Quantcast

നിവിന്‍ പോളി ഇനി കായംകുളം കൊച്ചുണ്ണി

MediaOne Logo

Sithara

  • Published:

    22 May 2018 5:47 PM GMT

നിവിന്‍ പോളി ഇനി കായംകുളം കൊച്ചുണ്ണി
X

നിവിന്‍ പോളി ഇനി കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

നിവിന്‍ പോളി ഇനി കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്.

കേരള ചരിത്രത്തിലെ ജനകീയ കള്ളന്‍. പണക്കാരുടെ ധനം കവര്‍‌ന്ന് പാവങ്ങള്‍ക്ക് നല്‍കിയ ഇതിഹാസം. 19ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണി എന്ന ഭാഗത്തില്‍ നിന്നുമാണ് സിനിമക്കായി വികസിപ്പിച്ചത്. ആദ്യമായാണ് നിവിന്‍പോളി ചരിത്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു.

കേരളം ആഘോഷിച്ച റോബിന്‍ഹുഡിന്റെ ജീവിതം സ്ക്രീനില്‍ എത്തിക്കാനായതില്‍ സന്തോഷമെന്ന് നിവിന്‍പോളി പറഞ്ഞു. പുത്തന്‍ സാങ്കേതികതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. അമലപോളാണ് നായിക. സണ്ണി വെയ്ന്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മാതാവ്. പഴശ്ശിരാജക്ക് ശേഷം ചരിത്രപശ്ചാത്തലത്തില്‍ ഗോകുലം മൂവിസ് നിര്‍മിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.

റോഷന്‍ - ബോബി - സഞ്ജയ് കൂട്ടുകെട്ട് ആറാം തവണ ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബോബി - സഞ്ജയ് ടീമിന്റെ കന്നി ചരിത്ര സിനിമയാണിത്. കൊച്ചുണ്ണി ജീവിച്ചിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലവും കാലഘട്ടവുമാണ് സിനിമയില്‍ സ്വീകരിക്കുന്നത്. കൊച്ചുണ്ണിയുടെ ധീരസാഹസിക പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചാകും സിനിമയുടെ വികാസം. വന്‍ സംഘട്ടനരംഗങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഏഴ് ആക്ഷന്‍ സീനുകളുണ്ട് ചിത്രത്തില്‍.

ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സംഘവും ചിത്രത്തില്‍ അണിനിരക്കും. ബോളിവുഡിലെ മുന്‍നിര ഛായാഗ്രഹകനായ ബിനോദ് പ്രധാനാണ് ചിത്രം കാമറയിലാക്കുക. റഫീഖ് അഹമ്മദും ഷോബി കണ്ണങ്കാടും എഴുതുന്ന ഗാനങ്ങള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കും. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ബാഹുബലി സിനിമകളുടെ ഗ്രാഫിക്സ് ഒരുക്കിയ സംഘമാണ് കായംകുളം കൊച്ചുണ്ണിയുടെയും അണിയറയില്‍. ശബ്ദമിശ്രണത്തിലും ബാഹുബലി സംഘം തന്നെ പ്രവര്‍ത്തിക്കും.

TAGS :

Next Story