Quantcast

ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

മധു സി നാരായണന്‍ എന്ന പ്രതിഭാശാലിയായ സംവിധായകന്റെ അടയാളപ്പെടുത്തലാണ് കുമ്പളങ്ങി. ഷെയിനും സൗബിനും ഫഹദ് ഫാസിലും പ്രേക്ഷകരുടെ വൈകാരിക അവസ്ഥകളെ ഇത്രയധികം ചൂഷണം ചെയ്ത സിനിമ ഈയടുത്തൊന്നും ഇറങ്ങിയിട്ടില്ല.

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 18:40:45.0

Published:

7 Feb 2019 4:09 PM GMT

ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്
X

2016ലാണ് സംവിധായകനായ ദിലീഷ് പോത്തൻ ശ്യാം പുഷ്‌കരന്റെ കഥയിൽ മഹേഷിന്റെ പ്രതികാരവുമായി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കഥ നടക്കുന്ന സ്ഥലവും കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന് നൽകിയ സത്യസന്ധമായ അനുഭവം ദിലീഷ് പോത്തനെ മലയാള സിനിമയിൽ അടയാളപ്പെടുത്തി. ശ്യാം പുഷ്‌കരന്റെ കലര്‍പ്പില്ലാത്ത തിരക്കഥയെ അഭിനേതാക്കളുടെ 'സംഭാവനകള്‍' കൂടി ചേർത്തുള്ള പോത്തേട്ടന്റെ സിനിമാ നിര്‍മ്മാണ രീതി പിന്നീട് ഈ കൂട്ട് കെട്ടിലിറങ്ങിയ മിക്ക സിനിമകളിലും കണ്ടു. ആ ഒരു ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന വളരെ കൃത്യമായ കാമ്പുള്ള കഥയും കഥാപാത്രങ്ങളും തന്നെയാണ് കുമ്പളങ്ങിയുടെ മാജിക്. ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്ന 'ബ്രാൻഡ് പേരുകള്‍' കണ്ട് സിനിമക്ക് കയറുന്ന പ്രേക്ഷകൻ തിയേറ്റർ വിടുമ്പോൾ പിന്നീട് ഈ നിരയിലേക്ക് ചേർത്തു നിർത്തുന്ന പേരുകളാവും സംവിധായകനായ മധു സി നാരായണനും അഭിനേതാക്കളായ സൗബിനും ഫഹദും ഷൈനും. ഈ മൂന്ന് അഭിനേതാക്കളുടെ അസാധ്യ അഭിനയം കൊണ്ട് തന്നെയാവും കുമ്പളങ്ങി ഇനി മുതൽ അറിയപ്പെടാനും പോകുന്നത്. ഫഹദ് എന്ന നടൻ എങ്ങനെയാണ് ഇത്രയും കൃത്യമായി നമ്മളെ വേട്ടയാടുന്നതെന്നും ഞെട്ടിപ്പിക്കുന്നതെന്നും തോന്നും സിനിമ കണ്ടിറങ്ങുമ്പോള്‍. അയാളുടെ ദൃശ്യം പോലും സ്‌ക്രീനിൽ വരാതിരിക്കാൻ കാണികള്‍ ചിന്തിക്കാന്‍ മാത്രം കൃത്യമായിട്ട് സിനിമയിൽ ഫഹദ് ഷമ്മി എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുഡാനിയിൽ നിന്നും കുമ്പളങ്ങിയിലെത്തുമ്പോള്‍ സൗബിൻ എന്ന നടനിൽ വരുന്ന ഉയർച്ച വ്യത്യാസങ്ങൾ തിയേറ്ററിൽ പോയി തന്നെ അനുഭവിച്ചറിയേണ്ടതാണ്. മലയാള സിനിമക്ക് ഇക്കഴിഞ്ഞ രണ്ട് സിനിമകളിലൂടെ കിട്ടിയ മികച്ച ഒരു അഭിനേതാവും കണ്ടെത്തലുമാണ് സൗബിൻ. ഷെയിനും ശ്രീനാഥ് ഭാസിയും മനോഹരമായി തന്നെ അവരവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തിയേറ്ററുകളിലെത്തിയത് മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു ഫെബ്രുവരിയിലായിരുന്നു. റിയലിസ്റ്റിക്ക് അവതരണം കൊണ്ട് അടയാളപ്പെടുത്തിയ ചിത്രം പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഫെബ്രുവരിയില്‍ തന്നെ അതേ അവതരണ മികവോടെ മഹേഷിലെ ചാച്ചന് സമര്‍പ്പണവുമായാണ് കുമ്പളങ്ങിയിലെ രാത്രി ആരംഭിക്കുന്നത്. ക്യാമറ കൊണ്ട് കുമ്പളങ്ങിയില്‍ കാഴ്ച്ചക്കാരെ ചെന്നിറക്കുകയാണ് ഷൈജു ഖാലിദ്. കൊച്ചിക്കടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കുമ്പളങ്ങി. കയറും മല്‍സ്യബന്ധനവും ടൂറിസവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്ന തുരുത്ത്. അവിടെ ആ തുരുത്തിലെ തന്നെ ഏറ്റവും 'മോശം' വീട്ടില്‍ നിന്നുമാണ് ചിത്രമാരംഭിക്കുന്നത്. ഷൈജു ഖാലിദ് എന്ന പ്രതിഭയുടെ അടയാളപ്പെടുത്തലുകളാണ് ചിത്രത്തിലെ ഓരോ ഫ്രെയിമും. നെപ്പോളിയന്റെ മക്കളായ സജിയും ബോണിയും ബോബിയും ഫ്രാങ്കിയും അടികൂടിയും സ്നേഹിച്ചും ജീവിക്കുന്ന വീടും പരിസരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സജിയായി സൗബിനും ബോണിയായി ശ്രീനാഥ് ഭാസിയും ബോബിയായി ഷൈനും ഫ്രാങ്കിയായി പുതുമുഖം മാത്യു തോമസും സ്ക്രീനിലെത്തുന്നു. ആര്‍ക്കും വേണ്ടാത്ത പട്ടിയെയും പൂച്ചയെയും കളയുന്ന തുരുത്തിലേക്ക്, അവിടത്തെ നെപ്പോളിയന്റെ വീട്ടിലേക്ക് പിന്നീട് പ്രണയങ്ങള്‍ കയറി വരുന്നതാണ് ചിത്രത്തിന്റെ കാതല്‍. വിനായകനെ പോലെ അതിഭയങ്കര ഭംഗിയുള്ള കൂട്ടുകാരന് ലൈന്‍ സെറ്റാവുന്നതോട് കൂടിയാണ് ചിത്രത്തിലെ പ്രണയകഥകള്‍ ആരംഭിക്കുന്നത്. അടുത്തുള്ള ഷമ്മിയുടെ വീട്ടിലെ ബേബി പിന്നീട് ഷൈനിന്റെ ബോബിയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള കാഴ്ച. ഇവരുടെ വിവാഹ കാര്യങ്ങളില്‍ തന്ത്രപൂര്‍വ്വം ഇടപെടുന്ന സൗബിന്റെ കഥാപാത്രം തുടര്‍ന്നുള്ള ഓരോ രംഗങ്ങളിലും കഥയുടെ നിര്‍ണായക ഗതിയില്‍ സ്വാധീനമാകുന്നത് കാണാവുന്നതാണ്.

ചിത്രത്തില്‍ ഫഹദ് ഫാസിലിനെ ആദ്യമായി കാണിക്കുന്ന ഒരു രംഗമുണ്ട്. 'കംപ്ലീറ്റ് മാന്‍' എന്ന വിശേഷണത്തോടെയുള്ള ആ ആദ്യ കാഴ്ച്ച തന്നെയാണ് സിനിമയിലെ ഷമ്മി എന്ന കഥാപാത്രം. ഒളിഞ്ഞു നോക്കുന്ന, വ്യഭിചാരം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന, മറ്റുള്ളവരുടെ ജീവിതങ്ങളില്‍ അനാവശ്യമായി ഇടപ്പെടുന്ന തീട്ട പറമ്പിനടുത്തുള്ള തന്നേക്കാള്‍ താഴ്ന്ന മനുഷ്യരുടെ ജീവിതമൊക്കെ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന വീട്ടിലെ സീരിയല്‍ കാണുന്ന സ്ത്രീകളായ മനുഷ്യരൊക്കെ ലോക്കലാണെന്നും തന്നെ പോലെ സ്ഥിരമായി ടെലിവിഷന്‍ വാര്‍ത്തകളൊക്കെ കാണുന്ന പുരുഷന്‍മാര്‍ക്ക് എല്ലാത്തിലും കൃത്യമായ ധാരണയുണ്ടെന്നും ഉറപ്പിക്കുന്ന ഫഹദിന്റെ ഷമ്മി. സിനിമയിലെ ഷമ്മിയെ കാണിക്കുന്ന ഓരോ സീനിലും ഇനിയും ഇയാളെ കാണിച്ച് വെറുപ്പിക്കരുതെന്ന് കാണികളെ കൊണ്ട് പറയിപ്പിക്കുന്ന ഫഹദിന്റെ അഭിനയം ആ താരത്തിന്റെ മാത്രം പ്രത്യേകതയാണ്. ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്ന നിരന്തര സൂചനകളിലൂടെ നല്‍കുന്ന ഷോക്ക് തന്നെയാണ് ഫഹദ് എന്ന അഭിനേതാവിന്റെ വിജയം. ആണത്വ ഘോഷങ്ങളെ നോക്കിയുള്ള കൃത്യമായ കൊട്ട് തന്നെയാണ് ഫഹദിന്റെ ഷമ്മിയിലൂടെ ശ്യാം പുഷ്കരന്‍ കൊണ്ടു വരുന്നത്. അവസാനത്തെ 'ഏത് ടൈപ്പ് ഏട്ടൻ ആണേലും മര്യാദക്ക് പെരുമാറണം' എന്ന ബേബിയുടെ ചേച്ചി സിമിയുടെ ഡയലോഗൊക്കെ കൃത്യമായ മറുപടിയാണ്.

സിനിമ ആരംഭിക്കുമ്പോള്‍ സ്ക്രീനില്‍ തെളിയാത്ത, ഒടുവില്‍ മാത്രം കണ്ട് ശീലമുള്ള സിനിമക്ക് പിന്നിലുള്ള ഓരോ ചെറിയ മനുഷ്യരുടെയും പേര് ഓര്‍ത്ത് കൊണ്ടാണ് വര്‍ക്കിങ് ക്ലാസ് പ്രൊഡക്ഷന്‍സിന്റെ കുമ്പളങ്ങി ആരംഭിക്കുന്നത് തന്നെ. ഇതിന് മുന്‍പ് ഇത് പോലൊരു അനുഭവം കണ്ടിട്ടുള്ളത് ദിലീഷിന്റെ മഹേഷിന്റെ പ്രതികാരത്തിലാണ്. സിനിമ പൂര്‍ത്തിയാകുന്നത് വരെ രാപകല്‍ അധ്വാനിച്ച് പണിയെടുക്കുന്ന, സാധാരണ മറന്ന് പോകുന്ന പേരുകള്‍ സ്ക്രീനില്‍ തെളിയിച്ചത് വര്‍ക്കിങ് ക്ലാസ് ഹീറോയുടെ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി.

സിനിമ കണ്ടിറങ്ങി പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകനും കുമ്പളങ്ങിയിലെ ഏറ്റവും മോശം വീട്ടിലെ കുറച്ച് നല്ല മനുഷ്യരെയും കൊണ്ടാണ് തിരിച്ചിറങ്ങുക. സിനിമ കണ്ട് പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്തെ സന്തോഷം തന്നെയാണ് സിനിമയുടെ ആകെ തുക. മധു സി നാരായണന്‍ എന്ന പ്രതിഭാശാലിയായ സംവിധായകന്റെ അടയാളപ്പെടുത്തലാണ് കുമ്പളങ്ങി. ഷെയിനും സൗബിനും ഫഹദ് ഫാസിലും പ്രേക്ഷകരുടെ വൈകാരിക അവസ്ഥകളെ ഇത്രയധികം ചൂഷണം ചെയ്ത സിനിമ ഈയടുത്തൊന്നും ഇറങ്ങിയിട്ടില്ല. മധു സി നാരായണന് ഈയൊരു സിനിമയിലൂടെ തീര്‍ച്ചയായും മലയാള സിനിമയിലൊരു ഇരിപ്പിടമുണ്ട്. ശ്യാം പുഷ്‌കരന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സുശിന്‍ ശ്യാമിന്റെ മികച്ച ഗാനങ്ങള്‍ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും കുമ്പളങ്ങിയുടെ കഥ ചേര്‍ന്നൊഴുകുന്നതാണ്. കുമ്പളങ്ങിയിലെ എല്ലാ പ്രണയങ്ങള്‍ക്കും ജീവന്‍ നല്‍കിയതും സുശിന്റെ സംഗീതമാണ്. ഇക്കൊലത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണ് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്.

TAGS :

Next Story