ബോക്സ് ഓഫീസില്‍ കൊമ്പ് കോര്‍ക്കാന്‍ ഷാരൂഖും ഹൃത്വികും

ബോക്സ് ഓഫീസില്‍ കൊമ്പ് കോര്‍ക്കാന്‍ ഷാരൂഖും ഹൃത്വികും
ഷാരൂഖ് ഖാന്റെ റയീസും ഹൃത്വിക് റോഷന്‍റെ കാബിലും ബുധനാഴ്ച തിയേറ്ററുകളിലേക്കെത്തും
ബോളിവുഡില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്. ഷാരൂഖ് ഖാന്റെ റയീസും ഹൃത്വിക് റോഷന്‍റെ കാബിലും ബുധനാഴ്ച തിയേറ്ററുകളിലേക്കെത്തും. കാബിലിന്റെ റിലീസ് ദിനം തന്നെ റയീസും റിലീസ് ചെയ്യുന്നതിനെതിരെ നേരത്തെ കാബിലിന്റെ നിര്‍മാതാവ് രാകേഷ് റോഷന്‍ രംഗത്തെത്തിയിരുന്നു.
80കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് റയീസ് ഒരുക്കിയത്. ഗുജറാത്തിലെ മദ്യ വ്യവസായിയും അധോലോക നായകനുമായ റയീസായി കിങ് ഖാനെത്തുന്നു. അണിയറ പ്രവര്‍ത്തകര്‍ നിഷേധിക്കുന്നുണ്ടെങ്കിലും അധോലോക നായകന്‍ അബ്ദുല്‍ ലത്തീഫിന്റെ ജീവിതവുമായി കഥക്ക് ഏറെ സാമ്യമുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖി, മഹിരാ ഖാന്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ഒരു ഐറ്റം ഡാന്‍സില്‍ സണ്ണി ലിയോണും വേഷമിടുന്നു. പാക് നടി മഹിരാ ഖാന്‍ അഭിനയിച്ചതിനാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് നവ നിര്‍മ്മാണ്‍ സേന രംഗത്തെത്തിയെങ്കിലും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. രാഹുല്‍ ദോലാക്കിയ സംവിധാനം ചെയ്യുന്ന റയീസിന്റ ക്യാമറ മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ യു മോഹനാണ്.
കാഴ്ച വൈകല്യമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയം ഇതിവൃത്തമായ സൈക്കോളജിക്കല്‍ ത്രില്ലറാണ് കാബില്‍. ഹൃത്വിക് റോഷനും യാമി ഗൌതം അന്ധരായി വേഷമിടുന്നു. ഹൃതികിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് കാബില്‍. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഋത്വികിന്റെ അച്ഛന്‍ രാകേഷ് റോഷനാണ്.
Adjust Story Font
16

