Quantcast

'ഞാനെന്താ പറഞ്ഞതെന്ന് കേള്‍ക്കാതെ ട്രോളി': ഫിഷ് ഫ്രൈ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന് റിമ കല്ലിങ്കല്‍

"മമ്മൂക്ക നന്‍പകല്‍ ചെയ്യുന്നു, റൊഷാക്ക് ചെയ്യുന്നു. അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉര്‍വശിക്കോ ശോഭനയ്ക്കോ രേവതിക്കോ ആ ചാന്‍സ് കിട്ടുന്നില്ല"

MediaOne Logo

Web Desk

  • Updated:

    2023-04-04 09:23:44.0

Published:

4 April 2023 8:54 AM GMT

actress rima kallingal explains fish fry controversy
X

റിമ കല്ലിങ്കല്‍

വീടുകളിലെ സ്ത്രീ - പുരുഷ വിവേചനം ചൂണ്ടിക്കാട്ടാന്‍ പറഞ്ഞ പൊരിച്ച മീന്‍ ഉദാഹരണത്തിന്‍റെ പേരില്‍ ഒരുപാടുകാലം പരിഹസിക്കപ്പെട്ടിട്ടുണ്ട് നടി റിമ കല്ലിങ്കല്‍. അന്ന് പലരും തന്നെയും മാതാപിതാക്കളെയും ട്രോളി. ആ സംഭവം മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. അന്ന് താന്‍ ശരിക്കും എന്താണ് പറഞ്ഞതെന്ന് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ വിശദീകരിച്ചു.

"ഞാന്‍ എപ്പോഴും പറയണമെന്ന് വിചാരിച്ചിട്ടുണ്ട്. നാല് പേര്‍ ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത് എന്റെ മാതാപിതാക്കളാണ്. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നല്ലോ. എനിക്ക് കിട്ടില്ല എന്നല്ലേ ഞാന്‍ വിചാരിക്കൂ? എന്നാല്‍ അതല്ലായിരുന്നു എന്റെ വീട്. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള സ്‌പേസ് വീട്ടിലുണ്ടായിരുന്നു. ഈ സമൂഹത്തില്‍ തന്നെ വളര്‍ന്നവരാണ് എന്‍റെ അച്ഛനും അമ്മയും. പക്ഷെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതെല്ലാം മാറ്റിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെയിരുന്ന് സംസാരിക്കുന്നത്"- റിമ കല്ലിങ്കല്‍ പറഞ്ഞു.

ആ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അന്ന് താന്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെയാണ് എല്ലാവരും ട്രോള്‍ ചെയ്തതെന്ന് റിമ പറഞ്ഞു- "വേദിയില്‍ വെച്ച് ഞാന്‍ കൃത്യമായി പറഞ്ഞിരുന്നു, ഞാന്‍ എന്‍റെ അമ്മയെ കുറ്റപ്പെടുത്താനല്ല ഫിഷ് ഫ്രൈയുടെ കാര്യം പറയുന്നതെന്ന്. തങ്ങള്‍ക്കായി സംസാരിക്കാന്‍ പോലും പറ്റാത്ത സ്ത്രീകള്‍ക്കു വേണ്ടി കൂടി സംസാരിക്കാനാണ് ഞാന്‍ വന്നതെന്ന്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി എനിക്ക് തന്നിട്ട് എന്റെ അമ്മയാണ് കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ ഞാന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞിരുന്നു. ആളുകള്‍ക്ക് അതൊന്നും കേള്‍ക്കേണ്ടല്ലോ, ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ. അമ്മ ദൈവവിശ്വാസിയാണ്. പക്ഷെ ഞാന്‍ നിരീശ്വരവാദിയാണ്. എന്‍റെ വീട്ടുകാര്‍ അത്തരം കാര്യങ്ങളിലൊന്നും നിര്‍ബന്ധിച്ചിട്ടില്ല"- റിമ പറഞ്ഞു.

കരിയറില്‍ വന്ന ഗ്യാപ്പിനെ കുറിച്ചും റിമ പറഞ്ഞു- "ഏഴെട്ടു വര്‍ഷം നിറയെ സിനിമകള്‍ കാരണം മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. ഏഴു സുന്ദരരാത്രികള്‍ ഷൂട്ട് ചെയ്യുമ്പോള്‍ വിവാഹം തീരുമാനിച്ചിരുന്നു. മെഹന്തി പാര്‍ട്ടിയ്ക്കിട്ട മൈലാഞ്ചി മേയ്ക്കപ്പ് കൊണ്ടു മറച്ച് അഭിനയിക്കാന്‍ പോയിട്ടുണ്ട്. ഒരു അഭിനേതാവ് സ്വയം റിഫൈന്‍ ചെയ്തുകൊണ്ടിരിക്കുന്ന ആളാണ്. മമ്മൂക്ക നന്‍പകല്‍ ചെയ്യുന്നു, റൊഷാക്ക് ചെയ്യുന്നു. അത് ഭയങ്കര പ്രചോദനമാണ്. പക്ഷേ ഉര്‍വശിക്കോ ശോഭനയ്ക്കോ രേവതിക്കോ ആ ചാന്‍സ് കിട്ടുന്നില്ല. എന്താണ് പരിഹാരമെന്ന് എനിക്ക് അറിയില്ല. കല്യാണത്തോടെ പെട്ടെന്ന് ഞാന്‍ ഒരു സ്പെയ്സിലേക്ക് ബോക്സ് ചെയ്യപ്പെട്ട പോലെ തോന്നി, ഇനി റിമയുടെ പടങ്ങള്‍ ഒപിഎം (ആഷിഖ് അബുവിന്‍റെ പ്രൊഡക്ഷന്‍ ഹൌസ്) നിര്‍മിക്കട്ടെ എന്ന തരത്തില്‍. എന്‍റെ സ്പിരിറ്റിനെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ കാര്യമില്ല. ഞാന്‍ പോരാടുക തന്നെ ചെയ്യും. എന്നാല്‍ ശരിക്കും എനിക്ക് ഫൈറ്റ് ചെയ്യുകയല്ല ജോലി ചെയ്യുകയാണ് വേണ്ടത്"- റിമ പറഞ്ഞു. സ്ത്രീകളുടെ സങ്കടങ്ങളുണ്ട്. അത് മാനസികമായി ബാധിക്കും. അതുകൊണ്ടാണല്ലോ ഡല്‍ഹിയിലുണ്ടായ പീഡന കേസ് പോലും നമ്മളെ മാസങ്ങളോളം ബാധിക്കുന്നതെന്നും റിമ പറഞ്ഞു.






TAGS :

Next Story