Quantcast

'അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്‌തേക്കും എന്ന് ഭയപ്പെട്ടിരുന്നു, 49 ദിവസത്തെ ജയില്‍ വാസം കൊണ്ട് പലതും പഠിച്ചു'; ശാലു മേനോൻ

അഭിനയരംഗത്തും നൃത്തരംഗത്തും വീണ്ടും സജീവമായി തുടങ്ങിയ ശാലു പഴയ തിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2023-07-12 12:45:03.0

Published:

12 July 2023 12:37 PM GMT

shalu menon
X

മിനി സ്‌ക്രീനില്‍ ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയ ശാലു മേനോന്‍ ബിഗ് സ്‌ക്രീനിലും ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങിയിരുന്നു. എന്നാല്‍ നടിയുടെ ജീവിതം കീഴ്‌മേല്‍ മറിച്ച ഒന്നായിരുന്നു സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍. ഇതിന്റെ പേരില്‍ ജയില്‍വാസവും ശാലുവിന് അനുഭവിക്കേണ്ടി വന്നിരുന്നു.

വിവാദങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്ന താരം പതിയെ സ്വന്തം ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്. അഭിനയരംഗത്തും നൃത്തരംഗത്തും വീണ്ടും സജീവമായി തുടങ്ങിയ ശാലു പഴയ തിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ പ്രതിസന്ധി കാലത്തെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഗൃഹലക്ഷ്മിയോട് പങ്ക് വെച്ചതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

തന്റെ ജീവിതത്തില്‍ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സ്ത്രീയെന്ന നിലയില്‍ കലാപരമായി എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും സമൂഹം നമ്മളെ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലാകും എന്ന് ശാലു പറയുന്നു. സത്യം മനസിലാക്കാതെ ആരേയും ആക്ഷേപിക്കരുത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവിച്ചതൊന്നും തന്നെ തളര്‍ത്തിയില്ല എന്നും അവർ പറഞ്ഞു.

'1997 എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. അച്ഛനുള്‍പ്പെടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു മനുഷ്യരെ എനിക്ക് നഷ്ടപ്പെട്ടത് ആ വര്‍ഷമാണ്. ആദ്യത്തെ മരണം അപ്പൂപ്പന്റേത് മൂന്നുമാസം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി. വിദേശത്തായിരുന്നു ജോലി. അവിടെ നിന്നു മടങ്ങിവന്നശേഷമായിരുന്നു മരണം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്റെ അമ്മ മരിച്ചു'.

'സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ പല തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുത്. താൻ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും എന്നെ ഇതിലേക്ക് വലിച്ചിഴച്ചു' എന്നും ശാലു പറയുന്നു.

'അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്‌തേക്കും എന്ന് ഭയപ്പെട്ടിരുന്നു. ചെറുപ്പക്കാരി, ആ പ്രശ്‌നത്തിന്റെ വ്യാപ്തി അതൊക്കെയായിരുന്നു ആ ഭയത്തിന്റെ കാരണം. എന്നാല്‍ തുടക്കത്തിലെ പരിഭ്രമത്തിന് ശേഷം എനിക്ക് ധൈര്യം കൈവന്നു. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്നതായിരുന്നു തന്റെ പ്രകൃതമെന്നും അതാണ് ദോഷം ചെയ്തതെന്നും' ശാലു പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ താന്‍ ബോള്‍ഡാണ്. മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞെന്നും താരം വ്യക്തമാക്കി. ജയിലിലെ ജീവിതം തന്റെ ജീവിതം വലിയ രീതിയില്‍ പാകപ്പെടുത്തിയിട്ടുണ്ടെന്നും ശാലു പറഞ്ഞു. 49 ദിവസത്തെ ജയില്‍ വാസം കൊണ്ട് പലതും പഠിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എല്ലാം തിരിച്ചുപിടിക്കണം എന്ന വാശിയായിരുന്നു ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

'തിരിച്ചുവരവില്‍ ആരും എന്നെ കുറ്റപ്പെടുത്തിയില്ല. പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല അപ്പോള്‍ പിന്നെന്തിന് വിഷമിക്കണം. തളര്‍ന്ന് പോകുമെന്ന ഘട്ടത്തില്‍ അമ്മയും അമ്മൂമ്മയും കൂടെ നിന്നെന്നും അത് വലിയ പിന്തുണയായിരുന്നു അവർ പറഞ്ഞു.

ഏറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്‌നത്തിന്റെ പണിപ്പുരയിലാണ് ശാലു ഇപ്പോള്‍. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ യഥാര്‍ഥ കഥ ഉള്‍പ്പെടുത്തിയ ഡാന്‍സ് തിയേറ്റര്‍. സെപ്റ്റംബര്‍ അവസാനത്തോടെ തന്റെ സ്വപ്‌നം പൂര്‍ത്തിയാകും. അങ്ങനെ ജീവിതം അടിപൊളിയായി ഒഴുകുന്നു എന്നും ശാലു മേനോൻ പറഞ്ഞു.

TAGS :

Next Story