നേടിയ 10 മലയാള ചിത്രങ്ങള്‍

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നതിന് 2016 സാക്ഷിയായി. 20 ചിത്രങ്ങള്‍ മികച്ച കളക്ഷനും സ്വന്തമാക്കി.

സാമ്പത്തികമായി മലയാളസിനിമക്ക് നല്ല കാലമായിരുന്നു 2016. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നതിന് 2016 സാക്ഷിയായി. 20 ചിത്രങ്ങള്‍ മികച്ച കളക്ഷനും സ്വന്തമാക്കി. ഈ വര്‍ഷം വന്‍ വിജയം നേടിയ 10 ചിത്രങ്ങളെ പരിചയപ്പെടാം.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ് പോയവര്‍ഷം ഇറങ്ങിയ സിനിമകളിലെ താരം. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബ്ബില്‍ അംഗമാക്കിയത് പുലിമുരുകനാണ്. 100ഉം കടന്ന് 150 കോടി പിന്നിട്ടിട്ടും മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്നു. മോഹന്‍ലാലും - പീറ്റര്‍ ഹെയ്നും കൈകോര്‍ത്തപ്പോള്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങളും മലയാളികള്‍ കണ്ടു. ഷാജി പകര്‍ത്തിയ ദൃശ്യങ്ങളും ഗോപീ സുന്ദറിന്‍റെ സംഗീതവും വിജയഘടകങ്ങളായി.

മോഹന്‍ലാലിന്‍റെ തന്നെ ഒപ്പം ആണ് കളക്ഷന്‍ റെക്കോര്‍ഡുകളില്‍ പുലിമുരുകന് തൊട്ടുപിന്നില്‍. കൈവിട്ടുപോയ വിജയ ഫോര്‍മുല പ്രിയദര്‍ശന്‍ തിരിച്ചുപിടിക്കുന്നതാണ് ഒപ്പത്തിലൂടെ കണ്ടത്. 61 കോടിയാണ് ചിത്രം നേടിയ കളക്ഷന്‍.

തണുപ്പന്‍ മട്ടില്‍ തുടങ്ങി വന്‍ വിജയം നേടിയ ചിത്രമാണ് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. 1983ലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച എബ്രിഡ് ഷൈന്‍റെ വ്യത്യസ്തമായ ട്രീറ്റ്മെന്‍റായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇടുക്കിയുടെ നന്മ പറഞ്ഞ മഹേഷിന്‍റെ പ്രതികാരവും മലയാളികള്‍ പോയ വര്‍ഷം നെഞ്ചോടു ചേര്‍ത്തുവെച്ചു. ഫഹദിന്‍റെ ശക്തമായ തിരിച്ചുവരവിനും ചിത്രത്തിലൂടെ മലയാളികള്‍ സാക്ഷിയായി.

ആട് ഒരു ഭീകര ജീവിയാണിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മിഥുന്‍ മാനുവല്‍ തോമസ് ഈ വര്‍ഷം എത്തിയത് ആന്‍ മരിയ കലിപ്പിലാണ് എന്ന കുട്ടികളുടെ ചിത്രവുമായാണ്. ദൈവത്തിരുമകളില്‍ വിക്രത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച സാറ അര്‍ജുന്‍ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഗംഭീരമാക്കി.

പ്രവാസി മലയാളികളുടെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ നിവിന്‍ പോളി ചിത്രം ജേക്കബിന്‍റെ സ്വര്‍ഗരാജ്യവും 2016ല്‍ മികച്ച വിജയം നേടി. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകന്‍റെ കുപ്പായം അണിഞ്ഞത് മികച്ചൊരു കുടുംബചിത്രം സമ്മാനിക്കാന്‍ ആയിരുന്നു.

പൃഥ്വിരാജിന്‍റെ നാല് ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയെങ്കിലും പാവാടക്ക് മാത്രമാണ് ഭേദപ്പെട്ട കളക്ഷന്‍ നേടാനായത്. ചിത്രത്തിലെ പൃഥ്വിയുടെ മുഴുനീള മദ്യപാനിയുടെ വേഷം കയ്യടിനേടി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളവും വന്‍ വിജയം നേടി. അച്ഛന്‍ - മകന്‍ ബന്ധത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തില്‍ ബിജു മേനോന്‍റെും ആസിഫ് അലിയുടെയും പ്രകടനവും മികച്ചു നിന്നു.

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം യുവാക്കളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത് മുഴുവന്‍ പുതുമുഖങ്ങളും. അമര്‍ അക്ബര്‍ അന്തോണി ടീമിന്‍റെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ആയിരുന്നു ഈ വര്‍ഷം അവസാനത്തെ ഹിറ്റ് നല്‍കിയത്. സിനിമയുടെ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെ നായകനായി എത്തിയപ്പോള്‍ സിനിമക്ക് കൂടുതല്‍ ജീവന്‍ വെച്ചു.

Next Story