പത്മാവതി പേര് മാറ്റി; നിലപാട് മാറ്റാതെ രാജസ്ഥാനും കര്‍ണിസേനയും, റിലീസ് അനുവദിക്കില്ല

പത്മാവതി പേര് മാറ്റി; നിലപാട് മാറ്റാതെ രാജസ്ഥാനും കര്‍ണിസേനയും, റിലീസ് അനുവദിക്കില്ല
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തി.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് നേരെയുള്ള ഭീഷണികള്‍ അവസാനിക്കുന്നില്ല. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തി.

ജനുവരി 25നാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് തീയറ്ററുകളിലേക്ക് എത്തുന്നത്. 2017 ഡിസംബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പെട്ടിയിലായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പിലെത്തിയ ചിത്രത്തിന് 5 ഭേദഗതികളാണ് നിര്‍ദേശിച്ചത്. പത്മാവതി എന്ന പേര് മാറ്റി പത്മാവത് എന്നാക്കണം എന്നതായിരുന്നു അതില്‍ പ്രധാനം. എല്ലാ തിരുത്തലുകളും വരുത്തി സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തിന് സിബിഎഫ്സി യുഎ സര്‍ട്ടിഫിക്കറ്റും നൽകി. സിനിമയുടെ 300 ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ സിബിഎഫ്സിയും പത്മാവതിന്റെ അണിയറപ്രവര്‍ത്തകരും നിഷേധിച്ചു. ഭേദഗതി മാത്രമാണ് ചിത്രത്തിന് നിര്‍ദേശിച്ചതെന്നും ഒരു രംഗം പോലും നീക്കം ചെയ്തിട്ടില്ലെന്നും സിബിഎഫ്സി വ്യക്തമാക്കി. നിര്‍ദേശിച്ച 5 ഭാഗത്തും ദേഗതികള്‍ വരുത്തിയാണ് ചിത്രം സമര്‍പ്പിച്ചതെന്നും രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നും സിബിഎഫ്സി പറഞ്ഞു. ചിത്രത്തില്‍ നിന്ന് സംവിധായകന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി, ചിത്തോര്‍, മേവാര്‍ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഇതാണ് 300 ഭാഗങ്ങള്‍ നീക്കിയെന്ന പേരില്‍ പ്രചരിക്കുന്നതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
സിനിമക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ വിലക്ക് എര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. ചിത്രത്തിന് ഇനിയും മാറ്റം വരുത്തണം എന്നാണ് കര്‍ണി സേന പ്രവര്‍ത്തകരുടെ ആവശ്യം. സിനിമയുടെ പേര് മാത്രം മാറ്റിയാല്‍ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കര്‍ണി സേന നേതാവ് മഹിപാല്‍ സിങ് ആവശ്യപ്പെട്ടു.
Adjust Story Font
16

