Quantcast

ഓസ്‍കര്‍ പുരസ്‍കാര പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം

MediaOne Logo

Alwyn K Jose

  • Published:

    22 April 2018 2:20 AM IST

ഓസ്‍കര്‍ പുരസ്‍കാര പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം
X

ഓസ്‍കര്‍ പുരസ്‍കാര പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം

ഡാമിയന്‍ ഷാസെല്‍ ഒരുക്കിയ ലാലാ ലാന്‍ഡിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ 9 ചിത്രങ്ങളാണുള്ളത് . ഡാമിയന്‍ ഷാസെല്‍ ഒരുക്കിയ ലാലാ ലാന്‍ഡിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

14 നോമിനേഷനുകളുമായാണ് മ്യൂസിക്കല്‍-റൊമാന്റിക് ചിത്രം ലാലാലാന്‍ഡ് ഓസ്കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
സെബാസ്റ്റ്യന്റേയും മിയയുടേയും പ്രണയകഥ പറയുന്ന ചിത്രം മികച്ച ദൃശ്യാനുഭവമായാണ് വിലയിരുത്തപ്പെട്ടത്. റയാന്‍ ഗോസ്‌ലിങും എമ്മ സ്റ്റോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആഫ്രോ-അമേരിക്കന്‍ വംശജനും അമേരിക്കയിലെ ശുചീകരണതൊഴിലാളിയുമായ ട്രോയ് മാക്സണിന്റേയും കുടുംബത്തിന്റേയും കഥപറയുന്ന ചിത്രമാണ് ഡെന്‍സല്‍ വാഷിങ്ടണ്‍ ഒരുക്കിയ ഫെന്‍സസ്. ട്രോയ് മാക്സണായി ഡെന്‍സല്‍ വാഷിങ്ടണ്‍ തന്നെ എത്തുന്നു. ഭാര്യ റോസ് മാക്സണെ അവതരിപ്പിച്ച വയോല ഡേവിസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ആമി ആഡംസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് അറൈവല്‍. ഡെന്നിസ് വല്യനേവ് സംവിധാനം ചെയ്ത ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന ശൂന്യാകാശവാഹനങ്ങളുടെ നിഗൂഢതയിലൂടെയാണ് പുരോഗമിക്കുന്നത്.

ലീ ചാന്‍ഡ്‌ലര്‍ എന്ന നായക കഥാപാത്രത്തെ പൂര്‍ണതയിലെത്തിച്ച കെയ്സി അഫ്ലേക്കിന്റെ പ്രകടനമാണ് മാഞ്ചസ്റ്റര്‍ ബൈദ സീയെ ശ്രദ്ധേയമാക്കുന്നത്. കെന്നത്ത് ലോനര്‍ഗനാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മെല്‍ഗിബ്സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ബയോഗ്രഫിക്കല്‍ യുദ്ധചിത്രമായ ഹാക്സോ റിഡ്ജ്. യുദ്ധ വേളയിൽ നിരായുധനായി നിന്ന് നിരവധി സൈനികരെ രക്ഷപ്പെടുത്തിയ യുഎസ് ആർമി മെഡിക് ഡെസ്മണ്ട് ദോസിന്റെ ആത്മകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ചിത്രം. ആന്‍‍ഡ്ര്യൂ ഗ്രാന്‍ഡ്ഫീല്‍ഡാണ് നായകൻ. ഹൊവാര്‍ഡ് സഹോദരങ്ങള്‍നടത്തുന്ന ബാങ്ക് കവര്‍ച്ചകളുടേയും അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടേയും കഥയാണ് ഹെല്‍ ഓര്‍ ഹൈ വാട്ടര്‍. ഡേവിഡ് മക്കെന്‍സിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നാസയുടെ വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കാതറൈന്‍ ജോണ്‍സണ്‍, ഡൊറോത്തി വോഗന്‍, മേരി ജാക്സണ്‍ എന്നീ ആഫ്രോ-അമേരിക്കന്‍ യുവതികളുടെ ചെറുത്തുനില്‍പ്പിന്റെയും വിജയത്തിന്റേയും കഥ പറയുകയാണ് ഹിഡന്‍ ഫിഗേഴ്സ്.

ആഫ്രോ-അമേരിക്കന്‍ ജനതയുടെ നിലവിലെ ജീവിതം തുറന്ന് കാണിക്കുകയാണ് ബാരി ജെങ്കിന്‍സിന്റെ മൂണ്‍ലൈറ്റ്. സ്വത്വം, കുടുംബം, സൌഹൃദം, പ്രണയം തുടങ്ങിയ ഘട്ടങ്ങളിലൂടെയെല്ലാം ചിത്രം കടന്ന് പോകുന്നു. അഞ്ചാം വയസില്‍ തനിക്ക് നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന സരൂ ബ്രയേര്‍ലിയുടെ ജീവിതകഥയാണ് ലയണ്‍ പറയുന്നത്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാര്‍ത്ത് ഡേവിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 9 ചിത്രങ്ങള്‍ തമ്മില്‍ കടുത്ത പോരാട്ടമാണെങ്കിലും ബാഫ്റ്റ പുര്സ്കാരം വാരിക്കൂട്ടിയ ലാലാ ലാന്‍ഡ് തന്നെ ഓസ്കറും നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ചലച്ചിത്രലോകം.

Next Story