Quantcast

'ഒ.ടി.ടി സിനിമകളെടുക്കില്ല, തിയേറ്റര്‍ റിലീസ് മാത്രം'; നിര്‍മാതാവ് വിജയ് ബാബു കത്ത് നല്‍കിയതായി ഫിയോക്

'മലയാള സിനിമകള്‍ ഒ.ടി.ടി റിലീസ് ചെയ്തവരോട് ഇനിമുതല്‍ സഹകരിക്കില്ല, തങ്ങളുടെ തീരുമാനത്തിന് പ്രെ‍ാഡ്രൂസേഴ്സ് അസോസിയേഷന്‍റെ പിന്തുണ'

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 18:44:57.0

Published:

15 Aug 2020 4:24 PM GMT

ഒ.ടി.ടി സിനിമകളെടുക്കില്ല, തിയേറ്റര്‍ റിലീസ് മാത്രം; നിര്‍മാതാവ് വിജയ് ബാബു കത്ത് നല്‍കിയതായി  ഫിയോക്
X

മലയാള സിനിമകള്‍ ഒ.ടി.ടി റിലീസ് ചെയ്തവരോട് ഇനിമുതല്‍ സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ജനറല്‍ സെക്രട്ടറി എം.സി ബോബി. ഇത് സംബന്ധിച്ച് ഫിയോക് ജനറല്‍ ബോഡി കൂടി തീരുമാനമെടുത്തതായും തങ്ങളുടെ തീരുമാനത്തോട് പ്രെ‍ാഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്തുണ നല്‍കിയതായും എം.സി ബോബി മീഡിയവണ്‍ വെബി-നോട് പറഞ്ഞു.

'ഒരു പിന്തുണയും സഹകരണവും അവരോടുണ്ടാകില്ല. ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവരോട് ഞങ്ങള്‍ സഹകരിക്കും. ഇന്ന് പത്തോ മുപ്പതോ പടങ്ങള്‍ തീര്‍ന്നെന്ന് പറഞ്ഞ് കുറച്ച് പേര് നില്‍ക്കുന്നു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അപ്പോള്‍ അവരെ ഞങ്ങള്‍ സഹായിക്കും.'; എം.സി ബോബി പറഞ്ഞു. തിയേറ്ററുകള്‍ ഭുരിഭാഗവും കോവിഡിന് മുന്നേ നഷ്ടത്തിലാണെന്നും സര്‍ക്കാര്‍ തലത്തില്‍ പിന്തുണ കിട്ടിയാലേ രക്ഷപ്പെടുക സാധ്യമാവു എന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രമായ സൂഫിയും സുജാതയും ചിത്രത്തിന്‍റെ നിര്‍മാതാവ് വിജയ് ബാബു പുതിയ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം തങ്ങള്‍ക്ക് കത്ത് നല്‍കിയതായും ഇനിമുതല്‍ ഒ.ടി.ടി സിനിമകളെടുക്കില്ല, തിയേറ്റര്‍ റിലീസ് സിനിമകള്‍ മാത്രമേയെടുക്കൂവെന്ന് ഉറപ്പ് നല്‍കിയതായും എം.സി ബോബി പറഞ്ഞു. വിജയ് ബാബുവുമായി സഹകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ജനറല്‍ ബോഡി യോഗം കൂടിയതിന് ശേഷം മാത്രമേ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എം.സി ബോബിയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഒ.ടി.ടി റിലീസും തിയേറ്ററുകാരുടെ നിസ്സഹകരണവും

കോവിഡ് വരും മുന്നേ തന്നെ തിയേറ്ററുകള്‍ക്ക് സാമ്പത്തികമായി വളരെയധികം മോശമായിരുന്നു. പണ്ടൊക്കെ തിയേറ്ററുകള്‍ നോണ്‍ എ.സി തിയേറ്ററുകള്‍ ആയിരുന്നു. അപ്പോള്‍ ചെലവുകള്‍ കുറവായിരുന്നു. പിന്നെ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണവും വളരെ കുറവായിരുന്നു. അപ്പോള്‍ എക്സിബിറ്റര്‍ക്ക്(പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്) വരുമാനമുണ്ടായിരുന്നു. അന്ന് 70 സെന്‍ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഇപ്പോള്‍ 200-235 തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ എക്സിബിറ്റേഴ്സിന് വരുമാനം കുറയുന്നു. കേരളത്തില്‍ എല്ലാം എ.സി തിയേറ്ററുകളാണ്. അപ്പോള്‍ ചെലവുകള്‍ കൂടുന്നു. തിയേറ്ററുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ഇനി ഒ.ടി.ടി റീലീസ് ചെയ്യുന്നവരുമായി സഹകരണം വേണ്ടായെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആ നോട്ടീസ് എല്ലാ തിയേറ്ററുകാര്‍ക്കും കൊടുത്തിരുന്നു. അവരുടെ പ്രതികരണം വെച്ച് കൊണ്ടാണ് ഞങ്ങള് തുടങ്ങിയിരിക്കുന്നത്. അവരോട് സഹകരിക്കേണ്ട എന്നാണ്. സഹകരണം പല രീതിയിലാകാം. എങ്ങനെയാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. തിയേറ്ററുകാരുടെ നന്മക്ക് വേണ്ടി നില്‍ക്കുന്ന സംഘടനയായതിനാല്‍ അവര്‍ പറയുന്നതേ നമുക്ക് എടുക്കാന്‍ പറ്റുകയുള്ളു. മറ്റുള്ളവര്‍ പല രീതിയില്‍ പറയും അത് പറ‍ഞ്ഞിട്ട് കാര്യമില്ല. തിയേറ്ററുകാര്‍ എന്ത് പറയുന്നോ അതനുസരിച്ചേ മുന്നോട്ട് പോകാന്‍ പറ്റുകയുള്ളു. പ്രൊഡ്യുസേഴ്സ് ഞങ്ങളുമായി നില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. അവര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് പോകുന്നില്ലായെന്നും പറഞ്ഞു. പ്രൊഡ്യുസേഴ്സുമായി നല്ല സഹകരണത്തിലാണ്. ഞങ്ങളുമായി സഹകരണം ചോദിച്ചിട്ടുണ്ട്. അത് കൊടുക്കാം എന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ആര്‍ക്കെങ്കിലും വേറെ പ്ലാറ്റ്ഫോമില്‍ പോകണമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു താല്‍പര്യവുമില്ലായെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്.

ചില പടങ്ങള്‍ നന്നാവും ചിലത് ഹിറ്റാവില്ല. ചില പടങ്ങള്‍ ഹിറ്റാവുമ്പോഴാണ് ഇത് പിടിച്ചുനില്‍ക്കുന്നത്. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. പ്രൊഡ്യൂസറെ സംബന്ധിച്ചും ഡിസ്ട്രിബ്രൂട്ടറെ സംബന്ധിച്ചും ഒരു വര്‍ഷം പോയിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ പിന്തുണ കിട്ടിയാലേ രക്ഷപ്പെടുകയുള്ളു. അത് കൊണ്ട് വേറെ പ്ലാറ്റ്ഫോം നോക്കിപോകുന്നവര്‍ അതിന് പോയിക്കോട്ടെ, ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പില്ല. അപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് തിയേറ്ററുകാര്‍ എന്ത് പറയുന്നോ അതിന് അനുസരിച്ച് മുന്നോട്ട് പോകും. ഇപ്പോള്‍ ആരെങ്കിലും എന്ന് തുടങ്ങാന്‍ പറ്റുമെന്ന് ചോദിച്ചാല്‍ അത് പറയാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. ഒരു കാര്യം ഞങ്ങള് പറയാം, ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടെ നിന്നവരെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും അല്ലാത്തവരെ ഞങ്ങള് സപ്പോര്‍ട്ട് ചെയില്ല.

ഇപ്പോള്‍ ഡിസംബര്‍, ഒക്ടോബര്‍ മുതല്‍ തിയേറ്ററുകള്‍ തുടങ്ങാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പടങ്ങള്‍ വേണ്ടേ.? അപ്പോള്‍ ഞങ്ങളെ സഹായിക്കുന്നവര്‍ക്ക് കൂടെ ഞങ്ങള് നില്‍ക്കും. ഇത് തുടങ്ങാന്‍ നേരം തിയേറ്ററുകാര്‍ എന്ത് പറയുന്നോ അതിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍. ഇക്കഴിഞ്ഞ ആഴ്ച്ച തീരുമാനമെടുത്തപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പോകുന്നവരുമായി സഹകരിക്കേണ്ട എന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പോകുന്നവര്‍ അങ്ങനെ പോകട്ടെ, ഞങ്ങള്‍ പിന്തുണക്കില്ലായെന്നേയുള്ളു. ഒരു പിന്തുണയും സഹകരണവും അവരോടുണ്ടാകില്ല. ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവരോട് ഞങ്ങള്‍ സഹകരിക്കും. ഇന്ന് പത്തോ മുപ്പതോ പടങ്ങള്‍ തീര്‍ന്നെന്ന് പറഞ്ഞ് കുറച്ച് പേര് നില്‍ക്കുന്നു. അവര് ഞങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അപ്പോള്‍ അവരെ ഞങ്ങള്‍ സഹായിക്കും.

എന്ത് കൊണ്ട് ആന്‍റോ ജോസഫിന് മാത്രം ഇളവ്!?

ഫിയോകിനെ സംബന്ധിച്ച് തിയേറ്ററുകാരുടെ വെല്‍ഫയറിന് വേണ്ടി നില്‍ക്കുന്നവരാണ് ഞങ്ങള്‍. അതില്‍ തിയേറ്ററുകാരാണ് തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്തപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പോകുന്നവരുമായി സഹകരിക്കേണ്ട എന്നാണ് തിയേറ്ററുകാര്‍ പറഞ്ഞിരിക്കുന്നത്. ആന്‍റോ ജോസഫിന്‍റെ കാര്യത്തില്‍ കൊമ്പുണ്ടോയെന്ന് നിങ്ങള്‍ ചോദിക്കും. ആന്‍റോ ജോസഫ് ഒരു കത്ത് തന്നു, തന്‍റെ സിനിമയുടെ പകുതിയോളം വീഡിയോ പൈറസിക്ക്(വ്യാജ പ്രിന്‍റ്) പോയി അതില്‍ പരാതിയായി എ.ഡി.ജി.പിക്ക് ഫയല്‍ ചെയ്തതിന്‍റെ രേഖകളും കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞുള്ള കടലാസും അദ്ദേഹം അയച്ചുതന്നു. അയാള്‍ അയച്ചുതന്ന കടലാസുകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് നീണ്ടുപോയാല്‍ പ്രശ്നമാണെന്നും ഇന്‍ഡസ്ട്രിയില്‍ ഒരുപാട് സിനിമകള്‍ തന്നിരുന്ന ആളാണന്നെതും പരിഗണിച്ചു. അത് കൊണ്ട് ഇനിയും നീണ്ടുപോയാല്‍ ആന്‍റോ ജോസഫിന് ഒന്നും ലഭിക്കില്ല. അങ്ങനെ അദ്ദേഹത്തിന്‍റെ സിനിമകള്‍ കളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലായെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം ഫുള്‍ പേയ്മെന്‍റും ഇത് വരെ കളിച്ച സിനിമകളുടെ ബാലന്‍സും നല്‍കിയാല്‍ മാത്രമേ അങ്ങനെയൊരു അനുമതി കൊടുക്കാവു എന്നും പറഞ്ഞിട്ടുണ്ട്, അതനുസരിച്ച് തിയേറ്ററുകാരെ വഞ്ചിക്കുകയാണെങ്കില്‍ അതനുസരിച്ചുള്ള വിഷമങ്ങള്‍ അദ്ദേഹത്തിനുമുണ്ടാകും.

ये भी पà¥�ें- ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസില്ല; പ്രതിഷേധവുമായി നിര്‍മാതാക്കള്‍

നിര്‍മാതാക്കളായ ആഷിഖ് അബു, ആഷിഖ് ഉസ്മാന്‍ എന്നിവരുടെ വിമര്‍ശനങ്ങളോട്

ആഷിഖ് അബുവിന് പുതിയ തീരുമാനത്തില്‍ വിഷമം വരേണ്ട കാര്യമില്ലല്ലോ. അദ്ദേഹം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പോവുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഞങ്ങള്‍ അവിടെ കൊടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?

വിജയ് ബാബു ഞങ്ങള്‍ക്കൊരു കത്ത് നല്‍കിയിട്ടുണ്ട്. സഹകരിക്കണം. ഞങ്ങള്‍ ഇനി മേലാല്‍ ആ പണിക്ക് പോവുന്നില്ല. ഞാന്‍ സിനിമ തിയേറ്ററുകളിലേക്കുള്ള പടങ്ങളാണ് എടുക്കുന്നത് എന്ന് പറഞ്ഞുള്ള കത്ത് അടുത്ത ജനറല്‍ ബോഡിക്ക് വെക്കാനായി എടുത്തുവെച്ചിട്ടുണ്ട്. ആ പടം (സൂഫിയും സുജാതയും) അതിന് വേണ്ടി എടുത്തതല്ല, ഇത് വലിയ പടമല്ല, ഞാന്‍ സിനിമാ തിയേറ്ററുകള്‍ക്ക് വേണ്ടിയാണ് പടങ്ങള്‍ എടുക്കുന്നത് നിങ്ങള്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞ് കത്ത് തന്നിട്ടുണ്ട്. ആ കത്ത് എന്‍റെ കൈവശം ഇരിക്കുന്നുണ്ട്. സിനിമാ പ്രദര്‍ശനം തുടങ്ങി വേണം ജനറല്‍ ബോഡി വിളിക്കാന്‍. ഇപ്പോള്‍ വിളിക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അത് വിളിക്കാത്തത്. അതിന് ശേഷം തീരുമാനമുണ്ടാകും.

TAGS :

Next Story