Quantcast

നടി നയാ റിവേരയെ തടാകത്തില്‍ കാണാതായി

4 വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്.

MediaOne Logo

  • Published:

    10 July 2020 10:40 AM IST

നടി നയാ റിവേരയെ തടാകത്തില്‍ കാണാതായി
X

നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി. 4 വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. സൌത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തിലാണ് 33കാരിയായ റിവേരയെ കാണാതായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിവേര മകനൊപ്പമെത്തി ബോട്ട് വാടകയ്ക്കെടുത്തത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ചങ്ങാടത്തില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മ തടാകത്തില്‍ നീന്താന്‍ ഇറങ്ങിയെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു.

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരെ തിരച്ചിലിന് അയച്ചു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മകനെ അച്ഛനൊപ്പം വിട്ടു. നടൻ റയാൻ ഡോർസേയാണ് റിവേരയുടെ ഭര്‍ത്താവ്. 2018ൽ ഇവർ വേർപിരിഞ്ഞു.

2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത ഗ്ലീ എന്ന ഷോയില്‍ റിവേരയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 2011ലെ ഗ്രാമി പുരസ്കാരത്തിന് നോമിനേഷന്‍ ലഭിക്കുകയും ചെയ്തു. 2016ല്‍ സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കി. അടുത്ത കാലത്ത് യുട്യൂബിലൂടെ റിലീസ് ചെയ്യുന്ന സ്റ്റെപ് അപ് എന്ന ഷോയിലും റിവേരയുടെ സാന്നിധ്യമുണ്ട്.

TAGS :

Next Story