Quantcast

'അമ്മ' വെട്ടിലായി; തെറ്റ് ഏറ്റുപറയുമോ? രാഷ്ട്രീയ'താര'ങ്ങളുടെ നിലപാട് ഇനിയെന്ത്?

MediaOne Logo

Alwyn K Jose

  • Published:

    18 May 2018 10:06 PM IST

അമ്മ വെട്ടിലായി; തെറ്റ് ഏറ്റുപറയുമോ? രാഷ്ട്രീയതാരങ്ങളുടെ നിലപാട് ഇനിയെന്ത്?
X

'അമ്മ' വെട്ടിലായി; തെറ്റ് ഏറ്റുപറയുമോ? രാഷ്ട്രീയ'താര'ങ്ങളുടെ നിലപാട് ഇനിയെന്ത്?

ആദ്യം നടിക്ക് കാര്യമായ പിന്തുണ നല്‍കാതിരുന്ന അമ്മ ദിലീപിനെ ചോദ്യം ചെയ്തതോടെ രണ്ട് പേര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരുന്നു

നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുടുങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് താര സംഘടനയായ അമ്മ. ആദ്യം നടിക്ക് കാര്യമായ പിന്തുണ നല്‍കാതിരുന്ന അമ്മ ദിലീപിനെ ചോദ്യം ചെയ്തതോടെ രണ്ട് പേര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ പുറത്ത് എല്ലാം പഴിചാരി രാഷ്ട്രീയക്കാരായ നടന്‍മാര്‍ അടക്കമുളളവര്‍ രംഗത്ത് വന്നെങ്കിലും ഇവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് അറസ്റ്റിലൂടെ ഉണ്ടായത്.

നടി അക്രമിക്കപ്പെട്ടപ്പോള്‍ പേരിന് ഒരു പ്രതിഷേധ യോഗം മാത്രം നടത്തിയ അമ്മയെന്നസംഘടന നടിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ മടിക്കുന്ന കാഴ്ചയാണ് കാണാനായത്. മഞ്ജുവാര്യര്‍ റിമ കല്ലിങ്കല്‍ തുടങ്ങിയ ചില നടിമാര്‍ മാത്രമാണ് നടിക്കൊപ്പം ഉറച്ച് നിന്നത്. ശക്തി കുറഞ്ഞപ്പോള്‍ സിനിമയിലെ സ്ത്രീകള്‍ക്കായി പുതിയ സംഘടനയും ഉണ്ടായി. എന്നാല്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടതോടെ അമ്മയുടെ സ്വഭാവം മാറി. എക്സിക്യൂട്ടീവിലും ജനറല്‍ ബോഡിയിലും നടിക്കുവേണ്ടി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട നടന്‍മാര്‍ ആക്രോശിച്ചത് മലയാളികള്‍ മറന്നിട്ടില്ല. മാധ്യമങ്ങളാണ് എല്ലാത്തിനും കാരണമെന്ന് എംഎല്‍എമാരായ മുകേഷും ഗണേഷും അലറിയപ്പോള്‍ എംപിയായ ഇന്നസെന്റും ഇതിന് ഒപ്പം നിന്നു.

നടിക്ക് ലഭിക്കാതിരുന്ന പിന്തുണ ചോദ്യംചെയ്യലിന് വിധേയനായ നടന് നല്‍കേണ്ടി വന്നപ്പോള്‍ ഇരുവര്‍ക്കുമുള്ള പിന്തുണയായി അതിനെ മാറ്റിയെടുത്ത് തടിതപ്പാനായിരുന്നു അമ്മ ശ്രമിച്ചത്. താരരാജാക്കന്‍മാരും ഈ വിഷയത്തില്‍ മൌനം പാലിച്ചു. അമ്മയ്ക്കുള്ളിലെ പ്രതിഷേധങ്ങളെ അതിനുള്ളില്‍ തന്നെ അടിച്ചമര്‍ത്തി എല്ലാം മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ ഇത് താറുമാറായി. ഇനി മലയാളികള്‍ക്ക് അറിയേണ്ടത് തെറ്റുകള്‍ ഏറ്റുപറയാന്‍ അമ്മയെന്ന സംഘടന തയ്യാറാകുമോ എന്നാണ്.

Next Story