Quantcast

മലയാള സിനിമ 2017- ഒരു തിരിഞ്ഞുനോട്ടം

MediaOne Logo

Sithara

  • Published:

    31 May 2018 7:31 PM IST

മലയാള സിനിമ 2017- ഒരു തിരിഞ്ഞുനോട്ടം
X

മലയാള സിനിമ 2017- ഒരു തിരിഞ്ഞുനോട്ടം

മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള സംവിധായകര്‍ ഇവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് 2017 കടന്നുപോകുന്നത്

മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള സംവിധായകര്‍ ഇവിടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് 2017 കടന്നുപോകുന്നത്. കഥാഖ്യാനത്തിന്റെ ശൈലികൊണ്ട്, പുതുമയും നിലവാരവും കൊണ്ട് ആരവങ്ങളില്ലാതെയെത്തിയ പല സിനിമകളും പ്രേക്ഷക ഹൃദയം കീഴടക്കി. അതില്‍ എടുത്തുപറയേണ്ടത് ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസും ബേസില്‍ ജോസഫിന്റ ഗോദയും ആഷിഖ് അബുവിന്റെ മായാനദിയുമാണ്. ഇക്കൂട്ടത്തില്‍ രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവും ചേര്‍ത്ത് വെക്കാം .

നവാഗത സംവിധായകരുടേതായി 70 സിനിമകളാണെത്തിയത്. ചില താരങ്ങള്‍ കൂടി സംവിധായകരും തിരക്കഥാകൃത്തുക്കളുമായി രംഗത്തെത്തി. നടനായിരുന്ന സൌബിന്‍ ഷാഹിര്‍ നല്ലൊരു സംവിധായകന്‍ കൂടിയാണെന്ന് പറവയിലൂടെ തെളിയിച്ചു. ചിത്ര സംയോജകനായിരുന്ന മഹേഷ് നാരായണന്റെ ടേക്ക് ഓഫ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ചൊരു കാഴ്ചയാണ് പ്രേക്ഷകന് സമ്മാനിച്ചത്. അല്‍ത്താഫ് സലിം, ഫാന്റം പ്രവീണ്‍, അരുണ്‍ ഗോപി, ആന്റണി സോണി, ഡോമിന്‍ ഡിസില്‍വ തുടങ്ങിയ നവാഗതരും അവരുടെ ആദ്യ ചുവടുവെപ്പ് തിളക്കമുള്ളതാക്കി. പാതി, കാംബോജി തുടങ്ങിയ നല്ല കാമ്പുകളുള്ള സമാന്തര സിനിമകളും വന്നുപോയി. നടന്‍മാരായ ചെമ്പന്‍ വിനോദ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ നടന്‍മാര്‍ തിരക്കഥാകൃത്തുക്കളായും ചുവടുവെച്ചു

കോടി ക്ലബില്‍ ഇടംപിടിച്ചെന്ന് അവകാശപ്പെടുമ്പോഴും പുതുമുകളൊന്നും സമ്മാനിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്കായില്ല. മോഹന്‍ലാലിന്റെതായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും വെളിപാടിന്റെ പുസ്തകവും വില്ലനുമാണ് എത്തിയത്. വെളിപാടിന്റെ പുസ്തകവും വില്ലനും ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും പ്രമേയത്തില്‍ പുതുമയില്ലെങ്കിലും കുടുംബ ചിത്രമെന്ന രീതിയില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഹിറ്റായി.

മമ്മൂട്ടിയുടേതായി ഗ്രേറ്റ്ഫാദര്‍, പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍ പീസ് എന്നീ മാസ് ചിത്രങ്ങളാണെത്തിയത്. പലതും ആരാധക തള്ളിക്കയറ്റം കൊണ്ട് പണം സമ്പാദിച്ചെന്നല്ലാതെ മമ്മൂട്ടിയെന്ന നടനെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളായിരുന്നില്ല. ഗ്രേറ്റ് ഫാദര്‍ മാത്രമാണ് തമ്മില്‍ ഭേദം. പൃഥ്വിരാജിന്റെ തെരഞ്ഞെടുപ്പുകള്‍ പരാജയപ്പെട്ട വര്‍ഷമായിരുന്നു 2017. ടിയാന്‍ വെറും തട്ടുപൊളിപ്പനായിരുന്നെങ്കില്‍ എസ്ര, ആദം ജോണ്‍, വിമാനം എന്നീ പടങ്ങളെല്ലാം തന്നെ ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തിയത്.

ദിലീപിന്റെ ജോര്‍ജേട്ടന്‍ പൂരം പരാജയമായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് അനിശ്ചിതത്വത്തിലായ രാമലീല വൈകിയാണ് എത്തിയതെങ്കിലും വിജയം നേടി. റോള്‍ മോഡല്‍സ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൊണ്ടിമുതലിലെ പ്രസാദ് ഫഹദ് ഫാസിലിന്റെ മാത്രമല്ല മലയാളത്തിലെ തന്നെ മികച്ച കഥാപാത്രമായി. ജയസൂര്യക്ക് വലിയ മോശമില്ലാത്ത വര്‍ഷമായിരുന്നു ഇത്. ഷാജി പാപ്പനും ജോയ് താക്കോല്‍ക്കാരനും പ്രേക്ഷകര്‍ ഏറ്റെടുത്തു.
ദുല്‍ക്കര്‍ സല്‍മാന്‍റേതായി നാല് ചിത്രങ്ങളെത്തിയെങ്കിലും പറവയിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. നിവിന്‍പോളിക്കും വമ്പന്‍ ഹിറ്റുകളുണ്ടായിരുന്നില്ല.

പ്രണയ നായകനായി ടൊവിനോ തിളങ്ങി. 5 ചിത്രങ്ങളാണ് ഇറങ്ങിയത്. ഇതില്‍ മായാനദിയിലെ മാത്തന്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ജയറാമിന് ഇത്തവണയും മോശമായിരുന്നു. ഷെയ്ന്‍ നിഗം ഓരോ സിനിമകളിലും ഭാവിയുടെ വാഗ്ദാനമെന്ന് തെളിയിച്ചു. നിരവധി പുതുമുഖ നായകരും നായികമാരും രംഗത്തെത്തി. ഇതില്‍ അങ്കമാലി ഡയറീസിലെ അപ്പാനി ശരതും അന്ന രേഷ്മ രാജനും തൊണ്ടിമുതലിലൂടെ നിമിഷ സജയനും മായാനദിയിലൂടെ ഐശ്വര്യാ ലക്ഷ്മിയും ശ്രദ്ധിക്കപ്പെട്ടു.

സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ പതിവുപോലെ ഇത്തവണയും വിരലിലെണ്ണാവുന്നവയായിരുന്നു. ടേക്ക് ഓഫും ഉദാഹരണം സുജാതയും സുരഭിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്ത മിന്നാമിനുങ്ങും രാമന്റെ ഏദന്‍തോട്ടവും മായാനദിയും കെയര്‍ ഓഫ് സൈറാബാനുവുമാണ് ഈ ഗണത്തിലെത്തിയത്. സുജാതയും മിന്നാമിനുങ്ങും ഒരമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഒരു സ്ത്രീയുടെ പ്രണയത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു മായാനദിയിലെ അപര്‍ണയും രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനിയും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശാന്തികൃഷ്ണ ഗംഭീര തിരിച്ചുവരവും നടത്തി.

20 സിനിമകള്‍ക്ക് സംഗീതം ഒരുക്കി ഗോപീസുന്ദര്‍ സംഗീത സംവിധായകര്‍ക്കിടയിലെ താരമായി. ബിജിബാല്‍ ഒരുക്കിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ കടല്‍ കടന്നത് ഷാന്‍ റഹ്മാന്‍ ഒരുക്കിയ ജിമിക്കി കമ്മലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിനിമാ ലോകം രണ്ട് ചേരികളായി തിരിഞ്ഞ കാഴ്ചക്കും മലയാള സിനിമാ ലോകം സാക്ഷിയായി. സിനിമാ ലോകത്തെ മികച്ചൊരു വനിതാ മുന്നേറ്റമാണ് വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. സിനിമയില്‍ നില നില്‍ക്കുന്ന വേതന വിവേചനത്തിനെതിരെയും സ്ത്രീ വിരുദ്ധ സംഭാഷങ്ങൾക്കെതിരെയും പല നടിമാരും തുറന്നടിച്ചു. പാര്‍വതി കസബക്കെതിരെ സംസാരിച്ചത് അവര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനും വലിയ ചര്‍ച്ചകൾക്കും ഒടുവില്‍ മമ്മൂട്ടി വിശദീകരണം നൽകുന്നതു വരെയും എത്തി. പുതിയ സിനിമകള്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും സംഭവ ബഹുലമായിരുന്നു മലയാള സിനിമാ ലോകം.

Next Story