പെരുന്തച്ചന്റെ സംവിധായകന്‍ അജയന്‍ അന്തരിച്ചു
തിലകനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത എം.ടിയുടെ തിരക്കഥയിലുള്ള ഈ ചിത്രം ജനപ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രമാണ്

പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയൻ അന്തരിച്ചു. നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. ഡോ. സുഷമയാണ് ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കളാണ്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അജയന്‍ 1990-ലാണ് പെരുന്തച്ചന്‍ സംവിധാനം ചെയ്തത്. തിലകനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത എം.ടിയുടെ തിരക്കഥയിലുള്ള ഈ ചിത്രം ജനപ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. 1990-ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലൂടെ അജയനെ തേടിയെത്തി. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രത്തിലൂടെ അജയന്‍ നേടി. ഒപ്പം 1990ലെ മികച്ച ജനപ്രീതിയുള്ള ചിത്രവും പെരുന്തച്ചനായിരുന്നു. പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം പ്രവര്‍ത്തിച്ചു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16

