ആരാണിവര്‍, സുഡാനി കണ്ടിറങ്ങിയവര്‍ ചോദിക്കുന്നു

- Published:
5 Jun 2018 7:22 AM IST

ആരാണിവര്‍, സുഡാനി കണ്ടിറങ്ങിയവര്‍ ചോദിക്കുന്നു
കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായം പങ്കുവെക്കുന്ന ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കയ്യടിയാണ് ലഭിക്കുന്നത്
പ്രേക്ഷക പ്രശംസയുമായി സുഡാനിയുടെ കുതിപ്പ് തുടരുകയാണ്. കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായം പങ്കുവെക്കുന്ന ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കയ്യടിയാണ് ലഭിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച സൌബിന്‍ ഷാഹിറും ചുരുക്കം ചിലരൊഴിച്ചും ബാക്കിയുള്ളവരെല്ലാം കന്നിക്കാരാണ്. എന്നാല്‍ കന്നിക്കാരാണെന്ന് സിനിമ കണ്ടിറങ്ങിയവരാരും പറയില്ല. പ്രത്യേകിച്ച് ആ രണ്ട് ഉമ്മമാരുടെ വേഷം അവതരിപ്പിച്ചവര്‍. ഇതിന് മുമ്പൊരിടത്തും ഇവരെ ചെറുവേഷത്തില്‍ പോലും കണ്ടിട്ടില്ല. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ ഉമ്മമാര്‍ ആരാണ് എന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. ആ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെപ്പറ്റി ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരിലൊരാളുടെ എഫ്.ബി പോസ്റ്റ്.
സരസ ചേച്ചി , സാവിത്രി ചേച്ചി സുഡാനിയിലെ 2 നായികമാർ.. ഷൂട്ടിങ്ങിനിടയിൽ ഉടനീളം ഇവരുടെ നിഷ്കളങ്കമായ ചിരിയും കൊച്ചു കുട്ടികളുടെ വെപ്രാളവുമൊക്കെ ആയിരുന്നു ആ മുഖങ്ങളിൽ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ ഉമ്മമാരെയും കൊണ്ട് എറണാകുളത്തേക്ക് വരേണ്ടി വന്നു. ആ യാത്രയിൽ വെച്ചാണ് ഇവർക്ക് സിനിമയുടെ പോസ്റ്ററുകൾ കാണാൻ സാധിച്ചത്. അവരുടെ മുഖമുള്ള പോസ്റ്ററുകൾ വഴിയിലുടനീളം കാണാൻ തുടങ്ങിയതോടെ അവരുടെ ഉള്ളിലുണ്ടായ സന്തോഷം അതെത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമുണ്ടായിരുന്നു. രണ്ട്പേരും പിന്നിലിരുന്ന് പരസ്പരം പോസ്റ്ററുകൾ നോക്കി കൊണ്ട് ഓരോന്ന് പറഞ്ഞ് ചിരിക്കാൻ തുടങ്ങി. എന്നിട്ട് ഞങ്ങളോട് കഥ പറഞ്ഞു,
“55 വർഷമായി നാടകത്തിൽ.. നാടകമായിരുന്നു ജീവിതം. ഒരുപാട് സ്ഥലങ്ങളിൽ നാടകം കളിക്കാൻ പോയിട്ടുണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഉള്ള പല സ്ഥലങ്ങളിലും നാടകങ്ങൾ കളിച്ചിട്ടുണ്ട്.. അങ്ങനെ 55 വർഷങ്ങൾ, അതിനിടയിൽ ഒരുപാട് അവാർഡുകൾ കിട്ടിയെങ്കിലും ഏറെ സന്തോഷം തന്ന വിഷയം മറ്റൊന്നായിരുന്നു. മികച്ച അഭിനേത്രിക്കുള്ള സ്റ്റേറ്റ് അവാർഡ്. ഈ അവാർഡ് 2 പേർക്കും കിട്ടിയതോടെ അവരുടെ സന്തോഷത്തിന് ഇരട്ടി മധുരം ഉണ്ടായി.
നീണ്ട 55 വർഷങ്ങളുടെ നാടക ജീവിതത്തിനിപ്പുറം ആദ്യമായി സക്കറിയയുടെ “ സുഡാനി ഫ്രം നൈജീരിയയിലൂടെ”
ഈ രണ്ട് ഉമ്മമാരും സിനിമയിലേക്കെത്തുകയാണ്. ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്.. നാളെ മലയാള സിനിമാ ലോകത്തിന് മാറ്റി നിർത്താൻ പറ്റാത്ത രണ്ട് വ്യക്തിത്വങ്ങളായിരിക്കും ഇവർ എന്ന്.
Adjust Story Font
16
