61ന്‍റെ നിറവില്‍ സുരേഷ് ഗോപി; പിറന്നാള്‍ ദിനത്തില്‍ കാവല്‍ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
കസബക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍

മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്കിന്ന് 61ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിന്‍റെ നടന്‍റെ ഏറ്റവും പുതിയ ചിത്രമായ കാവലിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കസബക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ- നിഖില്‍ എസ് പ്രവീണ്‍.ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍,ദിലീപ് തുടങ്ങിയ താരങ്ങള്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു. കാവലിന്‍റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സുരേഷിന് ആശംസകളര്‍പ്പിച്ചത്.
1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. 1980കളില്‍ വീണ്ടും സിനിമകളില്‍ സജീവമായിത്തുടങ്ങി. രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സുരേഷ് ഗോപിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് സുരേഷ് ഗോപി എന്ന ക്ഷോഭിക്കുന്ന നായകന് വഴിത്തിരിവായത്. തുടര്‍ന്ന സുരേഷിന് ലഭിച്ചതെല്ലാം നായകവേഷങ്ങളായിരുന്നു. അതെല്ലാം വിജയമാവുകയും ചെയ്തു.
പിന്നീട് 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വൻ വിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്‍റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് ഇപ്പോഴും ഹിറ്റാണ്. നെടുനീളന്‍ ഡയലോഗുകള്‍ ഇല്ലാത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ അക്കാലത്ത് വിരളമായിരുന്നു. പിന്നീട് സുരേഷ് ഗോപിക്ക് ലഭിച്ച വേഷങ്ങളെല്ലാം ഈയൊരു ഗണത്തില്‍ പെട്ടതായിരുന്നു. ലേലം, പത്രം എന്നീ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1997-ല്‍ പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാ മൂല്യം മാത്രം ഉള്ളവയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്നു വിട്ടുനിന്നു. സുരേഷ് രണ്ടാം വരവ് നടത്തിയ ചിത്രമായിരുന്നു ഈയിടെ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട്. മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. രാജ്യസഭാഗം കൂടിയായ സുരേഷ് ഗോപി സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിലാണ്.
Adjust Story Font
16

