Quantcast

മലിനീകരണത്തിനെതിരെ 'പ്ലാസ്റ്റിക് മീനുകള്‍'

MediaOne Logo

Subin

  • Published:

    31 May 2018 12:18 AM IST

തീയേറ്റര്‍ റിലീസിങ്ങ് ഇല്ലാതെ സ്‌കൂളുകള്‍ വഴി കുട്ടികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ചിത്രം തയ്യാറാക്കുന്നത്.

മാലിന്യകൂമ്പാരങ്ങള്‍ കൊണ്ട് വികൃതമാകുന്ന കടലിന്റെയും കായലിന്റെയും സംരക്ഷണം പ്രമേയമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. പ്ലാസ്റ്റിക് മീനുകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജയ് നായര്‍ ആണ്. തീയേറ്റര്‍ റിലീസിങ്ങ് ഇല്ലാതെ സ്‌കൂളുകള്‍ വഴി കുട്ടികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ചിത്രം തയ്യാറാക്കുന്നത്.

പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന മത്സ്യതൊഴിലാളി സമൂഹത്തിന്റെ ജീവിതത്തോട് ചേര്‍ന്ന് നിന്നാണ് പ്ലാസ്റ്റിക് മീനുകളുടെ കഥ മുന്നോട്ടു പോകുന്നത്. അനുദിനം പെരുകുന്ന മാലിന്യങ്ങളെല്ലാം എത്തിച്ചേരുന്ന അവസാനത്തെ ഇടം എന്ന നിലയിലേക്ക് മാറുകയാണ് കായലും കടലും. ആ സ്ഥിതി മാറ്റി ഇവ സംരക്ഷിക്കണമെന്ന ആഹ്വാനമാണ് പ്ലാസ്റ്റിക് മീനുകള്‍ എന്ന ചലച്ചിത്രം ഉയര്‍ത്തുന്നത്. പുതുമുഖ താരങ്ങളെയും കുട്ടികളെയും അണിനിരത്തി കുറഞ്ഞ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ആലപ്പുഴയുടെ തീരദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കടലിനും കായലിനും തീരാദുരിതമായി മാറുന്നതിനെതിരെ സാമൂഹികമായ അവബോധം സൃഷ്ടിച്ചെടുക്കേണ്ട കടമ എല്ലാവരുടേതുമാണെന്ന് സംവിധായകന്‍ സഞ്ജയ് നായര്‍ പറയുന്നു.

തീയറ്റര്‍ റിലീസിംഗ് ഇല്ലാതെ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ച് ചിത്രത്തിന്റെ ആശയം കുട്ടികളിലേക്ക് എത്തിക്കുവാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കാനും പദ്ധതിയുണ്ട്. പ്രിയദര്‍ശന്‍ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സഞ്ജയുടെ ആദ്യ ചിത്രംകൂടിയാണ് പ്ലാസ്റ്റിക് മീനുകള്‍.

Next Story