Quantcast

വിനയനെ വിലക്കിയ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ

MediaOne Logo

Sithara

  • Published:

    27 May 2018 2:01 PM GMT

വിനയനെ വിലക്കിയ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ
X

വിനയനെ വിലക്കിയ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ

സംവിധായകന്‍ വിനയന് വിലക്കേര്‍പ്പെടുത്തിയതില്‍ സിനിമാ സംഘടനകള്‍ക്ക് പിഴ.

സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കക്ക് എണ്‍പത്തി അയ്യായിരം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇരു സംഘടനകളുടെയും ഭാരവാഹികളായ ഇന്നസെന്‍റ്, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

ഇന്ത്യന്‍ കോമ്പറ്റിഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മലയാള സിനിമ വ്യവസായത്തില്‍ സ്വതന്ത്രമായി പങ്കാളിയാകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സിനിമ സംഘടനകളായ അമ്മയും ഫെഫ്കയും വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്. പരാതിയില്‍ ആരോപിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തിയില്‍ സംഘടനകളും അതിന്‍റെ ഭാരവാഹികളും ഏര്‍പ്പെട്ടുവെന്ന് ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. നിലവില്‍ അത്തരത്തിലുള്ള വിലക്ക് തുടരുന്നുണ്ടെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണം. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘടനകളുടെ വാര്‍ഷിക വരുമാനത്തിന്‍റെ അഞ്ച് ശതമാനം പിഴയായി അടക്കാനും ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് അമ്മ നാല് ലക്ഷം രൂപയും, ഫെഫ്ക 85594 രൂപയും പിഴയടക്കണം.

പരാതിയിലെ മറ്റ് കക്ഷികളായ സംവിധായക യൂണിയന്‍ 3.86 ലക്ഷം രൂപയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ 56661 രൂപ പിഴയും കെട്ടിവെക്കണം. സംഘടനകളുടെ ഭാരവാഹികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്‍റെ മൂന്ന് ശതമാനമാണ് പിഴ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നസെന്‍റ് 51478 രൂപ, ഇടവേള ബാബു 19113 രൂപ, സിബിമലയില്‍ 66356 രൂപ, ബി ഉണ്ണിക്കൃഷ്ണന്‍ 32026 രൂപ, കെ മോഹനന്‍ 27737 രൂപയുമാണ് പിഴ നല്‍കേണ്ടത്. 60 ദിവസത്തിനുള്ള പിഴസംഖ്യ അടച്ച് തീര്‍ക്കണം.

TAGS :

Next Story