Quantcast

അലന്‍സിയര്‍, ജോജു, സുരാജ് നായകര്‍; 'നാരായണീൻ്റെ മൂന്നാൺ മക്കൾ' ചിത്രീകരണം ആരംഭിച്ചു

കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ തറവാട്ടിലെ നാരായണിയമ്മയുടെ മൂന്നാൺ മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം

MediaOne Logo

Web Desk

  • Updated:

    2022-12-14 14:09:45.0

Published:

14 Dec 2022 2:04 PM GMT

അലന്‍സിയര്‍, ജോജു, സുരാജ് നായകര്‍; നാരായണീൻ്റെ മൂന്നാൺ മക്കൾ ചിത്രീകരണം ആരംഭിച്ചു
X

നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രം 'നാരായണീൻ്റെ മൂന്നാൺ മക്കൾ' ചിത്രീകരണം ആരംഭിച്ചു. ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജമിനി ഫുക്കാൻ നിർമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട് എലത്തൂരിൽ ആണ് ആരംഭിച്ചത്. തികച്ചും ലളിതമായ ചടങ്ങിൽ നിർമാതാവ് ജമിനി ഫുക്കാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ മാതാപിതാക്കളായ പി.വേണുഗോപാൽ, ഉഷാ.കെ.എസ്. എന്നിവർ ഫസ്റ്റ് ക്ലാപ്പ് നൽകി.

കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ തറവാട്ടിലെ നാരായണിയമ്മയുടെ മൂന്നാൺ മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും പൊടി നർമവും ചേർന്ന ഫാമിലി ഡ്രാമയായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

അലന്‍സിയർ ലോപ്പസ്, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ നാരായണീൻ്റെ മൂന്നാൺ മക്കളെ പ്രതിനിധീകരിക്കുന്നത്. സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, സുലോചനാ കുന്നുമ്മൽ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. അപ്പുപ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ്‌-ജ്യോതി സ്വരൂപ് പാന്താ. കലാസംവിധാനം-സെബിൻ തോമസ്. മേക്കപ്പ്-ജിത്തു പയ്യന്നൂർ. വസ്ത്രാലങ്കാരം- ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അസ്‍ലം പുല്ലേപ്പടി. പ്രൊഡക്ഷൻ മാനേജേഴ്സ്-എ.ബി.ജെ.കുര്യൻ, അന്നാ മിർണാ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രതീക് ബാഗി. പ്രൊഡക്ഷൻ കൺട്രോളര്‍-ഡിക്സണ്‍ പൊടുത്താസ്. നിശ്ചല ഛായാഗ്രഹണം-ശ്രീജിത്ത്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.


സംവിധായകന്‍ ശരൺ വേണുഗോപാൽ

കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷൻ കോഴ്സ് പൂർത്തിയാക്കിക്കൊണ്ടാണ് സംവിധായകൻ ശരൺ വേണുഗോപാൽ തൻ്റെ ആദ്യ സംരംഭമായ 'നാരായണീന്‍റെ മൂന്നാൺ മക്കൾ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ചിത്രമായിരുന്ന 'ഒരു പാതിരാ സ്വപ്നത്തിന്' ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു. 37 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ഹൃസ്വ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നാദിയാ മൊയ്തു ആണ്. ദേശീയ പുരസ്കാര നിറവിലാണ് ശരൺ വേണുഗോപാലിന്‍റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്.

TAGS :

Next Story