Quantcast

നിറത്തിലെന്ത് കാര്യം, എല്ലാവരിലും സൌന്ദര്യമുണ്ട്; സാധാരണക്കാരെ മോഡലാക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജസീന കടവില്‍

സിനിമാതാരങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ചുറ്റുമുള്ളവരെ കണ്ടെത്തി അവരെ മേക്കപ്പ് ചെയ്യുമ്പോഴാണ് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-02 05:18:55.0

Published:

14 Dec 2020 5:35 AM GMT

നിറത്തിലെന്ത് കാര്യം, എല്ലാവരിലും സൌന്ദര്യമുണ്ട്;  സാധാരണക്കാരെ മോഡലാക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്  ജസീന കടവില്‍
X

ഒരു ചായ കുടിക്കാന്‍ പോകുമ്പോഴായിരിക്കും ജസീന തന്‍റെ മോഡലിനെ ആ ചായക്കടയില്‍ കണ്ടെത്തുന്നത്. അല്ലെങ്കില്‍ യാത്രക്കിടയില്‍, വഴിയോരങ്ങളില്‍...കാണുന്നവരിലെല്ലാം ജസീന എന്തെങ്കിലും ഒരു പ്രത്യേകത കണ്ടെത്തുന്നു. ചിലപ്പോള്‍ അവരുടെകണ്ണുകളായിരിക്കാം..ചിരിയായിരിക്കാം. മേക്കോവറിലൂടെ മറഞ്ഞുകിടക്കുന്ന അവരുടെ സൌന്ദര്യത്തെ ജസീന പുറത്തേക്ക് കൊണ്ടുവരും. ഇത് ജസീന കടവില്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അല്ല സാധാരണക്കാരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന് കേള്‍ക്കാനാണ് ജസീനക്ക് കൂടുതലിഷ്ടം. അപ്രതീക്ഷിതമായി മേക്കപ്പ് രംഗത്തെത്തിയ ജസീന ചെയ്ത മേക്കോവറുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മേക്കപ്പിനെക്കുറിച്ചും മേക്കോവറുകളെക്കുറിച്ചും ജസീന മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

സാധാരണക്കാരാണ് ജസീനയുടെ മോഡലുകള്‍. എങ്ങിനെയാണ് ഇവരെ കണ്ടെത്തുന്നത്?

എന്നെ മേക്കേപ്പ് ചെയ്യാമോ, മേക്കോവര്‍ ചെയ്ത് തരാമോ എന്ന് ഒരുപാട് പേര് എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടാറുണ്ട്. ചിലരെ കാണുമ്പോള്‍ എനിക്ക് തന്നെ മനസില്‍ തോന്നാറുണ്ട്. ഇവരെ മേക്കോവര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന്. അവരുമായിട്ട് സംസാരിക്കുമ്പോള്‍ അവരത് അര്‍ഹിക്കുന്നുണ്ടെന്ന് മനസിലാകും. അവര്‍ ചിലപ്പോള്‍ ജീവിതത്തിലെ പല പ്രശ്നങ്ങള്‍ കൊണ്ട് വിഷമിക്കുന്ന ഒരു വ്യക്തിയായിരിക്കാം. ചെറുപ്പത്തില്‍ എന്തെങ്കിലും ഒരു കാരണത്തിന്‍റെ പേരില്‍ അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. ഇതൊക്കെ അവരുടെ അബോധ മനസില്‍ കിടന്നിട്ട് നിരാശയോ, അതുകൊണ്ട് തന്നെ മറ്റുള്ളവരോട് മിണ്ടാതിരിക്കുന്ന അവസ്ഥയിലോ ആയിരിക്കും അവര്‍. ഫോട്ടോഷൂട്ടിന് ശേഷം അവരുടെ മനസ് തന്നെ മാറിയിരിക്കും. അവര്‍ക്ക് കിട്ടുന്ന സന്തോഷമാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. അതാണ് വീണ്ടും വീണ്ടും ഇത്തരം മേക്കോവറുകള്‍ നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ചിലരെന്നെ വിളിച്ച് കരയാറുണ്ട്. ഇതൊരു പ്രചോദനമാണെന്ന് ഫോട്ടോഷൂട്ട് കണ്ട പലരും പറഞ്ഞിട്ടുണ്ട്.

ഒരാളെ മേക്കോവറിനായി കണ്ടെത്തിക്കഴിഞ്ഞാല്‍ രണ്ട് മൂന്ന് തരം ഡ്രസുമായി നാളെ ഇങ്ങോട്ട് പോരൂ എന്നല്ല ഞാന്‍ പറയാറുള്ളത്. ഇവരോട് സംസാരിച്ചിട്ട് അവരെ കംഫര്‍ട്ടാക്കിയെടുക്കും. എന്നിട്ടാണ് മേക്കോവര്‍ തുടങ്ങുന്നത്.

പ്രൊഫഷണല്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരെ ഫോട്ടോഷൂട്ടിലേക്ക് പരിശീലിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടല്ലേ?

സത്യം പറഞ്ഞാല്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്താണെന്ന് വച്ചാല്‍ ഇവരുടെ മനസില്‍ ഒന്നുമില്ല. ആകെയുള്ളത് എന്നോടുള്ള വിശ്വാസവും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും മാത്രമാണ്. ഒരാളെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസത്തോളം ഇവരോട് സംസാരിക്കും. നേരിട്ട് കാണാന്‍ സാധിക്കുകയാണെങ്കില്‍ അങ്ങിനെയും. ഫോട്ടോഷൂട്ട് നടത്തുന്ന സ്ഥലവും ഒക്കെ കാണിച്ചു കൊടുക്കും. അങ്ങിനെ പരമാവധി അവരെ നമ്മുടെ സാഹചര്യം മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കും. പിന്നെ ഞാനവരെ എന്‍റെ മോഡലായിട്ട് തന്നെയാണ് കാണുന്നത്. അവരുടെ മനസില്‍ മോഡലാണെന്ന ചിന്ത വരുത്തും. പിന്നെ കുറച്ച് ബ്യൂട്ടി ടിപ്സുകളൊക്കെ പറഞ്ഞു കൊടുക്കും. വണ്ണം കുറയ്ക്കാന്‍തേനും നാരങ്ങാ വെള്ളവും കുടിക്കണം, നെല്ലിക്കാ ജ്യൂസ് കുടിക്കണമെന്നൊക്കെ പറയും. പക്ഷെ ഇതൊന്നും എനിക്കൊരു പ്രശ്നമല്ല. അവര്‍ക്ക് വണ്ണമുണ്ടായാലും ഇല്ലെങ്കിലും അതൊരു മാനദണ്ഡമാകുന്നേയില്ല. അവരെ കെയര്‍ ചെയ്യുന്നുണ്ടെന്ന് തോന്നുക,കംഫര്‍ട്ട് ആക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

സാധാരണക്കാരായ വീട്ടമ്മമാരായിരിക്കും പലപ്പോഴും എന്‍റെ മോഡലുകള്‍. ഇവര്‍ക്ക് മോഡലിംഗിനെക്കുറിച്ച് തെറ്റായ ധാരണയായിരിക്കും ഉള്ളത്. മോഡലിംഗ് എന്നാല്‍ കയ്യില്ലാത്ത, ഇറക്കം കുറഞ്ഞ ഡ്രസ് ധരിക്കുക എന്നൊക്കയാണ് അവരുടെ ചിന്തകള്‍. അതൊക്കെ ചെയ്യാന്‍ വേറെ മോഡലുകള്‍ ഉണ്ട്. പക്ഷെ എന്‍റെ ആശയത്തിനോട് യോജിക്കുന്നത് നിങ്ങളാണ്, അതുകൊണ്ടാണ് നിങ്ങളെ തെരഞ്ഞെടുത്തത് എന്ന് അവരോട് പറയും. എന്നാല്‍ പ്രൊഫഷണല്‍ മോഡലുകളാണെങ്കില്‍ അവര്‍ക്ക് മുന്‍വിധിയുണ്ടായിരിക്കും. ആ ഒരു മുന്‍വിധിയോടെയായിരിക്കും അവര്‍ ആ ഫോട്ടോഷൂട്ടിനെ സമീപിക്കുക. ഫോട്ടോഷൂട്ട് എന്നാല്‍ ഒരു കെമിസ്ട്രിയാണ്. ആ കെമിസ്ട്രി വര്‍ക്കൌട്ടായലേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ.

സെലിബ്രിറ്റികളെയാണോ സാധാരണക്കാരെയാണോ മേക്കപ്പ് ചെയ്യാന്‍ കൂടുതലിഷ്ടം?

സിനിമാതാരങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ചുറ്റുമുള്ളവരെ കണ്ടെത്തി അവരെ മേക്കപ്പ് ചെയ്യുമ്പോഴാണ് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്. എല്ലാവരിലും സൌന്ദര്യമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നടന്‍ അരിസ്റ്റോ സുരേഷിനെ മേക്കോവര്‍ നടത്തിയതാണ് എന്‍റെ ജീവിതത്തിലെ ഒരു മിറാക്കിള്‍ എന്ന് വേണമെങ്കില്‍ പറയാം. 2017-18 കാലം, ഞാന്‍ മേക്കപ്പ് രംഗത്ത് എത്തിയ സമയമായിരുന്നു അത്. ശരിക്കും അതെന്‍റെ ആത്മവിശ്വാസം ഉയര്‍ത്തി. വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടായി. 19 വര്‍ഷം ഒറ്റക്ക് പോരാടിയ ആളാണ് ഞാന്‍. മേക്കപ്പ് രംഗത്തല്ല, ജീവിതത്തില്‍ വിജയിക്കണമെന്ന ആഗ്രഹം തീവ്രമായത് ആ ഒരു സംഭവത്തോടെയാണ്. ദൈവം തന്നെ ഒരു അത്ഭുതമായിട്ടാണ് ഞാനതിനെ കാണുന്നത്.

അരിസ്റ്റോ സുരേഷിനെ മേക്കോവര്‍ നടത്തിയ ശേഷം ചേച്ചി ഞങ്ങളുടെയും ചെയ്തുകൂടെ എന്ന ആവശ്യവുമായി നിരവധി പേര്‍ എന്നെ സമീപിച്ചു. മാതാ ഹോട്ടലിലെ ഒരു കുട്ടിയെ മേക്കോവര്‍ നടത്തി. അവരില്‍ നിന്നും ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ കുട്ടിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെല്ലാം സന്തോഷമായി. ഫോട്ടോഷൂട്ടിന് ശേഷം അവരെന്നെ കാണാന്‍ വന്നിരുന്നു. ആ കുട്ടി കരയുകയായിരുന്നു. എനിക്ക് ലഭിക്കുന്ന വര്‍ക്കുകളുടെ പ്രതിഫലം മുഴുവന്‍ ഇത്തരം മേക്കോവറുകള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ചെയ്യണ്ട എന്ന് വിചാരിച്ചാലും ചിലരെ കാണുമ്പോള്‍ വീണ്ടും ചെയ്തു പോകും. ഈ അവസാനം ചെയ്ത മേക്കോവര്‍ എന്‍റെ കയ്യിലെ മോതിരം വിറ്റിട്ടാണ് ചെയ്തത്. കാരണം ഇപ്പോള്‍ വര്‍ക്കില്ലല്ലോ. ഞാന്‍ മേക്കോവര്‍ ചെയ്ത ആളുകളുമായി ഒരു ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എപ്പോഴും വിളിപ്പുറത്തുണ്ട് അവര്‍. അവരുടെ അനുഗ്രഹവും എന്‍റെ കൂടെയുണ്ട്.

കറുപ്പിനെ മഹത്വവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വെളുത്തവരെ കറുപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അതൊരിക്കലും അവരുടെ കുറ്റമല്ല. ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതുകൊണ്ട് അതെന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി അറിയാം. മാഗസിനുകള്‍, പത്രങ്ങള്‍ എല്ലാ നിലനില്‍ക്കുന്നത് പരസ്യങ്ങളിലൂടെയാണ്. ഇവര്‍ക്ക് വരുമാനം കിട്ടുന്നത് പരസ്യങ്ങളിലൂടെയാണ്. അവരുടെ ക്ലയന്‍സ് ആവശ്യപ്പെടുന്നത് ഇതുപോലെ ആളുകളെയാണ്. ഇതുപോലുള്ള ആളുകള്‍ വേണം, സെലിബ്രിറ്റികള്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതു ചെയ്തുകൊടുത്തേ പറ്റൂ. അത് ആരുടെയും കുറ്റമല്ല സമൂഹത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ശീലമാണ്. അത് അങ്ങിനെയൊന്നും മാറില്ല. മാറണമെങ്കില്‍ നമ്മളെപ്പോലുള്ള ആളുകള്‍ എന്തെങ്കിലുമൊക്കെ ചെയ്യണം.

അങ്ങിനെ നോക്കുമ്പോള്‍ കനി കുസൃതിയെപ്പോലുള്ള നടികളുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. മസാല റിപ്പബ്ലകിന് വേണ്ടി രണ്ട് ദിവസം കനിക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു. എനിക്ക് വളരെയധികം ആരാധനയുള്ള വ്യക്തിയാണ് കനി. ഞാനിങ്ങനെയാണ്, എന്നെ ഇങ്ങിനെ കണ്ടാല്‍ മതി എന്ന് വെട്ടിത്തുറന്നു പറയാനുള്ള തന്‍റേടം കനിക്കുണ്ട്. ആ മാറ്റം നല്ലതാണ്.

മേക്കപ്പ് രംഗത്തേക്ക് എങ്ങിനെയാണ് എത്തിയത്?

അപ്രതീക്ഷിതമായി ഈ രംഗത്തേക്ക് എത്തിയ ആളാണ് ഞാന്‍. മുന്‍പ് മാര്‍ക്കറ്റിംഗിലായിരുന്നു. എയര്‍ടെല്ലില്‍ ജോലി ചെയ്തിട്ടുണ്ട്. എന്‍റെ ഒരു അകന്ന ബന്ധു ലുലുവില്‍ മേക്കപ്പ് സ്റ്റുഡിയോ തുടങ്ങാന്‍ വേണ്ടി എന്നെ മേക്കപ്പ് പഠിപ്പിച്ചതാണ്. പിന്നെ പട്ടണം മേക്കപ്പില്‍ ചേര്‍ന്നും മേക്കപ്പ് പഠിച്ചു. 2013ലാണ് മേക്കപ്പ് രംഗത്തേക്ക് എത്തുന്നത്. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം, വര്‍ഷം, ഇടുക്കി ഗോള്‍ഡ്, റിംഗ് മാസ്റ്റര്‍ തുടങ്ങി ഇരുപതോളം സിനിമകളില്‍ ഹെയര്‍സ്റ്റൈലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ശരിക്കും ഒരു തുടക്കക്കാരിയെ സംബന്ധിച്ചിടത്തോളം അതൊരു ഭാഗ്യമാണ്. വിനിത് ശ്രീനിവാസന്‍റെ ഹൃദയം എന്ന ചിത്രമാണ് അടുത്ത പ്രോജക്ട്. അത് ജനുവരിയില്‍ തുടങ്ങും. അതിനിടയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്‍റെ കൂടെ അസിസ്റ്റന്‍റായിട്ടും ജോലി ചെയ്തിട്ടുണ്ട്. 2017 ആയപ്പോഴേക്കും സ്വന്തമായി ചെയ്യാന്‍ തുടങ്ങി.

ഫോട്ടോകള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

TAGS :

Next Story