“ആദ്യം പേരന്‍പ്, ഇപ്പോള്‍ യാത്ര; നന്ദി മമ്മൂക്ക ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്”: സൂര്യ
“കേട്ടതെല്ലാം മികച്ച അഭിപ്രായം മാത്രം. എന്തൊരു വേറിട്ട തെരഞ്ഞെടുപ്പ് മമ്മൂക്കാ”

മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് ഒരേസമയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളില്‍ മുന്നേറുന്നത്. ഇരു ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് മറ്റ് സിനിമകളിലെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ഏറ്റവും ഒടുവിലായി തമിഴിലെ പ്രിയ നടന്‍ സൂര്യയാണ് മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
എന്‍. റാം സംവിധാനം ചെയ്ത പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയുമാണ് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മുന്നേറുന്നത്. പേരന്‍പില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവായാണ് കയ്യടി നേടിയതെങ്കില്‍, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ വേഷമിട്ടത്.

"അടുത്ത കാലത്ത് പേരന്‍പും ഇപ്പോള്‍ യാത്രയും.. കേട്ടതെല്ലാം മികച്ച അഭിപ്രായം മാത്രം. എന്തൊരു വേറിട്ട തെരഞ്ഞെടുപ്പ് മമ്മൂക്കാ. സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ സിനിമകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഇരു സിനിമകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബഹുമാനം" - സൂര്യ ട്വിറ്ററില്‍ കുറിച്ചു.
വൈകാതെ സൂര്യയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും ട്വീറ്റ് ചെയ്തു. “താങ്കള്‍ പറഞ്ഞതുകേട്ട് ഇരു സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ക്ക് സന്തോഷമായിട്ടുണ്ടാകും. നിങ്ങളോടും കുടുംബത്തോടും സ്നേഹം” എന്നാണ് മമ്മൂട്ടി ട്വീറ്റ് ചെയ്തത്.
Adjust Story Font
16

