Quantcast

താരങ്ങളുടെ അപ്രമാദിത്വം അറക്കിട്ടുറപ്പിക്കാനുള്ള ഒരു ഫാൻസ് ഗ്രൂപ്പ് മാത്രമാണ് അമ്മയെന്ന് ഡോ.ബിജു

മലയാളത്തിന് ലജ്ജയുണ്ടാക്കുന്ന സ്ത്രീ/ ദളിത് വിരുദ്ധ ആസാംസ്കാരിക സിനിമകൾ ഉത്പാദിപ്പിച്ച് കച്ചവടം ചെയ്യുക എന്ന ലക്ഷ്യം മാത്രമുള്ള ഒരു അരാഷ്ട്രീയ കൂട്ടമാണ്

MediaOne Logo

Web Desk

  • Published:

    30 Jun 2018 7:02 AM GMT

താരങ്ങളുടെ അപ്രമാദിത്വം അറക്കിട്ടുറപ്പിക്കാനുള്ള ഒരു ഫാൻസ് ഗ്രൂപ്പ് മാത്രമാണ് അമ്മയെന്ന് ഡോ.ബിജു
X

മലയാള സിനിമയെ താരാധിപത്യവും സംഘടനകളുടെ മാഫിയ പ്രവർത്തനങ്ങളും പിടി മുറുക്കിയിട്ട് ഏതാണ്ട് 20 വർഷങ്ങൾ ആകുന്നുവെന്ന് സംവിധായകന്‍ ഡോ.ബിജു. പ്രധാന സിനിമാ സംഘടനകളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പുകൾ പോലും പലപ്പോഴും നടക്കാറില്ലെന്നും ബിജുവിന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാള സിനിമയെ താരാധിപത്യവും സംഘടനകളുടെ മാഫിയ പ്രവർത്തനങ്ങളും പിടി മുറുക്കിയിട്ട് ഏതാണ്ട് 20 വർഷങ്ങൾ ആകുന്നു. 2000 ന് ശേഷമാണ് താരാധിപത്യവും ഫാൻസ് മാഫിയ സംസ്കാരവും മലയാള സിനിമയിൽ വർധിച്ചത്.2000 ന് ശേഷമാണ് മലയാള സിനിമ സംഘടനകളുടെ മാഫിയ നിയന്ത്രണത്തിലേക്ക് പൂർണ്ണമായും വീണു പോയത്. പ്രധാന സിനിമാ സംഘടനകളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പുകൾ പോലും പലപ്പോഴും നടക്കാറില്ല.എ എം എം എ എന്ന സംഘടനയുടെ ഇത്ര കാലമായുള്ള ചില "കലാ പ്രവർത്തനങ്ങൾ" ഒന്ന് ചേർത്ത് വെച്ചു പരിശോധിക്കുന്നത് ഈ ഘട്ടത്തിൽ ഉചിതം ആയിരിക്കും. (ഓർമയിൽ വന്നത് കുറിയ്ക്കുന്നു..ലിസ്റ്റ് അപൂർണ്ണം...ആർക്കും കൂട്ടിച്ചേർക്കാവുന്നതാണ്.)

1.വിലക്കുകൾ, ബഹിഷ്കരണങ്ങൾ തുടങ്ങിയ കലാപരിപാടികൾ.... മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ തിലകന് എതിരെയുള്ള വിലക്ക്. വർഷങ്ങളോളം തിലകനെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും വിലക്കി. വിനയൻ, പ്രിത്വിരാജ്, തുടങ്ങി നിരവധി സിനിമാ പ്രവർത്തകരെ കാലങ്ങളായി വിലക്കി.( നടൻ സുകുമാരനോട് ചെയ്തതും ഓർക്കാവുന്നതാണ്)

2. അവസരങ്ങൾ ഇല്ലാതാക്കൽ, ഭീഷണികൾ..സംഘടനയ്ക്കും ചില പ്രധാന താരങ്ങൾക്കും ഇഷ്ടമില്ലാത്തവരെ സിനിമകളിൽ നിന്നും ഒഴിവാക്കുക. മറ്റ് സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്നും ആ സിനിമയുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തി ഒഴിവാക്കിപ്പിക്കുക.ഭാവന ഉൾപ്പെടെ ഒട്ടേറെ ഉദാഹരണങ്ങൾ.

3. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത..ഒരു സിനിമയിൽ നിന്നും ചിലർ ഇടപെട്ട് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ആണെന്ന പത്ര വാർത്തകൾ ഓർമിയ്ക്കുന്നു.

4. സുകുമാർ അഴീക്കോടിനെ സംഘടനയുടെ മുൻ പ്രസിഡൻറ്റും നിലവിലെ പ്രസിഡൻറ്റും സാംസ്കാരമില്ലാതെ പൊതു സമൂഹത്തിൽ അപമാനിച്ചത്.

5. എണ്ണമില്ലാത്തത്ര സംഘടനാ തർക്കങ്ങളും അതേ തുടർന്നുള്ള സിനിമാ രംഗം സ്തംഭിപ്പിക്കലുകളും..

6. മാക്ട എന്ന സിനിമാ ടെക്‌നീഷൻ സംഘടനയെ പിളർത്തി പുതിയൊരു സംഘടന ഉണ്ടാക്കിയത്തിലുള്ള പങ്ക്.

7. സംഘടനയുടെ ചാനൽ സ്റ്റേജ് ഷോയ്ക്കായി റിഹേഴ്‌സലിനും മറ്റുമായി താരങ്ങളെ വിട്ടു കിട്ടുന്നതിനായി ഒരാഴ്ചയിൽ കൂടുതൽ മലയാളത്തിലെ എല്ലാ സിനിമാ നിർമ്മാണവും നിർബന്ധപൂർവ്വം ഭീഷണിപ്പെടുത്തി നിർത്തി വെക്കൽ.

8. സംഘടനയുടെ ചാനൽ ഷോകളിൽ അവതരിപ്പിക്കുന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ, വംശീയത നിറഞ്ഞ, ദളിത് വിരുദ്ധമായ , സാമൂഹ്യ വിരുദ്ധമായ പരാമർശങ്ങളും തമാശകളും.

9. കേരളത്തിലെ സാമൂഹ്യ ഇടങ്ങളിൽ ജനങ്ങളെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ ഒരു കാലത്തും ഒരു വാക്ക് കൊണ്ട് പോലും പ്രതികരിക്കാതിരിക്കാൻ ശ്രമിച്ചിട്ടുള്ള ആ (അ)രാഷ്ട്രീയ ബോധം.

10. സംഘടനാ ചട്ടക്കൂട് എല്ലാകാലത്തും ആണധികാരത്തിന്റെ ഇടങ്ങളിൽ മാത്രം നിർത്താൻ സാധിച്ചിട്ടുള്ള , സ്ത്രീകളോടുള്ള സമീപനങ്ങളിൽ എന്നും പ്രതിലോമകരമായ നിലപാടുകൾ മാത്രം പുലർത്തിയിരുന്ന ഒരു സംഘടന.

11. ഫാൻസ് അസോസിയേഷനുകൾ എന്ന ക്രിമിനൽ ഗുണ്ടാ കൊട്ടേഷൻ സംഘങ്ങളെ ആവോളം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും, താര തമ്പുരാക്കന്മാരെ വിമർശിക്കുകയോ എതിരഭിപ്രായം പറയുകയോ ചെയ്യുന്നവരെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ അസഭ്യ വർഷവും ഭീഷണിയും സ്ത്രീ വിരുദ്ധ അശ്‌ളീല പദപ്രയോഗങ്ങളും നടത്തുക എന്ന "കലാപരിപാടിയെ" ആവോളം നിലനിർത്താൻ സഹായിക്കുന്ന ഒരു സംഘടന.

12.തങ്ങളുടെ ഫാൻസ് എന്ന ക്രിമിനൽ സംഘങ്ങൾ ഒട്ടേറെ തവണ നിരവധി അതിക്രമങ്ങൾ നടത്തിയിട്ടും ഒരു താരവും അതിനെതിരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. ഫാനരന്മാരെ തള്ളിപ്പറയാൻ ഒരു ഘട്ടത്തിലും താരങ്ങൾ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല അവർക്ക് പണവും മറ്റ് എല്ലാ സഹായങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. കട്ടൗട്ടറുകളിൽ പാലഭിഷേകം നടത്തുക, താരത്തെ ദൈവമാക്കുക എന്നീ പണികൾക്കൊപ്പം താര ദൈവത്തിന്റെ സിനിമകളെ വിമർശിക്കുന്നവരെ അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപ്രവർത്തനങ്ങൾ നടത്തുന്ന ഈ ഫാൻസ് വെട്ടുക്കിളി കൂട്ടത്തിന് താരങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്. അതിന് സംഘടനയുടെ പിൻബലവും ഉണ്ട്.

13. ഒരു സഹപ്രവർത്തക രാജ്യത്ത് സമാനതകൾ ഇല്ലാത്ത രീതിയിൽ ആക്രമിക്കപ്പെട്ടപ്പോൾ കുറ്റാരോപിതൻറ്റെ കൂടെ പരസ്യമായി നിൽക്കാൻ തയ്യാറായ സംഘടന..

14. ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്ത് പീഡിപ്പിക്കുക എന്ന കുറ്റത്തിന് ആരോപണം നേരിട്ട് ജയിലിൽ കഴിയുന്ന ഒരാളെ ജയിലിൽ പോയി കണ്ട് ഐക്യദാർഢ്യം അറിയിക്കുന്ന ഭാരവാഹികൾ ഉള്ള ഒരു സംഘടന...

15. സിനിമ ഒരു കലാരൂപം എന്ന നിലയിൽ വിലയിരുത്തിയാൽ കഴിഞ്ഞ 20 വർഷങ്ങളായി ദേശീയമോ അന്തർ ദേശീയമോ ആയി പുരസ്കാരങ്ങൾ നേടുകയോ , ശ്രദ്ധിക്കപ്പെടുകയോ ചെയ്യുന്ന സിനിമകളിൽ ഒന്നും തന്നെ ഈ സംഘടനയിലെ പ്രധാന താരങ്ങൾ ഭാഗഭാക്കുകൾ അല്ല. കടുത്ത അരാഷ്ട്രീയ ആസാംസ്കാരിക സ്ത്രീ/ദളിത് വിരുദ്ധ , കച്ചവട സിനിമകൾക്കപ്പുറം ഒരു തരത്തിലുള്ള കലാമൂല്യ സിനിമകളിലും ഇവരിൽ പ്രധാനികൾ പങ്കാളികൾ ആയിട്ടില്ല.

കഴിഞ്ഞ 18 വർഷത്തിനിടയിൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് കൊണ്ടു വന്നത് പോലും ഈ താരങ്ങൾ അല്ല. മുരളി (2001), സലീം കുമാർ (2010), സുരാജ് (2013) എന്നീ പ്രമുഖർ അല്ലാത്ത താരങ്ങളാണ്. സമാന്തര സിനിമാ രംഗത്തും മുഘ്യ ധാരയിലെ മാറിയ സിനിമകൾ എടുക്കുന്ന പുതു തലമുറ ചെറുപ്പക്കാരുടെ സിനിമകളിലും ഈ താരങ്ങളുടെ സാന്നിധ്യം ഇല്ല. ഈ സംവിധായകർക്കൊന്നും തന്നെ ഈ താരങ്ങളെ ആവശ്യവുമില്ല. കാരണം നല്ല സിനിമകൾ ഉണ്ടാക്കാൻ അവർക്കറിയാം. അതിനുള്ള കഴിവും ആത്മവിശ്വാസവും അവർക്കുണ്ട്. അവർക്കാവശ്യം നടന്മാരെ ആണ് താരങ്ങളെ അല്ല.

എ എം എം എ എന്ന സംഘടനതാരങ്ങളുടെ അപ്രമാദിത്വം അറക്കിട്ടുറപ്പിക്കാനുള്ള ഒരു ഫാൻസ് ഗ്രൂപ്പ് മാത്രമാണ്. മലയാളത്തിന് ലജ്ജയുണ്ടാക്കുന്ന സ്ത്രീ/ ദളിത് വിരുദ്ധ ആസാംസ്കാരിക സിനിമകൾ ഉദ്പാദിപിച്ചു കച്ചവടം ചെയ്യുക എന്ന ലക്ഷ്യം മാത്രമുള്ള ഒരു അരാഷ്ട്രീയ കൂട്ടമാണ്. ഈ ആണാധികാര, സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധ, സാമൂഹ്യ വിരുദ്ധ, അസാംസ്കാരിക, സംഘടന തകരുക തന്നെയാണ് വേണ്ടത്.മലയാള സിനിമയിൽ ഇപ്പോഴും സാമൂഹ്യ ബോധമില്ലാത്ത പിന്തിരിപ്പൻ അറുവഷളൻ സ്ത്രീ വിരുദ്ധ കീഴാള വിരുദ്ധ സിനിമകളുടെ മുഘ്യ വേഷക്കാർ അടങ്ങിയ ഒരു സംഘടന കടലെടുത്ത് പോകുന്നുവെങ്കിൽ അതിന് അനുവദിക്കുക, സഹായിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം. ആ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒപ്പം ചേരുക എന്നതാണ് ഏവരുടെയും കടമ.

TAGS :

Next Story