Quantcast

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 

MediaOne Logo

Web Desk

  • Published:

    3 Feb 2019 10:39 AM IST

‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും’?, ഡബ്ല്യൂ.സി.സി തമിഴകത്തും വേണം; നിലപാടുകള്‍ തുറന്ന് പറഞ്ഞ് വിജയ് സേതുപതി 
X

ശബരിമല വിഷയത്തില്‍ നിലപാട് തുറന്ന് പറഞ്ഞ് നടന്‍ വിജയ് സേതുപതി. ശബരിമല വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ശരിയായിരുന്നെന്നും വിഷയത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ തെറ്റായിരുന്നെന്നും വിജയ് സേതുപതി പറഞ്ഞു. ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി നിലപാടുകള്‍ തുറന്ന് പറഞ്ഞത്.

‘എന്തിനാണീ ബഹളങ്ങള്‍. ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി’; വിജയ് സേതുപതി പറഞ്ഞു.

പ്രണയ വിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കാമെന്നും കേരളത്തിലെ ജാതി വ്യവസ്ഥ തനിക്ക് അനുഭവപ്പെട്ടുവെന്നും തുറന്ന് പറയുന്നുണ്ട് സേതുപതി. തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിന് ആലപ്പുഴയിലുള്ള സേതുപതി അടുത്തുള്ള ക്ഷേത്രത്തില്‍ പോയപ്പോള്‍ പ്രാസാദം എറിഞ്ഞാണ് തന്നതെന്നും അത് വളരെയധികം വേദനയുണ്ടാക്കിയെന്നും വിജയ് സേതുപതി പറഞ്ഞു.

‘ജാതി ഇപ്പോഴുമുണ്ട്, ഇമോഷണല്‍ കറപ്ഷനാണ് ജാതി. അതിന് കൃത്യമായ ശ്രേണിയുണ്ടാക്കി വെച്ചിരിക്കുന്നു, എന്തിനാണിപ്പോഴും തീണ്ടായ്മ. ഇതെല്ലാം ഒരുകാലത്ത് വിദ്യാഭ്യാസത്തിലൂടെ മാറും, പിന്നെ പ്രണയത്തിലൂടെയും’; സേതുപതി പറഞ്ഞു. പുരോഗമനം പറയുന്നവരാണ് ഫേസ്ബുക്കില്‍ ജാതി വാല്‍ പേര് വെച്ച് ‘അനീതികളെ എതിര്‍ത്ത് പോസ്റ്റ് ചെയ്ത് രോഷം കൊള്ളുന്നത്, തനിക്ക് അടുത്തവനുമായി ഒരു വ്യത്യാസവുമില്ലെന്ന് മനസ്സിലാക്കുന്നതോടെ മാറ്റം വരുമെന്നും സ്വയം തിരിച്ചറിവുണ്ടാകണമെന്നും സേതുപതി പറയുന്നു.

മലയാള സിനിമയിലെ ഡബ്ല്യൂ.സി.സി പോലെ തമിഴിലും വനിതകള്‍ക്ക് ഒരു സംഘടന വേണമെന്നും സേതുപതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണണെത്തപ്പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ ഇപ്പോഴത്തെ മീടൂ മൂവ്‌മെന്റിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ പുതിയ ചിത്രമായ മാമനിതന്റെ ചിത്രീകരണ തിരക്കിലാണ് വിജയ് സേതുപതിയിപ്പോള്‍. വൈകാതെ തന്നെ മലയാളത്തില്‍ ജയറാം ചിത്രത്തിലൂടെ അതിഥി താരമായും സേതുപതി മലയാളി പ്രേക്ഷകരിലേക്ക് വരും.

TAGS :

Next Story