Quantcast

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി 'ന്യൂട്ടന്‍' കോപ്പിയടിയല്ലെന്ന്   

MediaOne Logo
ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ന്യൂട്ടന്‍ കോപ്പിയടിയല്ലെന്ന്   
X

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി 'ന്യൂട്ടന്‍' കോപ്പിയടിയല്ലെന്ന്   

ഇറാനിന്റെ സീക്രട്ട് ബാലറ്റ് എന്ന ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു

ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്നു രാജ്കുമാര്‍ റാവു നായകനായ ന്യൂട്ടന്‍. അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം ഇറാനിന്റെ സീക്രട്ട് ബാലറ്റ് എന്ന ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചിത്രം ഓസ്‌കര്‍ പ്രവേശം നേടിയതിന് പിന്നാലെയാണ് വിമര്‍ശനം കനത്തത്. എന്നാല്‍ അത്തരം ആരോപണങ്ങളെ തള്ളി സീക്രട്ട് ബാലറ്റ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മാര്‍ക്കോ മുളളര്‍ തന്നെ രംഗത്തെത്തി. അദ്ദേഹം പറയുന്നത് ചിത്രം കോപ്പിയടിയല്ലെന്നാണ്. രചനാമോഷണത്തിന്റെ സൂചന പോലുമില്ലെന്നാണ് മുള്ളര്‍ വ്യക്തമാക്കുന്നത്. കോപ്പിയടി പ്രചാരണം വ്യാപകമായതോടെ ന്യൂട്ടന്റെ അണിയറക്കാരാണ് മുള്ളര്‍ക്ക് ചിത്രം അയച്ച് കൊടുത്തത്. ചിത്രത്തെ അഭിനന്ദിച്ച മുള്ളര്‍ തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

സംവിധായകന്‍ അനുരാഗ് കശ്യപ്പാണ് മുള്ളറുമായി നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നേരത്തെ ന്യൂട്ടനെ പുകഴ്ത്തി അനുരാഗ് രംഗത്ത് എത്തിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാര പ്രവേശനത്തിന് അര്‍ഹതയുള്ള ചിത്രം എന്നാണ് അദ്ദേഹം ന്യൂട്ടനെ വിശേഷിപ്പിച്ചത്. തുടക്കത്തില്‍ പിന്നാക്കം പോയ ന്യൂട്ടന്‍ ഓസ്‌കര്‍ എന്‍ട്രിയോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാവോയിസ്റ്റ് ബാധിത പ്രദേശത്ത് പോളിങ് ഓഫീസറായി പോകുന്ന കഥയാണ് ന്യൂട്ടന്‍. സീക്രട്ട് ബാലറ്റിന്റേതും സമാനമായ പ്രമേയമായിരുന്നു.

Next Story