27ാം പോസ്റ്ററിലെ സസ്പെന്‍സ് കഥാപാത്രം ആരായിരിക്കും; ആകാംക്ഷയോടെ ലൂസിഫര്‍ ആരാധകര്‍

നടൻ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയുടെ സസ്പെന്‍സ് കഥാപാത്രം ആരായിരിക്കും എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങള്‍ മുഴുവന്‍. ഏറെ ആകാംക്ഷയേടെ 27ാം പോസ്റ്ററിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിരവധി ഊഹാപോഹങ്ങളാണ് പുതിയ പോസ്റ്ററിനെക്കുറിച്ച് ഓണ്‍ലൈന്‍ ലോകത്തുള്ളത്. മോഹന്‍ലാലിന്റെ തന്നെ അച്ഛന്‍ കഥാപാത്രമാകും പുതിയ പോസ്റ്റര്‍ എന്നാണ് നിരവധി ആരാധകരുടെ അഭിപ്രായം. അതല്ലെങ്കില്‍ സംവിധായകന്‍ പൃഥിരാജിന്റെ അപ്രതീക്ഷിത കഥാപാത്രം എന്ന അഭിപ്രായവും സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. എന്തായാലും ലൂസിഫറിന്റെ 27ാം പോസ്റ്ററിനെ ക്കുറിച്ചുള്ള ആകാംക്ഷ ഇന്ന് പത്ത് മണിയോടെ അവസാനിക്കും. സംവിധായകന്‍ പൃഥിരാജാകും ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തിറക്കുക.
വലിയ ആവേശത്തോടെ പുറത്തിറങ്ങുന്ന ലൂസിഫര്‍ സിനിമ വ്യാഴാഴ്ച തിയേറ്ററിലെത്തും. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ആദ്യ ചുവടുവെപ്പാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൂസിഫര്‍. ഒപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ അവതാരത്തേയും നിറഞ്ഞ ആകാംക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്നു.
സസ്പെന്‍സ് നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ ചിത്രവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്നത് വ്യാഴാഴ്ച കണ്ടറിയാം.സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടോവിനോ, ഫാസില്‍, നൈല ഉഷ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മൂന്ന് ഭാഷകളിലായി ആഗോള റിലീസായാണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി 1500ഓളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
Adjust Story Font
16

