Quantcast

വിനയപൂര്‍വം വിനായകന്‍...

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 2:22 AM GMT

വിനയപൂര്‍വം വിനായകന്‍...
X

വിനയപൂര്‍വം വിനായകന്‍...

വില്ലനായും സഹനടനായും മാത്രം സിനിമയില്‍ ഒതുങ്ങിയിരുന്ന വിനായകന്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് ഒരു കേന്ദ്രകഥാപാത്രത്തിന്റെ വേഷമണിയുന്നത്.

വില്ലനായും സഹനടനായും മാത്രം സിനിമയില്‍ ഒതുങ്ങിയിരുന്ന വിനായകന്‍, രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് ഒരു കേന്ദ്രകഥാപാത്രത്തിന്റെ വേഷമണിയുന്നത്. ഒരു താരം എന്ന വിശേഷണത്തേക്കാള്‍ ഒരു നടന്‍ എന്നു പറയുന്നതായിരിക്കും വിനായകന് കൂടുതല്‍ യോജിക്കുക.

സിനിമയില്‍ കഥാപാത്രമായി ജീവിക്കുന്ന വിനായകന്‍, പൊതുവേദിയില്‍ നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യനാണ്. അതാണ് വിനായകന്‍ തന്നെ ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കണമെന്ന് ഒന്നടങ്കം സിനിമപ്രേമികള്‍ ആഗ്രഹിക്കാന്‍ ഒരു കാരണം. താരപരിവേഷങ്ങളില്ലാതെ പ്രേക്ഷകര്‍ക്കിടയില്‍ അവരിലൊരാളി നില്‍ക്കുന്നു എന്നതു തന്നെയാണ് വിനായകനെ താരത്തിനപ്പുറം ഒരു സുഹൃത്തായോ മകനായോ ഒക്കെ പ്രേക്ഷകര്‍ കൂടെക്കൂട്ടുന്നത്. കൊച്ചിയില്‍ ചെന്നാല്‍ പലപ്പോഴും ഒഴിവുനേരങ്ങളില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ തട്ടുകടയില്‍ ഒരു സാധാരണക്കാരനെ പോലെ കാണാം വിനായകനെ. അതുപോലെ മറ്റെവിടെയാണെങ്കിലും, സിനിമാ താരങ്ങള്‍ ജനങ്ങളില്‍ നിന്നു മാറിനില്‍ക്കേണ്ടവരാണെന്ന താരതത്വങ്ങള്‍ അവഗണിച്ചിരുന്ന മനുഷ്യനായിരുന്നു വിനായകന്‍. ഇതുകൊണ്ടൊക്കെ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ സ്വന്തം പ്രൊമോഷന്‍ തന്ത്രങ്ങളില്ലാതെ ജനങ്ങള്‍ തന്നെ വിനായകനെ നെഞ്ചേറ്റുന്നതും.

ഇന്ന് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരുന്നപ്പോള്‍ മികച്ച നടനായി വിനായകന്‍ അല്ലാതെ മറ്റാരും തന്നെ ആരുടെയും മനസിലേക്ക് കടന്നുവന്നിട്ടുണ്ടാകില്ല. എങ്കിലും താരപ്രഭയില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്കയും നിഴലിച്ചിരുന്നു. കമ്മട്ടിപ്പാടത്തില്‍ ഗംഗയെന്ന കഥാപാത്രമായി വിനായകന്‍ വേഷമിട്ടപ്പോള്‍ അയാള്‍ ഗംഗ തന്നെ ആയിരുന്നോയെന്ന തോന്നിക്കും വിധത്തിലായിരുന്നു വെള്ളിത്തിരയിലെ പ്രകടനം. നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നെങ്കിലും ഗംഗയെയാണ് പ്രേക്ഷകര്‍ കൂടെക്കൂട്ടിയത്. കൃഷ്ണാ.. ഞാനാടാ.. ഗംഗയാടാ... എന്ന ഡയലോഗ് മാത്രം മതിയാകും വിനായകനെ ഓര്‍ത്തിരിക്കാന്‍. ഗംഗക്കൊപ്പം വിനായകനും വളര്‍ന്നു. കലര്‍പ്പില്ലാത്ത അഭിനയം തന്നെയാണ് വിനായകന്‍ എന്ന നടനെ ചലച്ചിത്രലോകം ഏറ്റെടുക്കാന്‍ കാരണം. അത് വില്ലനായാലും സഹനടന്‍ ആയാലും തന്റെ കഥാപാത്രത്തിന് യഥാര്‍ഥ്യബോധത്തോടെ ജീവന്‍ നല്‍കുകയാണ് വിനായകന്‍ ചെയ്യുക. അത് അയാള്‍ വളര്‍ന്നുവന്ന ജീവിതസാഹചര്യങ്ങളുടെ ശേഷിപ്പുകള്‍ കാരണമാകും.

സൌന്ദര്യവും നിറവും ഗ്രേഡ് നിശ്ചിയിച്ചിരുന്ന മലയാള സിനിമയില്‍ കലാഭവന്‍ മണിയെ പോലെയോ ശ്രീനിവാനെ പോലെയോ ഒറ്റപ്പെട്ട പ്രതിഭയായി സ്വന്തം സ്ഥാനം പിടിച്ചടക്കുകയാണ് വിനായകന്‍. അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടുമാത്രം തന്റെ പ്രതിഭയെ അഭ്രപാളിയില്‍ എത്തിക്കാന്‍ കഴിയാതെ പോയ അഭിനേതാവ് കൂടിയാണ് ഇയാള്‍. അടുത്തിടെ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു പല അവാര്‍ഡുകളും താരരാജാക്കന്‍മാരെ തൃപ്തിപ്പെടുത്താനുള്ള കെട്ടുകാഴ്ചകള്‍ ആയിരുന്നു. അവിടെയൊക്കെ വിനായകനെന്ന നടന്‍ അവഗണിക്കപ്പെട്ടു. പക്ഷേ അയാള്‍ ഒരു പരാതിയും പറഞ്ഞില്ല. തനിക്ക് വേണ്ടി അയാള്‍ ശബ്ദമുയര്‍ത്തിയില്ല. എന്നാല്‍ വിനായകന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ജനത ഇവിടെയുണ്ടായി. അവരുടെ ശബ്ദത്തിനും മുകളില്‍ മുഴക്കമുണ്ടാക്കാന്‍ വേറെയാര്‍ക്കുമായില്ല. അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞപ്പോഴും അയാളില്‍ നിന്ന് അമിതാഹ്ലാദമുണ്ടായില്ല. തികച്ചതും പക്വമായ പ്രതികരണം.

മുമ്പ് പലപ്പോഴും സംസ്ഥാന അവാര്‍ഡുകള്‍ ആരൊക്കെയോ തൃപ്തിപ്പെടുത്തുന്നതിനോ പ്രീതിപ്പെടുത്താനോയുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കപ്പെടുമോയെന്ന സംശയിച്ചിരുന്നു. എന്നാല്‍ വിനായകന്‍ എന്ന നടനെ തഴയാന്‍ ആര്‍ക്കുമായില്ല. വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തപ്പോള്‍ സംസ്ഥാന അവാര്‍ഡ് കെട്ടുകാഴ്ചയാണെന്ന ആക്ഷേപത്തിന് കൂടിയാണ് വിരാമമാകുന്നത്. ഇവിടെ ജൂറി അംഗങ്ങള്‍ക്കും അഭിമാനിക്കാം, ജനവികാരത്തിനൊപ്പം നിന്നതിന്... മികച്ച നടന് തന്നെ പുരസ്‍കാരം നല്‍കിയതിന്....

TAGS :

Next Story