‘ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റര്‍’: പ്രതിഷേധങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി
സിനിമയുടെ ട്രെയിലര്‍ ബി.ജെ.പി ട്വീറ്റ് ചെയ്തതോടെ സിനിമ ബി.ജെ.പിക്ക് വേണ്ടിയുള്ള പ്രാചാരണമാണെന്ന് വ്യക്തമായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്ററിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. ഹൈക്കമാൻഡ് നിർദേശത്തിൽ നിന്നും വ്യത്യസ്തമായി സിനിമക്കെതിരെ രംഗത്തെത്തിയ പ്രാദേശിക നേതാക്കള്‍ നിലപാട് പിന്‍വലിച്ചു. സിനിമക്ക് മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകൾ മുഖ്യമന്ത്രി കമല്‍നാഥ് തള്ളിയിരുന്നു.
മൻമോഹൻസിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സജ്ഞയ് ബാരു എഴുതിയ ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഇതേ പേരിൽ തന്നെ വിജയ് ഗുട്ടെ സിനിമയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങിന് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും കുടുംബവുമായുള്ള അഭിപ്രായ ഭിന്നതകളാണ് സിനിമയിൽ വിവരിക്കുന്നത്.
ഇത് വസ്തുതാ വിരുദ്ധമാണ് എന്നാണ് കോൺഗ്രസ് വാദം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പി പ്രചാരണമാണ് സിനിമ. അതിനാൽ സിനിമക്കെതിരെ പ്രതിഷേധിച്ച് അനാവശ്യ പ്രചാരണം നല്‍കേണ്ടതില്ല. ഈ തീരുമാനം ഹൈക്കമാന്‍ഡ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഹൈക്കമാൻഡ് നിർദേശം വകവയ്ക്കാതെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സെയ്ദ് സഫര്‍ അടക്കമുള്ളവർ രംഗത്തെത്തിയതോടെ ചർച്ചകൾ സജീവമായി.
മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് റിപോർട്ടുകളും പുറത്തുവന്നു. ഉടൻ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വാർത്ത നിഷേധിച്ചു. നിരോധനമോ, പ്രതിഷേധമോ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലയും വ്യക്തമാക്കി. സിനിമ ആദ്യം കോൺഗ്രസ് നേതാക്കളെ കാണിക്കണമെന്ന നിലപാട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവും തിരുത്തി. സിനിമയുടെ ട്രെയിലര്‍ ബി.ജെ.പി ട്വീറ്റ് ചെയ്തതോടെ സിനിമ ബി.ജെ.പിക്ക് വേണ്ടിയുള്ള പ്രാചാരണമാണെന്ന് വ്യക്തമായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.
Adjust Story Font
16

