ശാലീനനായികമാര്‍ക്കിടയിലേക്ക് വന്ന രാജിയും അവളുടെ രാവുകളും

ശാലീനനായികമാര്‍ക്കിടയിലേക്ക് വന്ന രാജിയും അവളുടെ രാവുകളും
മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിരുന്നിട്ടുകൂടി അതൊരു സ്ത്രീപക്ഷ സിനിമയായിരുന്നു
പുളിയിലക്കരമുണ്ടും ചന്ദനക്കുറിയും വാതില്‍പ്പാളിയിലൂടെ കാണുന്ന പാതിമുഖവുമുള്ള മലയാളി നായികമാര്‍ക്കിടയിലേക്ക് അഭിസാരികയായ ഹാഫ് ഷര്‍ട്ടിട്ട രാജിയെ അവതരിപ്പിച്ചത് ഐവി ശശി ആയിരുന്നു. മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിരുന്നിട്ടുകൂടി അതൊരു സ്ത്രീപക്ഷ സിനിമയായിരുന്നു. അന്നുവരെയുള്ള നായികാ സങ്കല്‍പങ്ങളെയും കഥാപാത്ര സങ്കല്‍പങ്ങളെയും തട്ടിമറിച്ചുകൊണ്ടാണ് ശശി രാജി എന്ന അഭിസാരികയുടെ ജീവിതത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.

അന്നുവരെ നായികമാരുടെ നിഴലില്‍ മാത്രം ഒതുങ്ങിയിരുന്ന,നൃത്തരംഗങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു ശാന്തി എന്ന തെറിച്ച ഡാന്‍സുകാരി പെണ്ണിനെ സീമ എന്ന പേരില്‍ നായികയായി അവതരിപ്പിച്ചു ശശി. മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം നിരസിച്ച ആ റോള്‍ പിന്നീട് സീമ എന്ന അഭിനേത്രിയുടെ കരിയറിലെ മികച്ച വേഷമായി മാറി. ലൈംഗികതൊഴിലാളിയായ രാജിയെ മനോഹരമായി അവതരിപ്പിച്ച സീമയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് ഐവി ശശിയുടെ ജീവിതനായികയായും സീമ മാറി. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിരുന്നിട്ടു കൂടി ഗൌരവമായ വായനയ്ക്ക് വിധേയമായ ചിത്രമായിരുന്നു അവളുടെ രാവുകള്‍. കഥാകൃത്ത് ആലപ്പി ഷെറീഫ് അക്കാലത്ത് ഒരു വാരികയില്‍ എഴുതിയ അവളുടെ രാവുകൾ പകലുകൾ എന്ന കഥയാണ് പീന്നീട് അവളുടെ രാവുകള്‍ എന്ന പേരില്‍ സിനിമയായത്.
എ ടി ഉമ്മർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. 1977ൽ പുറത്തിറങ്ങിയ സ്വാമി എന്ന ഹിന്ദി ചിത്രത്തിനു രാജേഷ് രോഷൻ ഈണം നൽകിയ പ്രശസ്ത ഹിന്ദി ഗാനമായ പൽഭർ മെം യേ ക്യാ ഹോ ഗയാ എന്ന ഗാനം രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ എന്ന പാട്ടായും 1973ലെ ചിത്രമായ ഝീൽ കേ ഉസ് പാർ എന്ന ആർ ഡിബർമ്മൻ ചിത്രത്തിലെ കെഹ രഹീ ഹൈ യേ ആസൂ എന്ന ഗാനം ഉണ്ണി ആരാരിരോ എന്ന ഗാനമായും അവളുടെ രാവുകളിലൂടെ മലയാളികളുടെ കാതുകളിലേക്കിറങ്ങി.
രവികുമാര്‍, സുകുമാരന്‍, തോപ്പില്‍ഭാസി, ഉമ്മര്‍, സോമന്‍, ബഹദൂര്‍, മാള അരവിന്ദന്‍, ജനാര്‍ദ്ദനന്‍, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മലയാളത്തിലെ ഹിറ്റായ ചിത്രം ഹേർ നൈറ്റ്സ് എന്ന പേരിൽ ഹിന്ദിയിലും അവളിൻ ഇരവുകൾ എന്ന പേരിൽ തമിഴിലും മൊഴിമാറ്റം ചെയ്തും കമല എന്ന പേരിൽ കന്നടയിൽ റീമേക്ക് ചെയ്തു. ഈ ചിത്രത്തിൽ സീമയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മല്ലിക സുകുമാരനായിരുന്നു.
നീലത്താമര, രതിനിര്‍വേദം,ചട്ടക്കാരി പോലുള്ള ചിത്രങ്ങള്‍ റീമേക്കിലൂടെ വീണ്ടും തിയറ്ററുകളിലെത്തിയപ്പോള്‍ അവളുടെ രാവുകളുടെ റീമേക്ക് ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
Adjust Story Font
16

