Quantcast

ഫഹദിന്റെ കള്ളത്തരങ്ങള്‍ കണ്ട് അമ്പരന്ന് സത്യന്‍ അന്തിക്കാട്

MediaOne Logo

Jaisy

  • Published:

    17 May 2018 7:12 PM GMT

ഫഹദിന്റെ കള്ളത്തരങ്ങള്‍ കണ്ട് അമ്പരന്ന് സത്യന്‍ അന്തിക്കാട്
X

ഫഹദിന്റെ കള്ളത്തരങ്ങള്‍ കണ്ട് അമ്പരന്ന് സത്യന്‍ അന്തിക്കാട്

ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം മികച്ച സിനിമകളുടെ പട്ടികയിലേക്ക് ആദ്യദിവസം തന്നെ ചേക്കേറിയതാണ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ ശരിക്കും അതിശയപ്പെടുത്തുന്നതായിരുന്നു. കള്ളനായുള്ള ഫഹദിന്റെ പകര്‍ന്നാട്ടം അത്യുജ്ജലമായിരുന്നുവെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. താരത്തിന്റെ കള്ളനെ കണ്ട് അന്തംവിട്ടിരിക്കുകയാണ് സംവിധായകന്‍ അന്തിക്കാടും. നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് താന്‍ അമ്പരന്നതായി സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

ചില 'കാഴ്ച' പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് തൊണ്ടിമുതൽ കണ്ടത്. സന്ധ്യ കഴിഞ്ഞാൽ നമ്മുടെ സ്വീകരണ മുറികൾ ചാനൽ ചർച്ചകൾ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലമ്പും കൊടുത്താൽ മദമിളകിയ ചിലർ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണൽ തന്നെ മലയാളികൾ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുന്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

"തൊണ്ടിമുതലും ദൃക്‌സാക്ഷിയും" എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, "അവൻ അഭ്രത്തിൽ ഒരു കാവ്യമായി മാറി" എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ്‌ സേനനുമൊക്കെ മലയാള സിനിമയ്‌ക്ക് നൽകിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അമ്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ.

നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.

TAGS :

Next Story