Quantcast

ശസ്ത്രക്രിയ കഴിഞ്ഞിട്ട് 57 ദിവസം; ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് ബാല

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Jun 2023 6:38 AM GMT

actor bala
X

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ബാല

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ബാല. ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല. സര്‍ജറി കഴിഞ്ഞ് 57-ാം ദിവസമാണ് താരം വര്‍ക്കൗട്ട് തുടങ്ങിയത്.

''ഇതു കഠിനവും അസാധ്യവും വേദന നിറഞ്ഞതുമാണ്. പക്ഷെ എനിക്ക് വിട്ടുകൊടുക്കാനാവില്ല. ഒരിക്കലും തോറ്റുകൊടുക്കില്ല. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞിട്ട് 58 ദിവസം. ദൈവാനുഗ്രഹം' എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ഥ പോരാളി എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്ര പെട്ടെന്ന് വ്യായാമം വേണമായിരുന്നോ ആരാധകര്‍ ചോദിക്കുന്നുണ്ട്. ബാലയുടെ പഴയ ചിത്രങ്ങളും ആരാധകര്‍ പങ്കുവച്ചു.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പാണ് ബാലയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് നടത്തിയത്. സര്‍ജറിക്ക് ശേഷം തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ബാല രംഗത്തെത്തിയിരുന്നു.

ബാലയുടെ വാക്കുകള്‍

പേജില്‍ വന്ന് സംസാരിച്ചിട്ട് രണ്ട് മാസമായി. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കൊണ്ടും ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടും വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ടുപോവുന്നു. എല്ലാവരോടും നന്ദി പറയുന്നു.

ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്നേ​ഹമാണ്. എന്നെ ഇത്രയും പേര് സ്നേഹിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് എന്‍റെ ജന്മദിനത്തിലാണ്(മെയ് നാലിന്). എന്നെ സ്നേ​ഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദൈവത്തിന്‍റെ അനു​ഗ്രഹം.

ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. മുസ്‍ലിം കുട്ടികള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍...എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. ജയിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.

TAGS :

Next Story