വിജയിക്കെതിരായ വിവാഹമോചന ഹരജി സംഗീത പിൻവലിച്ചു; കേസ് ഒത്തുതീര്‍പ്പായെന്ന് വിവരം
ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി.ജോസഫ് വിജയിയും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലായതായി റിപ്പോര്‍ട്ട്. വിജയിക്കെതിരെ നൽകിയ വിവാഹമോചന ഹരജി സംഗീത പിൻവലിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടിക്രമങ്ങളിൽ ഹാജരായ സംഗീത ഹരജി പിൻവലിക്കാനുള്ള കാരണങ്ങൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഹരജി പിൻവലിക്കാനുള്ള കൃത്യമായ കാരണം സംഗീത കോടതിയെ അറിയിച്ചെങ്കിലും പരസ്യപ്പെടുത്തിയിട്ടില്ല.ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
വിജയിയും സംഗീതയും തമ്മിലുള്ള ദാമ്പത്യ തർക്കത്തിൽ ഈ വർഷം പലതവണ കേസ് മാറ്റിവെക്കുകയുണ്ടായി. കഴിഞ്ഞ മാസം, രണ്ടുപേരും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജഡ്ജി കേസ് നടപടികൾ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കേസ് ആഗസ്റ്റ് 7-ലേക്ക് കൂടുതൽ വാദകേൾക്കലിനായി മാറ്റി.
മുൻപത്തെ വാദകേൾക്കലുകളിലും വിജയോ സംഗീതയോ നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. ആ സമയങ്ങളിൽ ഇരുഭാഗത്തിന്റെയും അഭിഭാഷകരാണ് ഹാജരായതും, നേരിട്ട് എത്തുന്നതിലുള്ള ബുദ്ധിമുട്ടുകൾ കോടതിയെ അറിയിച്ചതും. വിവാഹമോചനം വേണമെന്നും ചെന്നൈയിലെ നീലാങ്കരൈയിലുള്ള ദമ്പതികളുടെ വസതിയിൽ താമസിക്കാൻ അനുവദിക്കണമെന്നും ജീവനാംശം വേണമെന്നുമായിരുന്നു സംഗീതയുടെ ആവശ്യം.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് വേളയിലാണ് സംഗീത വിജയിക്കെതിരെ വിവാഹമോചന ഹരജി നൽകുന്നത്. തമിഴിലെ പ്രമുഖ നടിയുമായി വിജയിക്ക് 2021 മുതൽ ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ലംഘിച്ചെന്നുമാണ് സംഗീതയുടെ ആരോപണം. വിജയ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഹരജിയിൽ പറയുന്നു.
പൂവേ ഉനക്കാക എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വിജയ് ഒരു താരമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിൽ 1996ലാണ് വിജയും സംഗീതയും കണ്ടുമുട്ടുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളാണ് സംഗീത. സിനിമകളിലൂടെ വിജയിനോട് ആരാധന തോന്നിയ സംഗീത ഒരിക്കൽ വിജയിനെ കാണാൻ ചെന്നൈയിൽ എത്തുകയായിരുന്നു.
ചെന്നൈയിലെ ഫിലിം സിറ്റിയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. തന്നെ കാണാൻ ലണ്ടനിൽ നിന്ന് ഒരു ആരാധിക എത്തിയിട്ടുണ്ടെന്നറിഞ്ഞ വിജയ് അവരെ ചെന്ന് കണ്ടു. സംഗീതയുടെ ആരാധനയും പെരുമാറ്റവും വിജയിനെ വല്ലാതെ ആകർഷിച്ചു. അന്ന് വൈകുന്നേരം സംഗീതയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാൻ വിജയ് ക്ഷണിച്ചു. വിജയിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കും സംഗീതയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി. പിന്നീട് സംഗീതയോട് നേരിട്ട് അവർ വിവാഹാലോചന നടത്തുകയായിരുന്നു.
വിജയ് ക്രിസ്ത്യൻ മതവിശ്വാസിയും സംഗീത ഹിന്ദു മതവിശ്വാസിയുമായിരുന്നു. എങ്കിലും മതം അവരുടെ പ്രണയത്തിന് തടസമായില്ല. 1999 ആഗസ്ത് 25-ന് ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം അവർ വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം വിജയ് തമിഴകത്തെ സൂപ്പര്‍താരമായി വളര്‍ന്നു. താരത്തിന്‍റെ വസ്ത്രധാരണം മുതൽ കഥകൾ തിരഞ്ഞെടുക്കുന്നതിൽ വരെ സംഗീതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ജേസൺ സഞ്ജയ്, ദിവ്യ എന്നീ മക്കളും ദമ്പതികൾക്കുണ്ട്.
Adjust Story Font
16

