Quantcast

‘സിഞ്ചാറിന്റെ സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു’; ജസരി ഭാഷയില്‍ ചിത്രീകരിച്ച ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്‍

പിന്നീട് ലക്ഷദ്വീപ് ആർട്സ് ആന്റ് കൾചറൽ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്കായി ജസരി ഇന്ത്യയിലെ ഭാഷയാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുകയായിരുന്നു

MediaOne Logo
‘സിഞ്ചാറിന്റെ സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു’; ജസരി ഭാഷയില്‍ ചിത്രീകരിച്ച ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്‍
X

‘’ചരിത്രത്തിന്റെ ഭാഗമാകാൻ വിധിച്ചിട്ടുള്ളവർ വളരെ കുറച്ച് പേർ മാത്രമായിരിക്കും. അതൊരു ഭാഗ്യമാണ്.’’

സിഞ്ചാർ എന്ന സിനിമയുടെ ലാഭസാധ്യതകളെക്കുറിച്ച് സംസാരിക്കവെ നിർമ്മാതാവ് ഷിബു.ജി.സുശീലൻ സംവിധായകൻ പാമ്പള്ളിയോട് പറഞ്ഞ വാക്കുകളാണിത്. കണ്ടും കേട്ടും മടുത്ത ദൃശ്യ,ശ്രാവ്യ അനുഭൂതികളില്‍ നിന്നും ചുവടുമാറി ചിന്തിച്ചുകൊണ്ട് ജനിച്ച സിഞ്ചാർ മികച്ച നവാഗത സംവിധായകൻ, മികച്ച ജസരി ഭാഷ ചിത്രം എന്നിങ്ങനെ ദേശീയ പുരസ്കാര നിറവിലാണ്. ഷിബു സുശീലൻ പറഞ്ഞതു പോലെ സിഞ്ചാർ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

സുഹ്റയും ഫിദയും കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ ഐ.എസ് ഭീകരരിൽ നിന്നും രക്ഷപ്പെട്ടു വരുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ അൻസാറിന്റെ സഹോദരിയാണ് സുഹ്റ. അൻസാറുമായി വിവാഹമുറപ്പിച്ച പെൺകൂട്ടിയാണ് ഫിദ. ഇറാഖിലെ സിഞ്ചാർ എന്ന സ്ഥലത്ത് 2014ൽ നടന്ന ഐ.എസ് ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ദ്വീപിലേക്ക് തിരിച്ചെത്തുന്ന ഇവർ പിന്നീടനുഭവിക്കുന്ന സാമൂഹ്യ,സാംസ്കാരിക പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

തീർത്തും ദ്വീപുകാരുടെ സിനിമയാണ് സിഞ്ചാർ. 16 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രം പൂർണ്ണമായും ജസരി ഭാഷയിൽ ചിത്രീകരിച്ച ആദ്യ സിനിമ കൂടിയാണ്. ദേശീയ പുരസ്കാര പ്രഖ്യാപന വേദിയിൽ ജൂറി ചെയർമാൻ ശേഖർ കപൂർ എത്രപേർക്ക് ജസരി എന്നൊരു ഭാഷയുള്ളതായി അറിയും എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. ജസരി എന്ന ലിപിരഹിത ഭാഷയെ ലോകത്തിനു സുപരിചിതമാക്കുകയെന്നത് തന്നെയാണ് തങ്ങളുടെ പ്രധമ ലക്ഷ്യമെന്നും സംവിധായകൻ പാമ്പള്ളി പറയുന്നു.

ജസരി ലിപിരഹിതമാണ്. വ്യാകരണങ്ങളുടേയും പര്യായങ്ങളുടേയും ഭാരം പേറാതെ ലക്ഷദ്വീപിൽ മാത്രം വിഹരിക്കുന്ന ഭാഷ. അറക്കൽ ബീവിയുടെ മുൻ തലമുറക്കാർ ദ്വീപിൽ വന്ന കാലം മുതൽക്കേ ജസരി അവിടുള്ളവർക്ക് സുപരിചിതമാണെന്ന് പറയപ്പെടുന്നു. 50 ശതമാനം മലയാളവും ബാക്കി കന്നഡയും തുളുവുമെല്ലാം ചേർന്നതാണ് ജസരി ഭാഷ. തന്റെ ഒരു ഹ്രസ്വ ചിത്രത്തിന്റെ സമാന്തര പ്രദർശനത്തിനു വേണ്ടി ലക്ഷദ്വീപിലെത്തിയ സംവിധായകൻ പാമ്പള്ളി ഇതു പോലൊരു ഭാഷ നിലനിൽക്കുന്നുണ്ടെന്നറിഞ്ഞ് തന്റെ സിനിമ മലയാളത്തിൽ വേണ്ട, ജസരിയിൽ മതിയെന്ന് തീരുമാനിക്കുന്നതും. സിയാദ്, ഔറി റഹ്മാൻ, റോഷൻ എന്നീ ദ്വീപ് നിവാസികളുടെ സഹായത്തോടെ ജസരി സിഞ്ചാറിന്റെ സെറ്റിൽ ഏവർക്കും എളുപ്പത്തിൽ സ്വായത്തമായി.

"ലക്ഷദ്വീപിൽ ഒരു സിനിമ ചിത്രീകരിക്കുക എന്നത് തന്നെയായിരുന്നു ഞങ്ങൾ നേരിട്ട ആദ്യ വെല്ലുവിളി. പെർമിറ്റിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഒരു ഉപകരണം കേടു വന്നാൽ മറ്റൊന്ന് എത്തിക്കുക ശ്രമകരമാണ്. ചിത്രീകരണശേഷം നേരിട്ട വെല്ലുവിളി സിഞ്ചാറിന്റെ സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ല എന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചതായിരുന്നു. പിന്നീട് ലക്ഷദ്വീപ് ആർട്സ് ആന്റ് കൾചറൽ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്കായി ജസരി ഇന്ത്യയിലെ ഭാഷയാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുകയായിരുന്നു."

നൂറോളം കലാരാരന്മാർ സിഞ്ചാർ എന്ന കൊച്ചു സിനിമയിൽ അണിനിരക്കുന്നു. അതിൽ നാൽപതും ദ്വീപ് നിവാസികളാണ്. "എല്ലാ ദ്വീപുകാർ തമ്മിലും നല്ല പരിചയമാണ്. പരസ്പരം തമ്മിലറിയാത്ത ദ്വീപുകാരെ നമുക്കവിടെ കാണാൻ സാധിക്കില്ല. ലക്ഷദ്വീപിലെ ഓരോ കരകളും ഓരോ മനുഷ്യരും ഞങ്ങളോട് നൂറായിരം കഥകൾ പറഞ്ഞിരുന്നു. അവരെല്ലാം ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചു. യാസറിനേയും തബ്ഷീറിനേയും ആശാനേയുമൊന്നും ഒരിക്കലും മറക്കാനാവില്ല. ലക്ഷദ്വീപിലെ കോണോട് കോൺ ചേർന്ന് നിൽക്കുന്ന ജനതയുടെ അനുഗ്രഹമാണ് സിഞ്ചാർ." പാമ്പള്ളി പറഞ്ഞു.

വെള്ളിയാഴ്ചകളിൽ ജുമ കൂടുന്ന സമയത്ത് ഭക്തി സാന്ദ്രതയിൽ പൂർണ്ണമായും നിശ്ശബ്ദമാവുന്ന ദ്വീപിലെ അന്തരീക്ഷത്തിന്റെ പവിത്രത സിഞ്ചാറിൽ പ്രേക്ഷകർക്ക് ദർശിക്കാനാവും. അന്യമതസ്ഥരാണെങ്കിലും അവിടുത്തെ പ്രധാന ദേവാലയമായ ഹിജ്റ പള്ളിയിൽ കയറി പടച്ചോന്റെ അനുഗ്രഹം വാങ്ങിയശേഷം ചിത്രീകരിച്ചതു കൊണ്ടാവാം ലക്ഷ്യസ്ഥാനങ്ങളിൽ അടിപതറാതെ സിഞ്ചാർ യാത്ര തുടരുന്നതെന്നും പാമ്പള്ളി കൂട്ടിചേർത്തു. അതുകൊണ്ടാവാം ദ്വീപ് നിവാസികൾ ഓരോരുത്തരുടെയുള്ളിലും ദൈവം കുടിയിരിക്കുന്നുണ്ടെന്ന ഡയലോഗ് തന്റെ സിനിമയിൽ അദ്ദേഹം കൂട്ടിചേർത്തത്. "ദ്വീപുകാർക്ക് ഫടച്ചോ ന്റ മനസ്സാണ്ടോം..."

TAGS :

Next Story