പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ തല്‍സമയ സംഗീത പരിപാടി നിര്‍ത്തി ചീത്തവിളിച്ച ആതിഫ് അസ്ലം

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ തല്‍സമയ സംഗീത പരിപാടി നിര്‍ത്തി ചീത്തവിളിച്ച ആതിഫ് അസ്ലം
മുന്‍നിരയിലെ പെണ്‍കുട്ടിയോട് ഒരു കൂട്ടം യുവാക്കള്‍ അപമര്യാദയായി പെരുമാറുന്നത് കണ്ട അതിഫ് അസ്ലം പരിപാടി നിര്‍ത്താന്‍ സംഘാംഗങ്ങളോട് നിര്‍ദ്ദേശിക്കുകയായിരുന്നു...
പീഡനങ്ങള്‍ക്കു നേരെ എങ്ങനെ പ്രതികരിക്കണമെന്നതിന്റെ ഒന്നാന്തരം മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പാകിസ്താന്‍ ഗായകന്‍ അതിഫ് അസ്ലം. തല്‍സമയ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടെ സദസിലെ മുന്‍നിരയില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ ഒരുകൂട്ടം യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട അസ്ലം പാട്ട് നിര്‍ത്തിവെച്ച് ഇവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
ശനിയാഴ്ച്ച രാത്രിയില്‍ പാകിസ്താനില്‍ നടന്ന ഒരു സംഗീത നിശക്കിടെയായിരുന്നു സംഭവം. മുന്‍നിരയിലെ പെണ്‍കുട്ടിയോട് ഒരു കൂട്ടം യുവാക്കള്‍ അപമര്യാദയായി പെരുമാറുന്നത് കണ്ട അതിഫ് അസ്ലം പരിപാടി നിര്‍ത്താന്‍ സംഘാംഗങ്ങളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം അസ്ലം നേരിട്ട് ഇവരോട് പ്രതികരിക്കുകയും ചെയ്തു.
നിങ്ങള്‍ നേരത്തെ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ എന്നായിരുന്നു അസ്ലമിന്റെ ചോദ്യം. നിങ്ങളുടെ അമ്മയോ പെങ്ങളോ ഈ സ്ഥാനത്തായിരുന്നാല്‍ എങ്ങനെയാകും പ്രതികരണമെന്നും അസ്ലം ചോദിച്ചു. ഇതോടെ കാര്യം മനസിലാക്കിയ കാഴ്ച്ചക്കാര്‍ ആതിഫ്, ആതിഫ് വിളികളോടെ പ്രതികരിക്കുകയായിരുന്നു. ഇതിന്‌ശേഷം ആ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പാക് സ്വദേശിയായ ഗായകനും നടനുമാണ് 33കാരനായ മുഹമ്മദ് ആതിഫ് അസ്ലം. മഹേഷ് ഭട്ട് വഴി 2005ല്‍ സെഹറിലായിരുന്നു ബോളിവുഡില്‍ അസ്ലമിന്റെ അരങ്ങേറ്റം. ബോളിവുഡില്‍ അസ്ലമിന്റെ നിരവധി പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാണെങ്കിലും അദ്ദേഹത്തെ പൂനെയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് 2015ല്‍ ആതിഫ് അസ്ലമിന്റെ സംഗീത പരിപാടി പൂനെയില്‍ റദ്ദാക്കപ്പെട്ടു.
Adjust Story Font
16

