Quantcast

“ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ?” പൃഥ്വിരാജുമായി നടത്തിയ അഭിമുഖം 

നിലവില്‍ എല്ലാ കണ്ണുകളും പൃഥ്വിരാജിലേക്ക് തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ദ വീക്കിന് വേണ്ടി ചിത്തര പോള്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ 

MediaOne Logo

Web Desk

  • Published:

    28 Jun 2018 4:36 PM GMT

“ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ?” പൃഥ്വിരാജുമായി നടത്തിയ അഭിമുഖം 
X

ആൺകോയ്‌മയും സ്‍ത്രീവിരുദ്ധതയും അടക്കിവാഴുന്ന മലയാള സിനിമാ മേഖലയിൽ നിലപാട് കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തരായി നിലകൊണ്ട ചുരുക്കം ചില നടന്മാരിലൊരാളാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ ഇരക്കൊപ്പം നിന്ന ഒരേയൊരു മലയാള നടനായിരുന്നു അദ്ദേഹം. നടൻ ദിലീപ് പ്രതിയായ ഈ സംഭവത്തിൽ കൈകൊണ്ട ഉറച്ച നിലപാടിന്റെ പേരിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‍തു പൃഥ്വിരാജ്.

മലയാള സിനിമാ മേഖലയിലെ വമ്പൻ സ്രാവുകളെയൊക്കെ അവഗണിച്ചു അവളെ മറയില്ലാതെ പിന്തുണക്കുകയും തന്റെ സിനിമകളിൽ അവൾക്ക് അവസരങ്ങൾ നല്കാൻ തയ്യാറാവുകയും ചെയ്തു നട്ടെല്ല് വളയാത്ത ഈ നടൻ. തന്റെ പഴയ സിനിമകളിൽ സ്ത്രീ വിരുദ്ധമായ ഡയലോഗുകൾ പറഞ്ഞതിന്റെ പേരിൽ മാപ്പപേക്ഷിക്കുകയും ഇനി അത്തരം സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിലൂടെ തന്റെ സ്ഥാനം മറ്റുള്ളവർക്കുമെത്രയോ ഉയരത്തിൽ പ്രതിഷ്ഠിക്കുക തന്നെയാണ് അയാൾ ചെയ്തത്.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റാരോപിതനാവുകയും കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിൽ അറസ്റ്റിലാവുകയും ചെയ്തപ്പോൾ മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയിൽ നിന്നും അയാൾ പുറത്താക്കപ്പെട്ടിരുന്നു. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ നിർണായകമായത് പൃഥ്വിരാജ് കൈകൊണ്ട ശക്തമായ നിലപാടായിരുന്നു എന്നത് അന്നേ വ്യക്തമായിരുന്നു. പൃഥ്വിരാജിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം താര സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മമ്മൂട്ടി കൈക്കൊണ്ടതെന്ന് നടനും എം.എൽ.എയുമായ ഗണേഷ് കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിക്കുകയും ചെയ്തിരുന്നു.

നടൻ മോഹൻലാൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന താര സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. മലയാള സിനിമാ മേഖലയെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ് ഏറെ വിമർശന വിധേയമായ ഈ തീരുമാനം. ദിലീപിനെ തിരിച്ചെടുക്കാനുള്ള വിവാദ തീരുമാനത്തിൽ പ്രാദേശിച്ചു ഇപ്പോൾ തന്നെ നാല് പ്രമുഖ നടിമാർ താര സംഘടനയിൽ നിന്നും രാജി വെച്ചിട്ടുണ്ട്. മലയാള സിനിമയിലെ പുതിയ വനിതാ കൂട്ടായ്മ വുമൺ കളക്റ്റീവ് ഇൻ മലയാളം സിനിമ യിൽ അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, കൂടാതെ ആക്രമണത്തിന് ഇരയായ നടിയുമാണ് സംഘടനയിൽ നിന്ന് രാജി വെച്ചത്.

നിലവിൽ എല്ലാ കണ്ണുകളും പൃഥ്വിരാജിലേക്ക് തിരിഞ്ഞിരിക്കുന്നു സാഹചര്യത്തിൽ ദ വീക്കിന് വേണ്ടി ചിത്തരപോള്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് നാല് നടിമാർ അമ്മയിൽ നിന്നും രാജി വെച്ചതോടെ സംഘർഷ സമാനമായ സാഹചര്യം അഭിമുഖീകരിക്കുകയാണ് താര സംഘടന. ഈ സാഹചര്യത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത് ?

റിമയും മറ്റു മൂന്ന് നടിമാരും അമ്മയിൽ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരിൽ ഞാൻ അവരെ അഭിനന്ദിക്കുകയാണ്. അവർക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരിൽ അവരെ വിമര്ശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാട്.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കാൻ പരസ്യമായി മുന്നോട്ട് വന്ന ചുരുക്കം ചില വ്യക്തികളിൽപ്പെട്ട ആളാണ് താങ്കൾ

എന്റെ ജീവിതത്തിലെ തീർത്തും ദുഃഖകരമായ ഒരു സംഭവമായിരുന്നു അത്. അതുമൂലം ഉണ്ടായ ആഘാതത്തിൽ നിന്ന് ഞാനിനിയും മുക്തനായിട്ടില്ല. ആക്രമിക്കപ്പെട്ട നടി ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. തനിക്കുണ്ടായ ദുരനുഭവം പുറത്തു പറയാൻ അവൾ കാണിച്ച അസാമാന്യ ധീരത തീർത്തും അഭിനന്ദനാർഹമാണ്. സകല സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചു കൊണ്ട് അവൾ നടത്തുന്ന യുദ്ധം അവൾക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ചു സിനിമാ മേഖലക്കകത്തും പുറത്തുമുള്ള അനേകം സ്ത്രീകൾക്കുവേണ്ടിയാണ്.

അമ്മയിലെ അംഗങ്ങൾ രണ്ടുപക്ഷമായി വേർതിരിഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈയവസരത്തിൽ താങ്കളെന്തു കൊണ്ടാണ് മൗനം പാലിക്കുന്നത്?

അഭിപ്രായങ്ങൾ പറയേണ്ടി വരുന്ന സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുന്ന ഒരാളല്ല ഞാൻ. ശരിയായ സമയവും സന്ദർഭവും വരുമ്പോൾ എന്റെ നിലപാട് ഞാൻ തീർച്ചയായും വ്യക്തമാക്കിയിരിക്കും.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈകൊണ്ട അമ്മയുടെ മീറ്റിംഗിൽ താങ്കൾ പങ്കെടുത്തിരുന്നില്ല. മനഃപൂര്‍വമായിരുന്നോ ഈ മാറിനിൽക്കൽ?

അമ്മയുടെമീറ്റിംഗിൽഞാൻപങ്കെടുത്തിരുന്നില്ല എന്നത് വാസ്തവമാണ്. പക്ഷെ അത് അഞ്ജലി മേനോനുമായി ചേർന്ന് ഞാൻ ചെയ്യുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ്.

ദിലീപിനെ പുറത്താക്കാൻ കൂടുതൽ താൽപ്പര്യം കാണിച്ചത് താങ്കളാണെന്നും താങ്കൾ അതിന് വേണ്ടി മറ്റു താരങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. താങ്കൾക്ക് ദിലീപിനോടുള്ള വ്യക്തിവൈരാഗ്യമാണ് അതിന് പ്രേരണയായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

എന്ത് വേണമെങ്കിലും പറയാൻ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ഗണേഷ് കുമാർ. പക്ഷെ, ദിലീപിനെ പുറത്താക്കുന്നത് എന്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം വസ്തുതക്ക് നിരക്കാത്തതാണ്. എല്ലാവരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. അമ്മയുടെ എല്ലാ അംഗങ്ങളെയും ബന്ധപ്പെട്ടിരുന്നു.

അമ്മയുടെ പ്രവർത്തനം ഒരു മാഫിയ സംഘത്തിന്റേതിന് സമാനമാണെന്ന് സംവിധായകൻ ആഷിഖ് അബു ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനെ കുറിച്ചു താങ്കളുടെ അഭിപ്രായമെന്താണ്?

സിനിമാ മേഖലയിൽ അത്ഭുദങ്ങൾ സംഭവിപ്പിക്കാൻ കഴിവുള്ള ഒരു സംഘടനയാണ് ‘അമ്മ എന്നാണ് എന്റെ വിശ്വാസം. അമ്മയുടെ ഒരു മെമ്പറാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഒരാളല്ല ഞാൻ. അതിന്റെ പേരിൽ ഞാനും ആക്ഷേപാർഹനാണ്. പക്ഷെ, അവശത അനുഭവിക്കുന്നവരും രോഗികളുമായ നടീ നടന്മാർക്ക് വേണ്ടി അമ്മ സ്തുത്യർഹമായ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്തതാണ്.

ഇനിയെന്നെങ്കിലും താങ്കൾ ദിലീപിന്റെ കൂടെ അഭിനയിക്കുമോ?

ദിലീപിനോടൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരെയും എനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അപ്പോൾ അതിനെ കുറിച്ച് ആലോചിക്കും.

TAGS :

Next Story